ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന സങ്കീർണ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഗർഭകാല പ്രമേഹം. അഞ്ച് മുതൽ ഒമ്പത് ശതമാനം ഗർഭിണികളെ ഇത് ബാധിക്കുന്നു. ഗർഭാവസ്ഥയുടെ 24 മുതൽ 28 ആഴ്ചയിലാണ് ഇത് സാധാരണ പ്രകടമാകുന്നത്. പ്രായം കൂടുമ്പോൾ ഇതിന്നുള്ള സാധ്യത കൂടുന്നു. (20 years -1 % > 44 Years -13 %).
ആർക്കാണ് രോഗസാധ്യത കൂടുതൽ?
അമിതവണ്ണക്കാർ (BMI >30), മുൻ ഗർഭത്തിൽ പ്രമേഹം ഉണ്ടായിരുന്നവർ, കുടുംബത്തിൽ പ്രമേഹം ഉള്ളവർ, മുമ്പ് തൂക്കം കൂടിയ കുട്ടി ജനിച്ചവർ, മുമ്പ് ഗർഭസ്ഥശിശു മരണം സംഭവിച്ചവർ എന്നിവർക്ക് ഗർഭകാല പ്രമേഹ സാധ്യത ഏറെയാണ്. ഇക്കൂട്ടർ ആദ്യ ചെക്കപ്പിൽ തന്നെ രക്ത പരിശോധന നടത്തേണ്ടതാണ്.
രോഗത്തിന്റെ പ്രാധാന്യം:
ഗർഭകാല പ്രമേഹം കണ്ടെത്താത്തതും നിയന്ത്രിക്കാത്തതും, കുഞ്ഞിന്റെ തൂക്ക കൂടുതൽ, തന്മൂലം പ്രസവത്തിനുള്ള ബുദ്ധിമുട്ട്, സിസേറിയനുള്ള കൂടിയ സാധ്യത, നവജാത ശിശുവിനുണ്ടാകാൻ സാധ്യതയുള്ള തകരാറുകൾ, കൂടാതെ അപൂർവമായി ഗർഭസ്ഥ ശിശു മരിക്കുവാനും ഗർഭകാല പ്രമേഹം കാരണമായേക്കാം. ഗർഭകാല പ്രമേഹമുള്ള അമ്മമാരിൽ കുഞ്ഞുങ്ങൾക്ക് ഭാവിയിൽ പ്രമേഹ സാധ്യതയും കൂടുതലാണ്.
ലക്ഷണങ്ങൾ:
അമിതമായ വിശപ്പ്, ദാഹം, കൂടുതൽ മൂത്രമൊഴിക്കൽ, മൂത്രത്തിൽ പഴുപ്പ്, കാഴ്ച മങ്ങൽ എന്നിവ ലക്ഷണങ്ങളാണ്.
പ്രമേഹം കണ്ടെത്തിയാൽ:
ആരോഗ്യകരമായ ഭക്ഷണരീതിയും, വ്യായാമവും നല്ല രീതിയിൽ ഗുണം ചെയ്യും. ഭക്ഷണശേഷം 30 മീറ്റർ നടക്കുന്നത് പ്രമേഹം കുറക്കാൻ സഹായിക്കുന്നു. ചിലർക്ക് ഗുളികയോ, ഇൻസുലിനോ ആവശ്യം വന്നേക്കാം.
ഭക്ഷണരീതി:
സമ്പൂർണ്ണ സമീകൃത ആഹാരം കഴിക്കാനായി '1/4 പ്ളേറ്റ് മെത്തേഡ്' അതായത് പ്ലേറ്റിന്റെ ഒരു ഭാഗം കാർബോഹൈഡ്രേറ്റ്, ഒരു ഭാഗം പച്ചക്കറി, ഒരു ഭാഗം പഴങ്ങൾ, ഒരു ഭാഗം പ്രോട്ടീൻ എന്നിവ ഉൾപ്പെടുത്തുക.
പരിപ്പ്, കടല തുടങ്ങിയ വെജിറ്റബിൾ പ്രോട്ടീൻ കൂടുതൽ കഴിക്കാം. മാങ്ങ, ചക്ക, ഈത്തപ്പഴം, നേന്ത്രപ്പഴം, സോഫ്റ്റ് ഡ്രിങ്ക് ഇവ ഒഴിവാക്കുക. ഭക്ഷണം ഒരു സമയത്ത് കൂടുതൽ കഴിക്കാതെ ഇടവിട്ട് തവണകളായി കഴിക്കുക.
90 ശതമാനം ആളുകളിലും പ്രസവശേഷം പ്രമേഹം നീങ്ങി പോകുമെങ്കിലും ആളിന് അടുത്ത അഞ്ച് വർഷങ്ങളിൽ പ്രമേഹം പിടിപെടാൻ 50 ശതമാനം സാധ്യതയുണ്ട്. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിന്റെ പ്രാധാന്യം ഇവിടെ വ്യക്തമാണല്ലോ.
ലേഖനം തയ്യാറാക്കിയത്:
ഡോ. സാജിറ ജാഫർ, ഗൈനക്കോളജിസ്റ്റ്, അബീർ മെഡിക്കൽ സെന്റർ ശറഫിയ്യ
നിങ്ങളുടെ പ്രമേഹ രോഗ സാധ്യത തിരിച്ചറിഞ്ഞ് സൗജന്യമായി ഡോക്ടറുടെ സേവനം നേടാം. രജിസ്ട്രേഷനായി സന്ദർശിക്കുക: For Registration Click here
ക്യൂ.ആർ കോഡ് സ്കാൻ ചെയ്തും രജിസ്‌ട്രേഷൻ പൂർത്തിയാക്കാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.