മങ്കട: ആദ്യ കാലങ്ങളില്‍ ഡോക്ടര്‍മാര്‍ മങ്കട ഗവ. ആശുപത്രി വളപ്പിലെ ക്വാര്‍ട്ടേഴ്സുകളിലാണ് താമസിച്ചിരുന്നത്. ഇക്കാരണത്താല്‍ രാത്രിയുണ്ടാകുന്ന ഏത് അത്യാഹിതത്തിനും നാട്ടുകാര്‍ക്ക് ആശുപത്രിയെ ആശ്രയിക്കാമായിരുന്നു. എന്നാല്‍ ക്രമേണ ക്വാര്‍ട്ടേഴ്സുകള്‍ താമസയോഗ്യമല്ലാതാവുകയും അധികൃതര്‍ അക്കാര്യം ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതിനാല്‍ ഉച്ചവരെയുള്ള ഒ.പി കഴിഞ്ഞാല്‍ ഡോക്ടറുടെ സേവനം കിടത്തി ചികിത്സയിലുള്ളവര്‍ക്ക് വിളിപ്പുറത്തുള്ള സേവനം മാത്രമായി മാറി.
രേഖകളില്‍ ഇപ്പോഴും സി.എച്ച്.സി ആണെങ്കിലും സി.എച്ച്.സിക്കുള്ള ജീവനക്കാരോ മറ്റു സൗകര്യങ്ങളോ ഇവിടെ ലഭ്യമല്ല. സി.എച്ച്.സികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കുക. അതുകൊണ്ടുതന്നെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയാലേ ഫലപ്രദമായ സേവനങ്ങള്‍ ലഭ്യമാവൂ. ആശുപത്രിയുടെ പഴയകാല പ്രതാപമെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്നാണ് നാട്ടുകാര്‍ ആഗ്രഹിക്കുന്നത്.
ഗൈനക്കോളജി ഡോക്ടര്‍മാരായ ഡോ. ലിംഡ ജയിംസ്, ഡോ. സൗദ തുടങ്ങിയവരും ഡോ. അബൂബക്കര്‍ തയ്യില്‍, ഡോ. ജയന് തുടങ്ങിയവരും സജീവമായി സേവനം നൽകിയ ആതുരാലയമായിരുന്നു ഇത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇവിടെയുണ്ടായിരുന്ന പ്രസവ വാര്‍ഡ്, ഓപറേഷന് തിയറ്റര്‍ എന്നിവ പൂട്ടി. ഉപകരണങ്ങൾ നശിച്ചു. മാറി മാറി വന്ന സര്‍ക്കാറുകളൊന്നും ഈ സ്ഥാപനത്തെ അര്‍ഹിക്കുന്ന ഗൗരവത്തിലെടുത്തില്ല.
പെരിന്തല്‍മണ്ണ-മഞ്ചേരി റൂട്ടിലെ 22 കിലോമീറ്ററിനകത്തെ ഏക സര്‍ക്കാര്‍ ആശുപത്രിയാണ് മങ്കട സി.എച്ച്.സി. മങ്കട, മക്കരപ്പറമ്പ്, പുഴക്കാട്ടിരി, മൂര്‍ക്കനാട്, അങ്ങാടിപ്പുറം കൂട്ടിലങ്ങാടി, കുറുവ എന്നീ പഞ്ചായത്തുകള്‍ക്കു പുറമെ പുലാമന്തോള്‍, ആനക്കയം, കീഴാറ്റൂര്‍ പഞ്ചായത്തുകളിലേയും ആയിരക്കണക്കായ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒരു കേന്ദ്രമാണിത്.
2007ല്‍ സി.എച്ച്.സിയായി ഉയര്‍ത്തിയ മങ്കട ആശുപത്രിയില്‍ 40 ഓളം പേർക്ക് കിടത്തി ചികിത്സ ഉണ്ടായിരുന്നു. ആശുപത്രിയോടുള്ള അധികൃതരുടെ അവഗണനയും താല്പര്യക്കുറവും നിമിത്തം പരിതാപകരമായ അവസ്ഥയിലായ ആശുപത്രിയെ പിന്നീട് രോഗികളും കൈയൊഴിഞ്ഞു തുടങ്ങി. രാത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ കിടത്തി ചികിത്സ മുടങ്ങിയ അവസ്ഥയും ഉണ്ടായി.
നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് (എന്‍.ആര്.എച്ച്.എം) ന്റെ നിര്‍ബന്ധിത സേവനത്തിനായെത്തുന്ന താല്‍ക്കാലിക ഡോക്ടര്‍മാരും രണ്ടോ മൂന്നോ സ്ഥിരം ഡോക്ടര്‍മാരുമാണ് ഇക്കാലമത്രയും ഇവിടെ സേവനമനഷ്ഠിക്കാനുണ്ടായിട്ടുള്ളൂ. പി.എസ്.സി നിയമനം ലഭിക്കുന്നതോടെ താല്‍ക്കാലിക ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയും ചെയ്യും.
2013 ഏപ്രില്‍ നാലിന് പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തവെ സി.എച്ച്.സിയുടെ സ്റ്റാഫ് പാറ്റേണ്‍ നടപ്പാക്കുമെന്ന് അന്നത്തെ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി പ്രഖ്യാപിച്ചതോടെ താലൂക്കാശുപത്രിയായി ഉയരാന്‍ എന്തുകൊണ്ടും അര്‍ഹത മങ്കട സി.എച്ച്.സിക്കുണ്ട്. ഈ പരിഗണനയിലാണ് അന്ന് താലൂക്കാശുപത്രിയായി പ്രഖ്യാപിച്ചത്. എന്നാല്‍ സി.എച്ച്.സിയുടെ സ്റ്റാഫ് പാറ്റേണ്‍ പോലും നടപ്പാകാതെ ഇപ്പോഴും ബാലാരിഷ്ടതകളില്‍ കഴിയുകയാണ് ഈ സർക്കാർ ആതുരാലയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.