കോഴിക്കോട്: ആരോഗ്യ വകുപ്പിനെക്കൂടാതെ പൊതുജനാരോഗ്യ വകുപ്പ് രൂപവത്കരിക്കാത്തതും രോഗങ്ങളുടെയും രോഗാണുക്കളെയും നിരീക്ഷിക്കാനുള്ള സ്ഥിരം സംവിധാനം ഒരുക്കാത്തതുമാണ് ഏറ്റവും വലിയ പോരായ്മയെന്ന് പ്രമുഖ വൈറോളജിസ്റ്റും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) വൈറോളജി ഗവേഷണ കേന്ദ്രം മുൻ ഡയറക്ടറുമായ ഡോ. ജേക്കബ് ജോൺ. ആരോഗ്യവകുപ്പ് രോഗികളെ ചികിത്സിക്കുമ്പോൾ, പൊതുജനാരോഗ്യ വിഭാഗം രോഗം വരാനുള്ള സാഹചര്യങ്ങൾ കണ്ടെത്തുകയും അവ ഇല്ലാതാക്കുകയും മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കുകയുമാണ് ചെയ്യുക. ഈ പൊതുജനാരോഗ്യ വിഭാഗമാണ് നമുക്കില്ലാത്തത്. അതാണ് പരിസ്ഥിതി, കാലാവസ്ഥ, സാമൂഹിക ശീലങ്ങൾ തുടങ്ങിയവയിലെയെല്ലാം മാറ്റവും വൈറസുകളിലെ ജനിതക വ്യത്യാസങ്ങളും മറ്റും പരിഗണിച്ചുള്ള ജാഗ്രത മുന്നറിയിപ്പുകൾ നൽകാൻ കഴിയാത്തത്.
ശ്രീലങ്ക, തായ്ലൻഡ്, മലേഷ്യ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ പൊതുജനാരോഗ്യ വിഭാഗത്തിന് കീഴിലാണ് അവിടത്തെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾപോലും. 1996ൽ ആലപ്പുഴയിൽ ജപ്പാൻ ജ്വരവും കാസർകോട് മലേറിയയും വിഴിഞ്ഞത്ത് കോളറയും ഒരേസമയം വന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർതന്നെ ചെയർമാനായി സമിതിയുണ്ടാക്കുകയും അതിന്റെ നിർദേശപ്രകാരം ആലപ്പുഴയിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആൻഡ് ഇൻസെക്ഷൻ ഡിസീസസ് തുടങ്ങുകയും ചെയ്തിരുന്നു. അന്ന് ഐ.സി.എം.ആർ ആണ് വേതനവും സഹായങ്ങളും നൽകിയത്. രോഗങ്ങൾ വരാതിരിക്കാൻ രോഗാണുക്കളെ നിരീക്ഷിക്കുക എന്നതടക്കം മുൻനിർത്തി സംസ്ഥാനത്തെ 140 ഡോക്ടർമാരെ പങ്കെടുപ്പിച്ച് ശിൽപശാലയടക്കം നടത്തിയെങ്കിലും നാലുവർഷത്തിലധികം ഇതിന്റെ പ്രവർത്തനം മുന്നോട്ടുപോയില്ല. അതിന് തുടർച്ചയുണ്ടായിരുന്നെങ്കിൽ നാം ഈ രംഗത്ത് ഏറെ മുന്നിലെത്തുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് 2011ലെ ഉമ്മൻ ചാണ്ടി സർക്കാർ പൊതുജനാരോഗ്യ വിഭാഗം രൂപവത്കരിക്കാനും ജില്ലതല ഓഫിസർമാരെയടക്കം നിയോഗിച്ച് പ്രവർത്തനം ശക്തമാക്കാനും 11 കോടി രൂപ വകയിരുത്തിയെങ്കിലും ഈ തുക ചെലവഴിക്കാതെ പാഴാവുകയാണുണ്ടായത്.
‘കുറ്റകൃത്യം ഉണ്ടാവാതിരിക്കാൻ മോഷ്ടാക്കളെ നിരന്തരം നിരീക്ഷിക്കണം’ എന്നപോലെ രോഗങ്ങൾ വരാതിരിക്കാൻ രോഗാണുക്കളെ നിരന്തരം നിരീക്ഷിക്കുകയും ഗവേഷണങ്ങൾ നടത്തുകയും വേണം. ഇപ്പോൾ നിപയെ ആരോഗ്യവകുപ്പ് പ്രതിരോധിക്കുന്നു, രോഗികൾക്ക് ചികിത്സ നൽകുന്നു, രോഗം മാറുന്നതോടെ പതിവുപോലെ എല്ലാം അവസാനിക്കുന്നു. ഇതിനു പകരം രോഗമില്ലാത്ത കാലത്തും രോഗാണുക്കളെക്കുറിച്ച് പഠിക്കുകയും അവയുടെ ജനിതക ഘടനമാറ്റമടക്കം കണ്ടെത്തുകയും വേണം -അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.