പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ചികിത്സയില്‍ എലിപ്പനി പ്രതിരോധം ഉറപ്പ് വരുത്തും. ഏത് പനിയാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. പനി വന്നാല്‍ എലിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തണം. ക്യാമ്പുകളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വെള്ളത്തിലിറങ്ങുന്ന എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ക്യാമ്പുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തി. എല്ലാ ജില്ലകള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളില്‍ കോവിഡ് പ്രതിരോധം തുടരണം. എല്ലാവരും മാസ്‌ക് ധരിക്കണം. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കണം.

മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ സജ്ജമാണ്. രോഗികള്‍ കൂടുതല്‍ എത്തുകയാണെങ്കില്‍ അതനുസരിച്ച് കിടക്കകള്‍ വര്‍ധിപ്പിക്കാന്‍ ഇപ്പോഴേ പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലകളില്‍ ഡോക്‌സിസൈക്ലിന്‍, ജീവിതശൈലീ മരുന്നുകള്‍, ആന്റിവെനം, ഐ.ഡി.ആര്‍.വി., ഇമ്യൂണോഗ്ലോബുലിന്‍, ഒ.ആര്‍.എസ്. എന്നിവ ഉറപ്പ് വരുത്തണം. ക്യാമ്പുകളില്‍ പനിയുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. ആന്റിജന്‍ കിറ്റുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പ്രളയബാധിത മേഖലയിലും ട്രൈബല്‍ മേഖലയിലുമുള്ള ഗര്‍ഭിണികളെ പ്രത്യേകം ശ്രദ്ധിക്കണം.

ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരണം. കൊതുകിന്റെ ഉറവിട നശീകരണത്തിനും പ്രാധാന്യം നല്‍കണം. പ്രളയാനന്തരമുണ്ടാകുന്ന വെല്ലുവിളി മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വളരെ പ്രധാന്യം നല്‍കണം.

മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് ജില്ലകളുടെ അവലോകനം നടത്തി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. ചിത്ര, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Minister Veena George said that the treatment guidelines for fever will be updated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.