കോഴിക്കോട്: മലബാറിലെ ആദ്യത്തെ എ.ബി.ഒ-ഇൻകോംപാറ്റിബിൾ (വ്യത്യസ്ഥ രക്തഗ്രൂപ്പ്) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് മേയ്ത്ര ആശുപത്രി. തിരുവനന്തപുരത്ത് നിന്നുള്ള 42 വയസ്സുള്ള രോഗിക്ക് കുടുംബത്തിൽ രക്തഗ്രൂപ്പ് പൊരുത്തപ്പെടുന്ന ദാതാവ് ഇല്ലാത്ത സാഹചര്യത്തിൽ, വ്യത്യസ്ത രക്തഗ്രൂപ്പുള്ള അദ്ദേഹത്തിന്റെ ഭാര്യയാണ് കരൾ ദാനം ചെയ്തത്.
പൊതുവെ അതിസങ്കീർണമായി കണക്കാക്കപ്പെടുന്ന എ.ബി.ഒ-ഇൻകോംപാറ്റിബിൾ ട്രാൻസ്പ്ലാൻറിന്, ശസ്ത്രക്രിയയ്ക്ക് ആഴ്ചകൾ മുമ്പ് രോഗപ്രതിരോധ സംവിധാനം തയ്യാറാക്കുന്ന പ്രത്യേക ചികിത്സകൾ ആവശ്യമാണ്. പ്ലാസ്മാഫെറെസിസ്, ഇമ്യൂണോസപ്രസ്സീവ് മരുന്നുകൾ എന്നിവയുടെ സഹായത്തോടെ രോഗിയുടെ ശരീരത്തിൽ നിന്ന് ആന്റിബോഡികളെ നീക്കംചെയ്യുകയും മാറ്റിവയ്ക്കപ്പെട്ട കരളിനെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.
രക്തഗ്രൂപ്പ് പൊരുത്തപ്പെടുന്ന ദാതാവിന്റെ അഭാവം ഇനി കരൾ മാറ്റിവയ്ക്കലിന് ഒരു തടസ്സമല്ല എന്നാണ് ഡോ. കെ. മുഹമ്മദ്, (മേയ്ത്ര ആശുപത്രിയിലെ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സയൻസ് വിഭാഗം മേധാവി) പ്രതികരിച്ചത്. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള ഇമ്യൂണോ-മോഡുലേഷൻ നടപടികൾ ശരിയായി നടത്തുന്നതിലൂടെ സുരക്ഷിതമായി എ.ബി.ഒ-ഇൻകോംപാറ്റിബിൾ ട്രാൻസ്പ്ലാൻറുകൾ നടപ്പിലാക്കാൻ കഴിയും. ഇതിലൂടെ ദാതാക്കളുടേയും രോഗികളുടേയും സാധ്യതകൾ വർദ്ധിപ്പിക്കാനാകും ഡോ. ജിജോ വി ചെറിയാൻ (മെഡിക്കൽ സർവീസസ് മേധാവി) പറഞ്ഞു, ഇത്തരം സങ്കീർണ്ണമായ ശസ്ത്രക്രിയകളുടെ വിജയത്തിൽ, മെഡിക്കോ-സർജിക്കൽ വൈദഗ്ദ്ധ്യത്തോടൊപ്പം, ആധുനിക സൗകര്യങ്ങൾ, ശസ്ത്രക്രിയാനന്തര തീവ്രപരിചരണം, അണുവിമുക്ത അന്തരീക്ഷം എന്നിവയും നിർണായകമാണ്.
"മേയ്ത്രയുടെ മൾട്ടി-ഡിസിപ്ലിനറി ടീമിന്റെ ഈ നേട്ടം, ഞങ്ങളുടെ രോഗികൾക്ക് ലോകോത്തര ചികിത്സ നൽകാനുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ്" ശ്രീ ഫൈസൽ കൊട്ടിക്കൊല്ലൻ (ചെയർമാൻ, മേയ്ത്ര ഹോസ്പിറ്റൽ) പറഞ്ഞു.
ഈ സങ്കീർണ്ണ ശസ്ത്രക്രിയക്ക് ഡോ. നൗഷിഫ് മേടപ്പിൽ, ഡോ. രോഹിത് രവീന്ദ്രൻ, ഡോ. ഷാനവാസ് കക്കാട്ട് എന്നിവരുടെ നേതൃത്വത്തിലുളള ശസ്ത്രക്രിയ ടീമാണ് നേതൃത്വം നൽകിയത്. ലിവർ അനസ്തറ്റിസ്റ്റുകളായ ഡോ. ഗീത ജോർജ്, ഡോ. അഖിൽ രാമകൃഷ്ണൻ , ഹെപ്പറ്റോളജിസ്റ്റുമാരായ ഡോ. കെ. മുഹമ്മദ്, ഡോ. ജിജോ വി. ചെറിയാൻ, ഡോ. ജുബിൻ കമർ, ഡോ. റോഷൻ, ഡോ. സന്ദീപ്, നെഫ്രോളജിസ്റ്റുമാരായ ഡോ. വിനുഗോപാൽ, ഡോ. സർഫറാസ് എന്നിവരുടെ പരിചയസമ്പത്തും നിർണായകമായി.മലബാറിൽ കരൾ മാറ്റിവയ്ക്കലിന്റെ സാധ്യതകളെ വിപുലീകരിക്കുന്ന ഒരു മുന്നേറ്റമെന്ന നിലയിൽ, വിജയകരമായ ഈ ശസ്ത്രക്രിയ മേയ്ത്ര ആശുപത്രിയുടെ കരുത്തും പ്രാവീണ്യവും തെളിയിക്കുന്ന നേട്ടമായി മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.