ഗൾഭകാലത്തെ പരിചരണത്തെയും മുൻ കരുതൽ നടപടികളെയും കുറിച്ച് മസ്കത്ത് അപ്പോളോ ആശുപത്രിയിലെ ഒബ്സ്റ്റട്രീഷ്യൻ, ഗൈനക്കോളജിസ്റ്റായ ഡോ. മഹാലക്ഷ്മി ഭാസ്കർ വിശദീകരിക്കുന്നു.
ഗർഭിണിയാകാൻ വൈകുന്നത് വന്ധ്യതയോ?
ഒരു വർഷത്തിനടുത്ത് സുരക്ഷിത മാർഗങ്ങളൊന്നും സ്വീകരിക്കാതെ ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർഭം ധരിക്കാത്ത അവസ്ഥക്കാണ് പൊതുവെ വന്ധ്യത എന്ന് പറയുന്നത്. ഓരോ സ്ഖലനത്തിലും ഒരു ക്യൂബിക് സെന്റീമീറ്ററിൽ ശരാശരി ഇരുപത് ദശലക്ഷം ബീജങ്ങളാണ് അടങ്ങിയിട്ടുണ്ടാകുക. ഇതിൽ ഏതെങ്കിലും ഒന്ന് മാത്രമാണ് അണ്ഡവുമായി കൂടിച്ചേരുക. ഭൂരിഭാഗം ബീജങ്ങളും ലക്ഷ്യത്തിനടുത്തെത്താത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അവ ഒന്നുകിൽ അടിവയറിലോ ജനനേന്ദ്രിയത്തിലോ നഷ്ടപ്പെടുകയോ, സെർവിക്കൽ മ്യൂക്കസിൽ കുടുങ്ങിപ്പോകുകയോ മറ്റോ ചെയ്യുന്നു. ഗർഭധാരണത്തിന് ആസൂത്രണം ചെയ്യുന്നവർ ആർത്തവ ചക്രം കൃത്യമാണെന്ന് ഉറപ്പാക്കണം. ഇത് കൃത്യമല്ലെങ്കിൽ അണ്ഡോൽപാദനം ഉണ്ടാകാൻ സാധ്യത കുറവാണ്.
വ്യായാമം ചെയ്യാൻ പറ്റുമോ?
ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് അമ്മക്കും കുഞ്ഞിനും നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാനും രക്തസമ്മർദം കുറക്കാനും ശാരീരികക്ഷമത, ഉയർന്ന ഉറക്കം, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അതേ സമയം ഡോക്ടർമാർ ഗർഭകാലയളവിൽ വിശ്രമം നിർദേശിച്ചിട്ടുണ്ടെങ്കിൽ വ്യായാമം ഒഴിവാക്കേണ്ടതാണ്.
കഫീൻ എത്ര കഴിക്കാം?
കഫീൻ കുഞ്ഞിന്റെ ജനന ഭാരത്തെ ബാധിക്കുമെന്നതിനാൽ, അത് കുറക്കുന്നതാണ് നല്ലത്. സാധാരണയായി, ദിവസവും ഒരു കപ്പ് ചായയോ കാപ്പിയോ നല്ലതാണ്. പക്ഷേ കഫീന്റെയും പഞ്ചസാരയുടെയും അളവ് വളരെ ഉയർന്നതായിരിക്കുമെന്നതിനാൽ ഇത്തരം പാനീയങ്ങൾ ഒഴിവാക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണം രീതികൾ ഇക്കാലയളവിൽ സ്വീകരിക്കാം.
പുകവലിയും ഗർഭധാരണവും?
ഗർഭിണിയായിരിക്കുമ്പോൾ പുകവലിക്കുന്നത് അഭികാമ്യമല്ല. നിങ്ങളുടെ ചുറ്റിലും നിങ്ങൾ ഇരിക്കുന്ന മുറികളിൽപോലും മറ്റാരെയും പുകവലിക്കാൻ അനുവദിക്കരുത്. പുകവലി പ്രസവസങ്കീർണതകൾക്കും കാരണമാകും. മാസം തികയുന്നതിന് മുമ്പുള്ള പ്രസവത്തിലേക്കും മറ്റും നയിക്കും. ഇങ്ങനെ ജനിക്കുന്ന കുട്ടികളുടെ തൂക്കം കുറവായിരിക്കും. ഇത് കുഞ്ഞിന് അണുബാധയും ശ്വസിക്കാൻ ബുദ്ധിമുട്ടും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഏറ്റവും മികച്ച കാര്യം പുകവലി ഉപേക്ഷിക്കുക എന്നതാണ്.
പുറം, ഇടുപ്പ് വേദനകൾക്ക് എന്തുചെയ്യാൻ കഴിയും?
കുഞ്ഞ് ഉള്ളിൽ വളരുന്നതിന് അനുസരിച്ച് നിങ്ങളുടെ ശരീരത്തിന് കൂടുതൽ സമ്മർദം അനുഭവപ്പെടും. ഇത് ഗർഭാവസ്ഥയുടെ അവസാന മാസങ്ങളിൽ നടുവേദനക്കും ഇടുപ്പുവേദനക്കും കാരണമാകും. നിങ്ങൾക്ക് കഴിയുമെങ്കിൽ നീന്തൽ, യോഗ എന്നിവ ചെയ്യുന്നത് വേദന ഒഴിവാക്കാൻ സഹായിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കൂടുതൽ പ്രയാസം നേരിടുകയാണെങ്കിൽ ഡോക്ടറുടെ സഹായം തേടാവുന്നതാണ്.
ഗർഭകാലത്തെ രക്തസ്രാവം സാധാരണമാണോ?
ഗർഭകാലത്ത് സംഭവിക്കാവുന്ന ഏറ്റവും ഭയാനകമായ കാര്യങ്ങളിൽ ഒന്നാണ് രക്തസ്രാവം. ഇത് ഗർഭം അലസുന്നതിന്റെ ലക്ഷണമാകുമോ എന്ന് പല സ്ത്രീകളും ആശങ്കപ്പെടുന്നു. ഗർഭാവസ്ഥയുടെ തുടക്കത്തിൽ ചില അളവിലുള്ള പാടുകളോ രക്തസ്രാവമോ വളരെ സാധാരണമാണ്. ആദ്യത്തെ മൂന്ന് മാസത്തിൽ ഓരോ നാല് ഗർഭിണികളിലും ഒരാൾക്ക് ഈ ലക്ഷണം അനുഭവപ്പെടാറുണ്ട്. എന്നിരുന്നാലും, എന്തെങ്കിലും രക്തസ്രാവം അനുഭവപ്പെടുകയാണെങ്കിൽ, അത് നേരിയതാണെങ്കിൽപോലും ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.
പ്രസവത്തിനു മുമ്പ് എത്ര തവണ പരിശോധന നടത്തണം?
വളരെ പ്രധാനപ്പെട്ടതാണ് പ്രസവത്തിനു മുമ്പുള്ള പരിശോധനകൾ. നിങ്ങളുടെ ആരോഗ്യം, കുഞ്ഞിന്റെ വികസനം, എന്തെങ്കിലും സങ്കീർണതകൾക്കുള്ള സാധ്യത എന്നിവ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.
ഗർഭത്തിന്റെ ആദ്യ 28 ആഴ്ചകളിൽ മാസത്തിലൊരിക്കൽ ഡോക്ടറെ കാണൽ നിർബന്ധമാണ്. ഇരുപത്തിയെട്ടാം ആഴ്ച മുതൽ നാൽപ്പതാം ആഴ്ചവരെ, രണ്ടാഴ്ച കൂടുമ്പോൾ പരിശോധനക്ക് പോകേണ്ടതുണ്ട്. നാൽപ്പതാം ആഴ്ച കഴിഞ്ഞ്, നിങ്ങൾ പ്രസവിക്കുന്നത് വരെ എല്ലാ ആഴ്ചയും പരിശോധന നടത്തേണ്ടതാണ്. നിങ്ങൾക്കും കുഞ്ഞിനും ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കാനും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ കണ്ടെത്താനുമാണിത്.
ഗർഭകാലത്ത് ശരീരഭാരം എത്രത്തോളം ആവാം?
ഗർഭകാലത്ത് ഓരോ സ്ത്രീക്കും വ്യത്യസ്ത രീതിയിലാണ് ശരീരഭാരം കൂടുന്നത്. ശരീരഭാരം ഫലപ്രദമായി നിയന്ത്രിക്കാൻ ഗൈനക്കോളജിസ്റ്റുകളുമായും പ്രസവചികിത്സവിദഗ്ധരുമായും ചേർന്ന് പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. നടത്തവും നീന്തലും ഭാരം നിയന്ത്രിക്കാൻ അനുയോജ്യമായ വ്യായാമങ്ങളാണ്.
കുഞ്ഞിന്റെ ജനന വൈകല്യങ്ങളുടെ അപകടസാധ്യത കുറക്കുന്നതിനുള്ള മാർഗം?
നവജാത ശിശുവിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും ആവശ്യമായ സുപ്രധാന പോഷകമാണ് ഫോളിക് ആസിഡ്. കുഞ്ഞിന്റെ അപകടസാധ്യത പരമാവധി കുറക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം, ഗർഭകാല പരിശോധനകളിൽ കൃത്യമായി പങ്കെടുക്കുക എന്നതാണ്. ഇത് ഗർഭാവസ്ഥയെ സൂക്ഷ്മമായി നിരീക്ഷിക്കാനും മാതാവിന്റെയും കുഞ്ഞിന്റെയും നല്ല ആരോഗ്യം നിലനിർത്താനും സഹായിക്കും. പ്രതിമാസ സന്ദർശനങ്ങൾ ഗർഭാവസ്ഥയിൽ നിങ്ങൾ അനുഭവിച്ചേക്കാവുന്ന സങ്കീർണമായ കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ഡോക്ടർമാർക്ക് സഹായകമാകും.
സപ്ലിമെന്റുകൾ കഴിക്കുന്നത് ഗുണം ചെയ്യുമെങ്കിലും ചിലത് കുഞ്ഞിന് നല്ലതല്ലായിരിക്കാം. അതിനാൽ ഡോക്ടറുടെ നിർദേശങ്ങൾ പാലിച്ച്, സപ്ലിമെന്റുകളും മരുന്നുകളും മാത്രം കഴിക്കുക. പ്രത്യേക രോഗത്തിന് മരുന്ന് കഴിക്കുകയാണെങ്കിൽ, അത് നിർത്തുന്നതിന് മുമ്പ് ഡോക്ടറുമായി നിങ്ങൾ ചർച്ച ചെയ്യണം. ചില മരുന്നുകൾ ജനന വൈകല്യത്തിനും കുഞ്ഞിന്റെ ജീവൻതന്നെ നഷ്ടപ്പെടുത്തുന്ന രീതിയിലേക്കും നയിച്ചേക്കും.
എത്ര സമയം ജോലി ചെയ്യാം?
ഓരോരുത്തരുടെയും ജോലി സ്വാഭാവമനുസരിച്ച് അവ തുടരാവുന്നതാണ്. ഗർഭകാല സങ്കീർണതകളോ മറ്റോ പരിഗണിച്ച് ഡോക്ടർമാർ ചില നിയന്ത്രണങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അവ പാലിക്കേണ്ടതാണ്. ജോലിസ്ഥലത്ത് നിങ്ങൾ അനുഭവിക്കുന്ന വൈകാരിക സമ്മർദങ്ങളെ കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്യാവുന്നതാണ്. അത്തരം സമ്മർദങ്ങൾ ഒഴിവാക്കാനും നേരിടാനുമുള്ള വഴികൾ കണ്ടെത്താൻ ഡോക്ടർ നിങ്ങളെ സഹായിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.