ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്‍റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സും കേരളത്തിലെ കോളജ് പൂർവ്വവിദ്യാർത്ഥികളുടെ സംയുക്ത സംരംഭമായ അക്കാഫും ചേർന്ന് കാൻസർ അവബോധം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വെബിനാർ വ്യാഴാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 3.30 മുതൽ അഞ്ച് വരെയാണ് (യു.എ.ഇയിൽ രണ്ട് മുതൽ 3.30 വരെ) വെബിനാർ.
കാൻസറിനെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുകയും അതുവഴി രോഗം നിർമ്മാർജ്ജനം ചെയ്യുകയുമാണ് ലക്ഷ്യം. കാൻസർ ലക്ഷണങ്ങൾ, കാരണങ്ങൾ, നിയന്ത്രണ ഉപാധികൾ, വിവിധചികിത്സാരീതികൾ തുടങ്ങിയവയെ കുറിച്ചുള്ള സെഷനുകളും സംശയങ്ങൾക്കുള്ള മറുപടിയും ലഭിക്കും. മുൻകൂട്ടി കണ്ടെത്തുന്നത് വഴി കാൻസറിൽ നിന്ന് രക്ഷനേടാനുള്ള മാർഗങ്ങളും വിശദമാക്കും.
സീനിയർ കൻസൾട്ടന്‍റും ആസ്റ്റർ മിംസ് കോഴിക്കോട് ന്യൂറോ സർജറി വിഭാഗം തലവനുമായ ഡോ. ജേക്കബ് ആലപ്പാട്ട് ബ്രെയിൻ ട്യൂമറുകളെപ്പറ്റി സംസാരിക്കും. ആസ്റ്റർ മിംസ് കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ ആശുപത്രികളിലെ ശിശുരോഗവിഭാഗത്തിൽ രക്താർബുധ ക്യാൻസർ കൻസർട്ടന്‍റായി സേവനം അനുഷ്ഠിക്കുന്ന ഡോ. കേശവൻ, കുട്ടികളിലെ ക്യാൻസറുകളെപ്പറ്റി വിശദമാക്കും. മെഡ് കെയർ ഹോസ്പിറ്റൽ ഷാർജയിലും ദുബൈയിലും ജനറൽ സർജൻ ആയി സേവനം അനുഷ്ഠിക്കുന്ന ഡോ. ഗീത കർബീത് പൈ, തൈറോയിഡ് ക്യാൻസറിനെക്കുറിച്ച് ബോധവത്കരിക്കും. ആസ്റ്റർ മെഡിസിറ്റി കൊച്ചിയിലെ യൂറോളജി വിഭാഗം കൻസർട്ടന്‍റായി സേവനം അനുഷ്ഠിക്കുന്ന ഡോ. ടി.എ. കിഷോർ മുതിർന്ന പുരുഷൻമാരെ ബാധിക്കുന്ന പ്രോസ്റ്റേറ്റ് ക്യാൻസർ എന്ന ശാന്തനായ കൊലയാളിയെപ്പറ്റിയായിരിക്കും സംസാരിക്കുക.
ദുബൈ ഖിസൈസിലെ ആസ്റ്റർ ഹോസ്പ്പിറ്റലിൽ ക്യാൻസർ ശത്രക്രിയയിൽ കൻസർട്ടന്‍റായ ഡോ. ശിവ പ്രസാദ് രത്നസ്വാമി സ്ത്രീകളെ ഏറെ ബാധിക്കുന്ന സ്തനാർബുദത്തെയും മറ്റിതര അർബുദങ്ങളെയും അവയിൽനിന്നുള്ള മോചനത്തെ കുറിച്ചും വിവരിക്കും. ബംഗളൂരു ആസ്ഥാനമായ ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിലെ ലിവർ രോഗ വിഭാഗത്തിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ലീഡ് കൻസർട്ടന്‍റായ ഡോ. സോനൽ അസ്ഥാന 'ലിവർ ക്യാൻസർ മുൻകാലങ്ങളിലും ഇന്നും' വിഷയത്തിൽ ചർച്ച നടത്തും. ഡോ. സ്ഫടീകാ പ്രകാശ്, അക്കാഫ് സാരഥികളായ അന്നു പ്രമോദ്, അനൂപ് അനിൽ ദേവൻ എന്നിവർ ചർച്ച നിയന്ത്രിക്കും. സൂം പ്ലാറ്റ്ഫോമിലൂടെ ഇവന്‍റ് ഐഡി നമ്പറായ 85341688317 നൽകി സൗജന്യമായി വെബിനാറിൽ പങ്കെടുക്കാം.
അക്കാഫ് സജീവ പ്രവർത്തകനും അകാലത്തിൽ പൊലിഞ്ഞു പോയ സേവന പ്രവർത്തകനുമായ അഷറഫിന്‍റെ ഓർമ്മ വർഷത്തിൽ, അത്തരം വേദനാജനകമായ അവസ്ഥ മറ്റുള്ളവർക്ക് ഉണ്ടാകുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ ആസ്റ്റർ വളണ്ടിയേർസിന്‍റെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.