ന്യൂയോർക്: അർബുദമുൾപ്പെടെ രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് 2030ഓടെ സജ്ജമാകുമെന്ന് യു.എസ് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മോഡേണ. കോവിഡ് വാക്സിൻ വിജയകരമായി വികസിപ്പിച്ച് നിരവധി രാജ്യങ്ങളിൽ വിതരണം നടത്തിയ കമ്പനിയാണിത്. പരീക്ഷണങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. പോൾ ബർട്ടൺ പറഞ്ഞു. അഞ്ചുവർഷത്തിനകം അർബുദമടക്കം നിരവധി രോഗങ്ങൾക്ക് വാക്സിൻ കണ്ടുപിടിക്കാൻ കഴിയുമെന്നും ദശലക്ഷക്കണക്കിനാളുകളെ മാരക രോഗങ്ങളിൽനിന്ന് രക്ഷിക്കാൻ ഇതുവഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കോവിഡ് വാക്സിൻ കണ്ടുപിടിക്കാൻ കഴിഞ്ഞത് നിർണായകമായി.
അർബുദ വാക്സിന്റെയും കാര്യക്ഷമതയെ കുറിച്ച് ഞങ്ങൾക്ക് ഉറപ്പുണ്ട്. വിവിധ തരത്തിലുള്ള ട്യൂമറുകൾക്കും അർബുദത്തിനും പ്രത്യേകം വാക്സിൻ നിർമിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ആരോഗ്യമുള്ള കോശങ്ങൾക്ക് കേടുപറ്റാതെ അർബുദ സെല്ലുകളെ നശിപ്പിക്കാൻ കഴിയുന്ന പ്രതിരോധ സംവിധാനം കുത്തിവെപ്പിലൂടെ ശരീരത്തിൽ സന്നിവേശിപ്പിക്കാൻ കഴിയും. പത്തുവർഷത്തിനകം രോഗങ്ങളുടെ ജനിതക കാരണം കണ്ടുപിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒന്നിലധികം ശ്വാസകോശ സംബന്ധമായ അണുബാധകൾ ഒരൊറ്റ കുത്തിവെപ്പിലൂടെ തടയാം. നിലവിൽ മരുന്നില്ലാത്ത ഗുരുതര രോഗങ്ങൾക്ക് പ്രതിരോധ കവചമൊരുക്കാൻ കഴിയും. ഗവേഷണ പരീക്ഷണങ്ങളുടെ ഇതുവരെയുള്ള പുരോഗതി ആശാവഹമാണ്’ -ഡോ. പോൾ ബർട്ടൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.