പുണ്യത്തിന്റെയും വിശുദ്ധിയുടെയും നാളുകള്‍ വീണ്ടും എത്തിയിരിക്കുകയാണ്. ആത്മീയമായും ആരോഗ്യപരമായും ഈ മാസത്തിനായി ഒരുങ്ങുക എന്നത് അത്യാവശ്യമാണ്. റമദാനിലെ ഭക്ഷണക്രമീകരണവും മരുന്നുകളുടെ ഉപയോഗരീതിയും മനസ്സിലാക്കുക എന്നതും ഏറെ പ്രധാനമാണ്.
റമദാന്‍ വ്രതം അനുഷ്ഠിക്കുന്ന എല്ലാ രോഗികളുടെയും ആരോഗ്യപരമായ സുരക്ഷ ഉറപ്പുവരുത്തുക എന്നത് ആരോഗ്യപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണ്. ചികിത്സയില്‍ മാറ്റം വരാതെ, രോഗാവസ്ഥ വഷളാവാതെ മരുന്നുകളുടെ സമയം ക്രമീകരിച്ച് വ്രതാനുഷ്ഠാനത്തിന് അവസരമൊരുക്കുകയാണ് വേണ്ടത്.
മരുന്നുകളുടെ ഉപയോഗം നോമ്പുതുറക്കും അത്താഴത്തിനുമിടയിലുള്ള സമയങ്ങളില്‍ ക്രമീകരിക്കണം. എന്നാല്‍, ചില മരുന്നുകള്‍ സമയബന്ധിതമായി ഉപയോഗിക്കേണ്ടവയാണ് (ഉദാ: കിഡ്‌നി രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍). അത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ആണെന്ന് ഉറപ്പുവരുത്തുക.
ദിവസത്തില്‍ ഒന്നോ അധികമോ മരുന്നുകഴിക്കുന്ന രോഗികള്‍ക്കായി, ദീര്‍ഘനേരം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകള്‍ നിര്‍ദേശിക്കുകയോ അല്ലെങ്കില്‍ മരുന്നുകളുടെ സമയക്രമങ്ങളില്‍ മാറ്റം വരുത്തുകയോ ആണ് ചെയ്യുന്നത്.
ഹ്രസ്വകാല ചികിത്സാ രീതികള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളായ വേദനാസംഹാരികള്‍ (NSAIDs) അണുബാധയ്ക്കുള്ള മരുന്നുകള്‍ (Antimicrobials), അലര്‍ജിക്കെതിരെയുള്ള മരുന്നുകള്‍ തുടങ്ങിയവ ദിവസേന ഒരു ഡോസ് നല്‍കുന്ന രീതിയിലോ അല്ലെങ്കില്‍ രണ്ട് തവണ നല്‍കുന്ന രീതിയിലോ മാറ്റം വരുത്തി എന്ന് ഉറപ്പുവരുത്തുക.
കുത്തിവെയ്പ്പുകള്‍, ഇന്‍ഹേലറുകള്‍, ഇന്‍സുലിന്‍, വാക്‌സിനുകള്‍, സപ്പോസിറ്ററികള്‍, തുള്ളിമരുന്നുകള്‍ എന്നിവയുടെ ഉപയോഗം നോമ്പ് സമയത്ത് അനുവദനീയമാണെങ്കിലും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കുറയുന്നതിനാല്‍ മൈഗ്രെയ്ന്‍ അറ്റാക്ക് ഉണ്ടാവാനുള്ള സാധ്യത വളരെയേറെയാണ്. അതുകൊണ്ടുതന്നെ ഇഫ്താറിനും അത്താഴത്തിനും ഇടയില്‍ ആവശ്യമായ ഭക്ഷണവും വെള്ളവും കഴിച്ചു എന്ന് ഉറപ്പുവരുത്തുക. നിര്‍ജലീകരണം തടയുന്നതിനായി ചൂടില്‍നിന്നും പരമാവധി ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുക. കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശം തേടുക.
നോമ്പ് സമയത്ത് കൈകാര്യം ചെയ്യാന്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ അവസ്ഥയാണ് പ്രമേഹം. ഇന്‍സുലിനെ ആശ്രയിക്കുന്ന രോഗികള്‍ക്ക് നോമ്പെടുക്കാം എന്നുള്ളത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും ഹൈപോഗ്ലെസീമിയ, ഡയബെറ്റിക് കീറ്റോ അസിഡോസിസ് എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുന്നതിനും ഇത് കാരണാകും.
കൂടാതെ റമദാനില്‍ രോഗികള്‍ സ്വയം മരുന്നുകള്‍ ക്രമീകരിക്കുന്നതിലൂടെ കടുത്ത ഹൈപോഗ്ലൈസീമിയക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ പ്രമേഹരോഗികളില്‍ രോഗത്തെ കുറിച്ചുള്ള വ്യക്തിഗത വിദ്യാഭ്യാസവും അതിന്റെ പ്രാധ്യാന്യവും വളരെ പ്രധാനപ്പെട്ടതാണ്.
ആരോഗ്യപരമായ റമദാന്‍ മാസം ആശംസിക്കുന്നു.
കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റാണ് ലേഖിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.