പാലാ: സി.എ.എച്ച് എന്ന അപൂർവരോഗം ബാധിച്ചതിനെത്തുടർന്ന് ദുരിതത്തിലായ കുരുന്നുകളുടെ ചികിത്സക്കായി നാടൊന്നിക്കുന്നു. കൊഴുവനാൽ സ്വദേശികളായ ദമ്പതികളുടെ കുട്ടികളുടെ ചികിത്സക്കും സഹായം നൽകുന്നതിനെക്കുറിച്ച് ആലോചിക്കാനായി മാണി സി.കാപ്പൻ എം.എൽ.എ മുൻകൈയെടുത്ത് തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അരുണാപുരം ഗെസ്റ്റ് ഹൗസിൽ രാഷ്ട്രീയ പാർട്ടികളുടെയും പൊതുപ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും യോഗംചേരും.
മനുഷ്യശരീരത്തിൽ ഹോർമോൺ ഉൽപാദിപ്പിക്കാത്ത അവസ്ഥയുണ്ടാകുന്ന അപൂർവ രോഗമാണ് സി.എ.എച്ച്. ഇതുമൂലം ശരീരത്തിലെ സോഡിയം, പൊട്ടാസ്യം അനുപാതം എപ്പോഴും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. മൂത്തകുട്ടിക്ക് ഇതോടൊപ്പം ഓട്ടിസവും ബാധിച്ചിട്ടുണ്ട്. ജീവിതകാലം മുഴുവൻ ചികിത്സ അനിവാര്യമായ രോഗാവസ്ഥയുടെ പിടിയിലാണ് ഈ കുരുന്നുകൾ. കുട്ടികൾക്ക് നിരന്തരം പരിചരണം ആവശ്യമായതിനാൽ ജോലിക്കുപോകാൻ കഴിയാത്ത അവസ്ഥയിലാണ് മാതാപിതാക്കൾ.
സുമനസ്സുകളുടെ സഹായത്തോടെയും സ്വന്തമായി ഉണ്ടായിരുന്ന ഭൂമി പണയപ്പെടുത്തിയുമാണ് ഇത്രയും കാലം ചികിത്സ നടത്തിയിരുന്നത്. തങ്ങളുടെ ദുരവസ്ഥ സംബന്ധിച്ചു കേരള ഹൈകോടതിക്ക് ഇവർ കത്തയക്കുകയും ഇത് ഹരജിയായി കോടതി സ്വീകരിക്കുകയും നടപടിക്കായി നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇതേ തുടർന്നാണ് എം.എൽ.എ മുൻകൈയെടുത്ത് യോഗം വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.