പ്രമേഹരോഗികളും പ്രമേഹത്തെ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ
നമ്മുടെ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ധർമങ്ങൾ നിർവഹിക്കുന്ന അവയവങ്ങളിലൊന്നാണ് കരൾ. ശരീരത്തിനുള്ളിലെ വിഷാംശങ്ങളെ പുറന്തള്ളുകയും നിർണായകമായ ജൈവരാസപ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നുണ്ട് ഈ അവയവം. എന്നാൽ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് നിയന്ത്രിക്കുന്നതിലും കരളിന് പങ്കുണ്ടെന്ന കാര്യം പലർക്കും അറിയില്ല.
ഓരോ കോശത്തിനും ആവശ്യമായ ഊർജ േസ്രാതസ്സാണ് ഗ്ലൂക്കോസ്. ഈ ഗ്ലൂക്കോസ് കൃത്യമായ അളവിൽ ലഭിക്കുന്നുണ്ടെന്നുറപ്പാക്കുന്നതിൽ കരളിന് വലിയ പങ്കുണ്ട്. ആരോഗ്യത്തോടെയുള്ള ജീവിതശൈലി ശീലമാക്കാൻ ആഗ്രഹിക്കുന്നവർ രക്തത്തിലെ ഗ്ലൂക്കോസും കരളും തമ്മിലുള്ള ഈ ബന്ധം അറിഞ്ഞിരിക്കണം.
കരളിനെ ബാധിക്കുന്ന നീർവീക്കമായ ഹെപ്പറ്റൈറ്റിസ് ബാധിച്ചു കഴിഞ്ഞാൽ കരളിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്താനുള്ള ശേഷി കുറയും. പ്രമേഹരോഗികളിലും പ്രമേഹമുണ്ടാകാൻ സാധ്യതയുള്ള രോഗികളിലും ഇത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. വൈറസ് ബാധയാൽ ഉണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങൾ പിടിപെട്ടാലും കരളിന് ഗ്ലൂക്കോസ് നിർമിക്കാനാവില്ല. അതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിത്തുടങ്ങും. ഹെപ്പറ്റൈറ്റിസ് ഗുരുതരമായാൽ ഇൻസുലിൻ പ്രതിരോധത്തിലേക്ക് ശരീരത്തെ എത്തിക്കും. ആ അവസ്ഥയിലെത്തിക്കഴിഞ്ഞാൽ പിന്നീട് പ്രമേഹം നിയന്ത്രിക്കുന്നത് ഏറെ ബുദ്ധിമുട്ടാകും.
ഗ്ലൂക്കോനിയോജെനെസിസ് എന്ന പ്രക്രിയയിലൂടെയാണ് കരൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നത്. അന്നജം അഥവാ കാർബോഹൈേഡ്രറ്റ് അല്ലാത്ത ചില ഉൗർജേസ്രാതസ്സുകളുണ്ട്. അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും അവയിൽ ചിലതാണ്. ഈ ആസിഡുകളെയാണ് കരൾ ഗ്ലൂക്കോസ് ആക്കി മാറ്റി രക്തത്തിലേക്ക് അയക്കുന്നത്. ഇനി, ഗ്ലൂക്കോസിന്റെ അളവ് അമിതമായാൽ കരൾ അത് പിന്നീടുള്ള ആവശ്യങ്ങൾക്കുവേണ്ടി ശേഖരിച്ചുവെക്കും. ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ എന്ന പദാർഥമാക്കിയാണ് കരളിൽ സൂക്ഷിക്കുന്നത്.
ടൈപ്പ് 2 പ്രമേഹരോഗികളിൽ സാധാരണയായി കണ്ടുവരുന്ന കരൾ രോഗങ്ങളാണ് ഫാറ്റി ലിവറും ഫൈേബ്രാസിസും. പ്രമേഹത്തെ നിയന്ത്രിക്കാൻ മാത്രമല്ല, കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചേ മതിയാകൂ. പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചാൽ പ്രമേഹത്തെ പ്രതിരോധിക്കാനും കരളിനെ സംരക്ഷിക്കാനും കഴിയും.
ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്നതാണ് പ്രമേഹത്തെ ചെറുക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം. അതിൽ ഏറ്റവും പ്രധാനം നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ (പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ) കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാൻ കഴിയും. വ്യായാമം ചെയ്യുന്നതും നല്ല ശീലമാണ്. നമ്മൾ വ്യായാമം ചെയ്യുമ്പോൾ ഊർജത്തിനുവേണ്ടി ശരീരം കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കും. അങ്ങനെ ഇൻസുലിൻ സെൻസിറ്റിവിറ്റി വീണ്ടെടുക്കാനും നമുക്ക് കഴിയും. ഇതാണ് ഇൻസുലിൻ പ്രതിരോധത്തിന്റെ പരിഹാരം.
രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിച്ചെങ്കിൽ മാത്രമേ ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയൂ. അതിനാൽ ഗ്ലൂക്കോസും കരളും തമ്മിലുള്ള ബന്ധം മനസ്സിലാക്കിവേണം ജീവിതശൈലി ചിട്ടപ്പെടുത്താൻ. പോഷകസമ്പന്നമായ ഭക്ഷണശീലങ്ങളും വ്യായാമവും നിത്യജീവിതത്തിന്റെ ഭാഗമാക്കിയാൽതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അതുവഴി രോഗങ്ങളെ ചെറുത്ത് ആരോഗ്യത്തോടെ ജീവിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.