തൃശൂർ: അവശ്യ മരുന്നുപട്ടികയിൽനിന്ന് മാത്രമേ ആരോഗ്യ സ്ഥാപനങ്ങൾക്ക് മരുന്നും ഉപകരണങ്ങളും വാങ്ങാൻ അനുവദിക്കൂവെന്ന കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) തീരുമാനം പിൻവലിച്ചു. ആരോഗ്യ സ്ഥാപനാധികാരികളിൽനിന്നും ജില്ല മെഡിക്കൽ ഓഫിസർമാരിൽനിന്നും എതിർപ്പ് ഉയർന്നതിനെത്തുടർന്നാണ് രണ്ട് ദിവസം മാത്രം ആയുസുണ്ടായിരുന്ന ഉത്തരവ് പിൻവലിച്ചത്.
ആരോഗ്യ കേന്ദ്രങ്ങളിലെ ഭൂരിഭാഗം മരുന്നുകളും ആശുപത്രികളിലെ ലാബ്, എക്സ്റേ രാസവസ്തുക്കളും ഉപകരണങ്ങളും അവശ്യ മരുന്നു പട്ടികക്ക് പുറത്താണ്. ഇത് വാങ്ങാൻ അവസരമില്ലാതിരുന്നാൽ സർക്കാറിന്റെ ആരോഗ്യ പദ്ധതികളുൾപ്പെടെ സ്തംഭിച്ചേക്കാവുന്ന സർക്കുലറാണ് ജൂൺ 29ന് കെ.എം.എസ്.സി.എൽ മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഇറക്കിയത്. പരാതികളേറെ ഉയർന്ന രണ്ട് ദിവസത്തിന് ശേഷം വ്യാഴാഴ്ച വൈകീട്ടാണ് തിരുത്തിയ അറിയിപ്പ് ജില്ല വെയർഹൗസിങ് മാനേജർമാർക്ക് ലഭിച്ചത്. 2016 സെപ്റ്റംബർ 22നാണ് ആശുപത്രികൾക്ക് വേണ്ട മരുന്നുകൾ ആരോഗ്യവകുപ്പിന്റെ കെ.എം.എസ്.സി.എൽ വഴി ലഭ്യമല്ലെങ്കിൽ ജില്ല മെഡിക്കൽ ഓഫിസറിൽനിന്ന് 'നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്' ലഭ്യമാക്കി ലോക്കൽ പർച്ചേസ് വഴി എച്ച്.ഡി.സി, ആർ.എസ്.ബി.വൈ ഫണ്ട് വഴി വാങ്ങാമെന്ന ഉത്തരവിറങ്ങിയത്. ഈ ഉത്തരവ് ഡിസംബർ 27ന് റദ്ദാക്കി. 2017ൽ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിൽ ജില്ല മെഡിക്കൽ ഓഫിസർ കൗണ്ടർ സൈൻ ചെയ്ത് നൽകുന്നത് പരിഗണിക്കുമെന്ന് ഉത്തരവിറക്കി. അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടവ രോഗികൾക്ക് ആശുപത്രി മുഖേന നൽകാമെന്നും സ്റ്റോക്കില്ലാത്തതോ, മതിയായ അളവിൽ ലഭ്യമല്ലാത്തതോ ആയത് തദ്ദേശ സ്ഥാപനത്തിന്റെ പാലിയേറ്റിവ് പരിചരണ പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങി ആശുപത്രിക്ക് നൽകാമെന്നും പിന്നീട് നിർദേശമിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.