ന്യൂഡൽഹി: ഇൻഫ്ലുവൻസ എ, ബി, സാർസ് കോവ് 2 എന്നിവ ഒരുമിച്ച് കണ്ടെത്താനുള്ള പരിശോധനാ കിറ്റ് രൂപപ്പെടുത്തി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി. താത്പര്യമുള്ള കമ്പനികൾക്ക് ഇത് വ്യാപകമായി വിപണിയിലിറക്കാമെന്നും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
മൾട്ടിപ്പിൾ സിംഗിൾ ട്യൂബ് റിയൽ ടൈം ആർ.ടി.പി.സി.ആർ പരിശോധന കിറ്റാണിത്. ഇൻഫ്ലുവൻസ എ, ബി, കോവിഡ് 19 എന്നിവ ഒരുമിച്ച് കണ്ടെത്താനുള്ള സംവിധാനമാണെന്നും പുനെ എൻ.ഐ.വിയിലെ ഇൻഫ്ലുവൻസ ഡിവിഷൻ മേധാവി ഡോ. വർഷ പോട്ദാർ പറഞ്ഞു.
രോഗിയിൽ നിന്ന് ഒരു സാമ്പിൾ മാത്രം സ്വീകരിച്ച് മൂന്ന് രോഗങ്ങൾ പരിശോധിക്കാവുന്നത് സമയലാഭമുണ്ടാക്കുന്നതാണ്. കൂടാതെ വളരെ എളുപ്പത്തിൽ രോഗങ്ങൾ കൃത്യമായി തന്നെ തിരിച്ചറിയാനും ഈ സംവിധാനം കൊണ്ട് സാധിക്കുമെന്ന് ഡോ. വർഷ പറഞ്ഞു.
കോവിഡ് കാലത്തെ പരിശോധന പോലെ തന്നെ മൂക്കിലേയും വായിലെയും സ്രവങ്ങളാണ് പരിശോധിക്കുക.
പരിശോധനാ കിറ്റുകൾ നിർമിക്കാനുള്ള ലൈസൻസ് ലഭിക്കാൻ ജൂൺ 14 വരെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ കമ്പനികൾക്ക് സമീപിക്കാം. ലഭിച്ച അപേക്ഷകളിൽ നിന്ന് മികച്ച കമ്പനികളെ കണ്ടെത്തി ലൈസൻസ് കൈമാറുമെന്നും ഡോ. വർഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.