കോട്ടയം: ജില്ല ആയുർവേദ ആശുപത്രിയിലെ ചികിത്സ സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാലാനുസൃത നവീകരണം ലക്ഷ്യമാക്കി വികസന പദ്ധതികളുമായി ജില്ല പഞ്ചായത്ത്. ആശുപത്രിയിൽ നിലവിലെ ആരോഗ്യസുരക്ഷ പദ്ധതികൾക്ക് പുറമെയാണ് നടപ്പ് വാർഷിക പദ്ധതിയിലൂടെ അഞ്ചു സവിശേഷ പദ്ധതികൾ കൂടി നടപ്പാക്കുന്നത്. ജീവിതശൈലീ രോഗ ചികിത്സയും പ്രതിരോധവും ലക്ഷ്യമാക്കി ‘ജീവനി’ പദ്ധതി, സ്കൂൾ വിദ്യാർഥികളിലെ അലർജി മൂലമുള്ള നേത്രാഭിഷ്യന്ദ ചികിത്സ പ്രതിരോധ പദ്ധതിയായ ‘പ്രകാശി’, ലഹരി ഉപയോഗ ചികിത്സയും പ്രതിരോധവും ലക്ഷ്യമാക്കി ‘മനസ്വീ’, യോഗ പരിശീലന പദ്ധതിയായ ‘പ്രശോഭി’, സ്കോളിയോസിസ് ബോധവത്കരണ പദ്ധതിയായ ‘തന്വീ’ തുടങ്ങിയ പദ്ധതികളാണ് ജില്ല പഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്നത്.
10 ലക്ഷം രൂപയാണ് പദ്ധതികൾക്കായി വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ല ആയുർവേദ ആശുപത്രിയിൽ ബോധവത്കരണ ക്ലാസുകളും സൗജന്യ ചികിത്സ സൗകര്യങ്ങളും അവശ്യമരുന്നുകളും ലഭ്യമാക്കും. യോഗ പരിശീലനപദ്ധതിയായ ‘പ്രശോഭി’ മുഖാന്തരം കൗമാരക്കാരായ സ്കൂൾ വിദ്യാർഥികളുടെ ആർത്തവ സംബന്ധമായ ശാക്തീകരണത്തിനും വയോജനങ്ങളുടെ കർമശക്തി സംരക്ഷിക്കാനായി സൗജന്യ യോഗ പരിശീലനവും പദ്ധതിയിലൂടെ നടപ്പാക്കും.കാലോചിതമായ പരിഷ്കരണങ്ങളിലൂടെ ജില്ല ആയുർവേദ ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങളാണ് ജില്ല പഞ്ചായത്ത് നടപ്പാക്കുന്നതെന്നും നവകേരളം വിഭാവനം ചെയ്യുന്ന മാലിന്യനിർമാർജനം, സാന്ത്വന പരിചരണം എന്നിവക്ക് പ്രഥമ പരിഗണന നൽകിയാണ് മുന്നോട്ടുപോകുന്നതെന്നും പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.