ഡെറാഡൂൺ: ഒരു മാസത്തിനിടെ ഉത്തരാഖണ്ഡിൽ 19 യുവാക്കൾ എയ്ഡ്സ് രോഗ ബാധിതരായി. നൈനിറ്റാളിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത വന്നിരിക്കുന്നത്. മയക്കുമരുന്നിന് അടിമയായ 17കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവാക്കൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
ഹെറോയിന് അടിമയായ 17കാരി മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിനായി പ്രദേശത്തെ യുവാക്കളുമായി ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നു. 17കാരി എയ്ഡ്സ് ബാധിതയാണെന്ന് യുവാക്കൾ അറിഞ്ഞിരുന്നില്ല.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് യുവാക്കൾ പരിശോധന നടത്തിയതോടെയാണ് എച്ച്.ഐ.വി പോസിറ്റീവാണെന്ന് തെളിഞ്ഞത്. ഇത്തരത്തിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. സംഭവം ആരോഗ്യപ്രവർത്തകരിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
സാധാരണയായി, പ്രതിവർഷം ഏകദേശം 20 എച്ച്.ഐ.വി പോസിറ്റീവ് കേസുകളാണ് ഉണ്ടാകാറ്. എന്നാൽ, കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ തന്നെ ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വൈദ്യസഹായവും കൗൺസിലിങ്ങും നൽകുന്നുണ്ടെന്നും ബോധവത്കരണവും ആരംഭിച്ചിട്ടുണ്ടെന്നും നൈനിറ്റാൾ ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.