കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടേതടക്കം അടിയന്തരമായി പരിഹരിക്കേണ്ട നിരവധി ഒഴിവുകൾ. ഹെഡ് നഴ്സുമാരുടെയും നഴ്സിങ് അസിസ്റ്റന്റുമാറുടെയും ക്ലീനിങ് സ്റ്റാഫുകളുടെയും ഏറെ ഒഴിവുകൾ നികത്താനുണ്ട്.
ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വ്യാഴാഴ്ച ജില്ല ആശുപത്രിയിൽ എത്തുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തുന്നതിന് പരിഹാരമുണ്ടാകുമോ എന്ന ചോദ്യമുയരുന്നു. ജനറൽ ട്രാൻസ്ഫർ മൂലം ജില്ല ആശുപത്രിയിൽനിന്ന് നിരവധി ഡോക്ടർമാർ സ്ഥലംമാറി പോയപ്പോൾ പകരം ഡോക്ടർമാർ എത്തിയിട്ടില്ല. രണ്ട് സീനിയർ ഡോക്ടർമാരുടെ ഒഴിവ് വർഷങ്ങളായി നികത്താതെയുണ്ട്. ഇതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.
ജനറൽ ട്രാൻസ്ഫർ മൂലം സ്ഥലം മാറി നിരവധി നഴ്സുമാർ ജില്ല ആശുപത്രി വിട്ടിട്ടുണ്ട്. ഇവർക്കു പകരവും ആളെത്തിയിട്ടില്ല. നഴ്സിങ് അസിസ്റ്റന്റുമാരുടെ കുറവും ക്ലീനിങ് സ്റ്റാഫിന്റെ കുറവും മൂലമാണ് കൂടുതൽ ബുദ്ധിമുട്ട് . ജില്ല ആശുപത്രിയിൽ നിലവിൽ 37 നഴ്സിങ് അസിസ്റ്റന്റുമാരാണുള്ളത്. 20 നഴ്സിങ് അസിസ്റ്റന്റ്മാരെയെങ്കിലും അടിയന്തരമായി നിയമിക്കേണ്ടതുണ്ട്. ക്ലീനിങ് സ്റ്റാഫുകളായി 37 പേരാണുള്ളത്.
20 ക്ലീനിങ് സ്റ്റാഫുകളെ കൂടുതലായി നിയമിക്കേണ്ടതുണ്ട്. നിരവധി കെട്ടിടങ്ങളും സൗകര്യങ്ങളും വർധിക്കുമ്പോഴും ക്ലീനിങ് സ്റ്റാഫുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നില്ല. ശുചീകരണ പ്രവൃത്തിയിൽ ദേശീയ അവാർഡ് ലഭിച്ച ജില്ല ആശുപത്രിയിൽ ശുചീകരണ പ്രവർത്തി താളംതെറ്റിയ അവസ്ഥയിലായത് സ്റ്റാഫുകളുടെ എണ്ണത്തിലെ കുറവ് കാരണമാണ്. ശുചീകരണ പ്രവൃത്തികൾ പൂർണനിലയിൽ സാധ്യമാകുന്നില്ല.
ഫോറൻസിക് സർജനെ അടിയന്തരമായി ജില്ല ആശുപത്രിയിൽ നിയമിക്കണമെന്നാണ് മന്ത്രിക്ക് മുന്നിലെത്തുന്ന മറ്റൊരു പ്രധാന ആവശ്യം. നിലവിൽ കാസർകോട് ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജൻ ഉണ്ടെങ്കിലും ജില്ലയിലെ ഏറ്റവും വലിയ ആതുരാലയമായ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ഈ സൗകര്യം ലഭ്യമായിട്ടില്ല.
ഫോറൻസിക് സർജൻ ഇല്ലെന്ന കാരണത്താൽ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്കും കാസർകോട് ജനറൽ ആശുപത്രിയിലേക്കും കൊണ്ടുപോകേണ്ട സാഹചര്യമാണ്. മലയോര മേഖലയിൽ നിന്നുമുള്ള നിർധന കുടുംബങ്ങൾക്ക് മൃതദേഹം ഇത്രയുംദൂരം കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടാണ്. രാത്രികാല പോസ്റ്റുമോർട്ടം ആരംഭിക്കണം എന്നതാണ് ആവശ്യം.
നിലവിൽ ജനറൽ ആശുപത്രിയിൽ ഈ സൗകര്യം ഉണ്ടെങ്കിലും ജില്ല ആശുപത്രിയിൽ സൗകര്യം എത്തിയിട്ടില്ല. നാലുമണി വരെ മാത്രമാണ് ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടക്കുന്നത്. പകൽ നേരങ്ങളിൽ പലപ്പോഴും പോസ്റ്റ് മോർട്ടം മണിക്കൂറുകളോളം വൈകുന്നു. ഇതിനും പരിഹാരമുണ്ടാകേണ്ടതുണ്ട്.
ജില്ല ആശുപത്രി സൂപ്രണ്ട് തസ്തികയിലും ആർ.എം.ഒ തസ്തികയിലും സ്ഥിരനിയമനം ഇനിയും ഉണ്ടായിട്ടില്ല. ഇരു തസ്തികകളിലും താൽക്കാലിക ഡോക്ടർമാരാണ് സേവനമനുഷ്ഠിക്കുന്നത്. കാത്ത്ലാബിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഇവിടെ രണ്ട് ഡോക്ടർ മാത്രമാണുള്ളത്. ഒരാൾ അവധിയിൽ പോയാൽ ഇവിടെയും പ്രതിസന്ധിയാണ്. കാത്ത്ലാബിൽ കിടത്തി ചികിത്സ ഉൾപ്പെടെ സൗകര്യം ഒരുക്കേണ്ടതും അത്യാവശ്യമാണ്
. പാർക്കിങ് സൗകര്യമില്ലാത്തതാണ് ജില്ല ആശുപത്രി നേരിടുന്ന മറ്റൊരു പ്രതിസന്ധി. ആശുപത്രി കോംപ്ലക്സിൽ കൂടുതൽ കെട്ടിടങ്ങൾ വന്നതോടെ പാർക്കിങ് സൗകര്യമില്ലാതെയായി. ആംബുലൻസുകളും രോഗികളുമായി എത്തുന്ന സ്വകാര്യ വാഹനങ്ങളും നിർത്തിയിടാൻ ഇടമില്ലാത്ത അവസ്ഥയിലായി.
ഒ.പി വിഭാഗത്തിന്റെ പ്രവർത്തനവും മന്ദഗതിയിലാണ്. മണിക്കൂറുകളോളം ക്യൂ നിന്ന് നടുവൊടിഞ്ഞാൽ മാത്രമേ ഡോക്ടർമാരെ കാണാൻ സാധിക്കൂ. പനിരോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഒ.പിക്ക് മുന്നിലെ ക്യൂ അറ്റമില്ലാതെ നീളുന്നതും കാണാം. മന്ത്രിയുടെ ഭാഗത്തുനിന്നും പ്രധാനപ്പെട്ട ആവശ്യങ്ങൾക്കെങ്കിലും പരിഹാരമുണ്ടാകുമെന്നാണ് രോഗികളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.