വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ: അറിയേണ്ടതെല്ലാം ഇതാ, ഇങ്ങനെ...

മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട വിസര്‍ജന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ മാലിന്യങ്ങളെയും അമിത ജലാംശത്തെയും മൂത്രത്തിലൂടെ പുറന്തള്ളുകയും രക്തത്തിലെ ലവണങ്ങളുടെയും അമ്ലങ്ങളുടെയും സന്തുലനം ഉറപ്പുവരുത്തുകയും ചെയ്യുന്നത് വൃക്കകളാണ്. പലതരം രോഗങ്ങള്‍ വൃക്കകളെ വൃക്കസ്തംഭനം എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ശാശ്വതമായ വൃക്കസ്തംഭനം (Chronic Kidney Failure) ഉള്ള ഒരു വ്യക്തിയുടെ വൃക്കകളുടെ പ്രവര്‍ത്തനം 15 ശതമാനത്തിനു താഴെയായാല്‍, ആ അവസ്ഥയെ അന്ത്യസ്ഥിതിയിലായ വൃക്കസ്തംഭനം (End stage kidney failure) എന്നു വിളിക്കുന്നു.

അന്ത്യസ്ഥിതിയിലായ വൃക്കസ്തംഭനത്തിനുള്ള ചികിത്സാരീതികള്‍ ഡയാലിസിസും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമാണ്. ഈ രണ്ടു ചികിത്സാരീതികള്‍ താരതമ്യം ചെയ്താല്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് അഭികാമ്യം; ഇതിന് രണ്ടു കാരണങ്ങളാണുള്ളത്. ഈ ശസ്ത്രക്രിയ കഴിഞ്ഞശേഷം വൃക്കയുടെ പ്രവര്‍ത്തനം സാധാരണരീതിയിലായാല്‍ വ്യക്തിയുടെ ജീവിത ഗുണനിലവാരം (quality of life) വളരെ മെച്ചപ്പെട്ടതാകുന്നു. ഡയാലിസിസ് ജീവിതകാലം മുഴുവന്‍ ചെയ്യേണ്ട ചികിത്സയായതിനാല്‍ ഈ ചികിത്സക്കാകും ആകെയുള്ള ചെലവ് കൂടുതൽ. കുട്ടികളില്‍ വൃക്കസ്തംഭനംമൂലം ശരീരവളര്‍ച്ച മുരടിക്കും. വൃക്ക മാറ്റിവെച്ചാല്‍ കുട്ടികളിലെ വളര്‍ച്ച പുനഃസ്ഥാപിക്കാൻ സാധിക്കും.

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകൾ പലതരം:

1. റോബോട്ടിന്റെ സഹായത്തോടെ ചെയ്യുന്ന ശസ്ത്രക്രിയ (Robot assisted kidney transplantation) മേന്മകൾ:

-ചെറിയ മുറിവിലൂടെ സങ്കീർണമായ ശസ്ത്രക്രിയ നടത്തുവാന്‍ കഴിയുന്നു.

-രക്തസ്രാവം വളരെ കുറയും

-രോഗിക്കു വേദനയും അണുബാധയും ആശുപത്രിവാസവും കുറയും.

-വയറിനകത്തുള്ള അവയവങ്ങളും രക്തക്കുഴലുകളും വലുതായി കാണുവാന്‍ ശസ്ത്രക്രിയാവിദഗ്ധനു കഴിയുന്നു.

-മുറിവും തുന്നലും വളരെ കൃത്യവും സൂക്ഷ്മവുമാകും.

-ശസ്ത്രക്രിയാ വിദഗ്ധന് ഇരിപ്പിടത്തില്‍ ഇരുന്നു കൈവിറയല്‍ കുടാതെ ശസ്ത്രക്രിയ നടത്തുവാന്‍ സാധിക്കുന്നു. വളരെ സങ്കീർണമായ കൂടുതല്‍ സമയമെടുക്കുന്ന ശസ്ത്രക്രിയകള്‍ ചെയ്യുമ്പോള്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ക്ഷീണിതനാവാതിരിക്കുവാന്‍ ഇതുപകരിക്കുന്നു.

2. രക്തഗ്രൂപ്പുകളുടെ ചേര്‍ച്ചക്കതീതമായുള്ള വൃക്ക മാറ്റിവെക്കല്‍ (ABO incompatible kidney transplantation)

വൃക്കദാതാവും വൃക്കസ്വീകര്‍ത്താവും (രോഗി) തമ്മില്‍ രക്തഗ്രൂപ്പുകളുടെ അനുയോജ്യത അനിവാര്യമാണെന്നാണ് കഴിഞ്ഞ കാലങ്ങളില്‍ വിശ്വസിച്ചിരുന്നത്. രോഗിയുടെ രക്തഗ്രൂപ്പ് 'A' ആണെങ്കില്‍ ദാതാവിനു 'A' അല്ലെങ്കില്‍ 'O' ഗ്രൂപ്പായിരിക്കണം; രോഗി 'B' ഗ്രൂപ്പാണെങ്കില്‍ ദാതാവ് 'B'യോ 'O'യോ ആയിരിക്കണം; രോഗി 'O' ആണെങ്കില്‍ ദാതാവ് 'O' തന്നെ ആകണം, 'AB' ഗ്രൂപ്പുള്ള രോഗിക്ക് ഏതു ഗ്രൂപ്പും ചേരും.

നമ്മുടെ രാജ്യത്ത് ഒരുവര്‍ഷത്തില്‍ ഒന്നര ലക്ഷത്തിലധികം രോഗികള്‍ക്കു വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുന്നു. എന്നാല്‍, കേവലം 7500 രോഗികള്‍ക്കു മാത്രമേ ഈ ഭാഗ്യം ലഭിക്കുന്നുള്ളൂ. രോഗിയുടെ അടുത്ത ബന്ധുക്കള്‍ വൃക്ക ദാനം ചെയ്യുവാന്‍ അനുയോജ്യരും സന്നദ്ധരുമാണെങ്കിലും പലപ്പോഴും രക്തഗ്രൂപ്പുകള്‍ യോജിക്കാറില്ല.

എന്നാല്‍, വര്‍ഷം 2022ല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി കാരണം രക്തഗ്രൂപ്പിന്റെ യോജിപ്പിനതീതമായി വൃക്കമാറ്റിവെക്കല്‍ വിജയകരമായി ചെയ്യാന്‍ സാധ്യമാണ്. ചില വിദേശ രാജ്യങ്ങളില്‍ ഏകദേശം 30 ശതമാനം വൃക്കമാറ്റി വെക്കല്‍ ശസ്ത്രക്രിയകളും രക്തഗ്രൂപ്പുകളുടെ യോജിപ്പില്ലാതെയാണു ചെയ്യുന്നത്. നമ്മുടെ രാജ്യത്തും മികച്ച ആശുപത്രികളില്‍ ഈ ശസ്ത്രക്രിയ ചെയ്തുവരുന്നു.

3. ചെറിയ കുട്ടികളിലുള്ള വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ

വൃക്കകളിലും മൂത്രനാളിയിലുമുള്ള ജന്മനാലുള്ള വൈകല്യങ്ങളും ജനിതക രോഗങ്ങളുമാണ് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍. ഗ്ലോമറൂളോനെഫ്രൈറ്റിസ് (glomerulonephritis) എന്ന രോഗസമുച്ചയം, വൃക്കകളില്‍ കല്ലുകളുണ്ടാക്കുന്ന ജനിതകരോഗങ്ങള്‍ എന്നിവയും കാരണങ്ങളാണ്. ആദ്യകാലങ്ങളില്‍ മരുന്നുകള്‍കൊണ്ടും ഭക്ഷണ ക്രമീകരണങ്ങള്‍കൊണ്ടും ചികിത്സ നടത്താം. എന്നാല്‍, അന്ത്യസ്ഥിതിയിലായ വൃക്കസ്തംഭനം ഉള്ള കുട്ടികള്‍ക്കു ഡയാലിസിസും വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയും ചെയ്യേണ്ടിവരുന്നു. കുട്ടികളില്‍ ഡയാലിസിസ് എളുപ്പമല്ല. അതിനാല്‍ പലപ്പോഴും കുട്ടികളില്‍ വൃക്കസ്തംഭനം അന്ത്യസ്ഥിതിയിലാവുന്നതിനു മുമ്പ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്യാറുണ്ട് (Preemptive Transplant). വൃക്കസ്തംഭനമുള്ള കുട്ടികളില്‍ വളര്‍ച്ച മുരടിക്കുകയും എല്ലുകള്‍ക്കു ബലക്ഷയവും വളവുമുണ്ടാക്കുന്നു. മാത്രമല്ല, ബുദ്ധിവികാസ​െത്തയും ബാധിക്കുന്നു. ഇതിനെല്ലാം ഏക പ്രതിവിധി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ്.

മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ഈ ശസ്ത്രക്രിയ സങ്കീര്‍ണമാണ്. പ്രധാനമായും നാലു കാര്യങ്ങളാണ് പ്രയാസങ്ങളുണ്ടാക്കുന്നത്:

1. മുതിര്‍ന്ന ബന്ധുവിന്റെ വൃക്കവെക്കാന്‍ കുട്ടിയുടെ വയറ്റിനകത്തുള്ള സ്ഥലപരിമിതി

2. കുട്ടികളുടെ രക്തക്കുഴലുകള്‍ വലുപ്പം കുറഞ്ഞതായതിനാല്‍ പുതിയ വൃക്ക തുന്നിപ്പിടിപ്പിക്കാനുള്ള വിഷമം

3. കുട്ടിയുടെ രക്തസമ്മർദം പലപ്പോഴും പുതിയ വൃക്കയ്ക്ക് മതിയാവില്ല

4. കുട്ടിയുടെ ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറവായതിനാല്‍ മാറ്റിവെച്ച വൃക്കയ്ക്ക് ആവശ്യത്തിന് രക്തം ലഭിക്കാതിരിക്കല്‍

വിഷമതകള്‍ ഉണ്ടെങ്കിലും പരിചയ സമ്പത്തുള്ള ശസ്ത്രക്രിയാവിദഗ്ധനും വൃക്കരോഗവിദഗ്ധനും തീവ്രപരിചരണത്തിനുള്ള സൗകര്യങ്ങളും ആധുനിക ഓപറേഷന്‍ തിയറ്ററുമുള്ള ആശുപത്രികളില്‍ ഈ ശസ്ത്രക്രിയ വിജയകരമായി ചെയ്യുവാന്‍ സാധ്യമാണ്. അന്ത്യസ്ഥിതിയിലായ വൃക്കസ്തംഭനമുള്ള കുട്ടികള്‍ക്കു മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് അഭികാമ്യം. വിജയകരമായ ശസ്ത്രക്രിയക്കുശേഷം വൃക്കയുടെ പ്രവര്‍ത്തനം സാധാരണ രീതിയിലായാല്‍ ഈ കുട്ടികള്‍ക്കു മാനസികവും ശാരീരികവുമായ വളര്‍ച്ചയുണ്ടാകുന്നു. ഈ കുട്ടികളുടെ വിദ്യാഭ്യാസം സാധാരണ കുട്ടികളെപ്പോലെയാകും. ആസ്റ്റർ മെഡിസിറ്റിയില്‍ ഇതുവരെ വിജയകരമായി നടത്തിയ 300 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകളില്‍ 180 എണ്ണം റോബോട്ട് ഉപയോഗിച്ചാണ് ചെയ്തത്. കുട്ടികളില്‍ വളരെ വിജയകരമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്തുവരുന്നു. രക്തഗ്രൂപ്പിനതീതമായ വൃക്കമാറ്റിവെക്കല്‍ ചെയ്യുന്ന കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ ഒന്നുകൂടിയാണ് ഈ സ്ഥാപനം.

എഴുത്ത്: ഡോ. വി.എൻ. ഉണ്ണി Senior Consultant Nephrologist  Aster Medcity, Kochi

Tags:    
News Summary - Kidney transplant surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.