ദോഹ: ശൈത്യകാലത്തെ പകർച്ചവ്യാധികളെ തടയാൻ മുൻകരുതൽ സ്വീകരിക്കണമെന്ന അറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. മാറുന്ന കാലാവസ്ഥയിൽ സീസണൽ പനികൾ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർ.എസ്.വി) ഉൾപ്പെടെയുള്ള വൈറൽ ശ്വാസകോശ അണുബാധകൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ശൈത്യം കനക്കുകയും വൈറസ് വ്യാപനം വേഗത്തിലാവുകയും ചെയ്യുന്നതിനാൽ അണുബാധ കുറക്കാൻ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സാംക്രമികരോഗ നിയന്ത്രണ വിഭാഗം മേധാവി ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു.
പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ശ്വാസതടസ്സം എന്നിവ ഉൾപ്പെടെ പനിയുടെയും ആർ.എസ്.വിയുടെയും ലക്ഷണങ്ങൾ വളരെ സാമ്യമുള്ളതാണ്. മറ്റുള്ളവരിലേക്ക് അണുബാധ പടരാതിരിക്കാൻ ഈ രോഗലക്ഷണങ്ങളുള്ളവർ വീടുകളിൽതന്നെ തുടരണം. കൂടുതൽ രോഗലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഉടനടി ചികിത്സ തേടണം. ഉയർന്ന അപകടസാധ്യതയുള്ളവർ നേരത്തേതന്നെ ചികിത്സ തേടണം.
പനിയും ആർ.എസ്.വിയും സമാനരീതിയിലാണ് പടരുന്നത്. പകർച്ച തടയുന്നതിന് ശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു.
രോഗികളുമായി അടുത്തിടപഴകുന്നത് പരമാവധി ഒഴിവാക്കുക, കൈകൾ പതിവായി കഴുകുകയോ അണുമുക്തമാക്കുകയോ ചെയ്യുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടുക, വാക്സിനേഷൻ എടുക്കുക, അപകടസാധ്യതയുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയ ലളിതമായ പ്രതിരോധ നടപടികൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇൻഫ്ലുവൻസ, ആർ.എസ്.വി വാക്സിനുകൾ ഖത്തറിൽ ലഭ്യമാണെന്നും, ഒറ്റ സന്ദർശനത്തിലോ രണ്ട് സമയങ്ങളിലായോ വാക്സിൻ സ്വീകരിക്കാമെന്നും ഉയർന്ന അപകട സാധ്യതയുള്ളവർ വാക്സിൻ എടുത്തിരിക്കണമെന്നും ഡോ. അൽ ഖാൽ വ്യക്തമാക്കി.
താമസക്കാർക്കും വാക്സിനുകൾ സൗജന്യമായി ലഭ്യമാണെന്ന് പി.എച്ച്.സി.സി പ്രിവന്റിവ് ഹെൽത്ത് ഡയറക്ടറേറ്റിലെ ഹെൽത്ത് പ്രൊട്ടക്ഷൻ മാനേജർ ഡോ. ഖാലിദ് ഹമീദ് എൽഅവാദ് അറിയിച്ചു. പി.എച്ച്.സി.സി ഹെൽത്ത് സെന്ററുകൾ, എച്ച്.എം.സി ഒ.പി ക്ലിനിക്കുകൾ, 45ലധികം അർധ സർക്കാർ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ രാജ്യത്തെ 90ലധികം ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ വാക്സിനുകൾ ലഭ്യമാണെന്നും ഡോ. എൽ അവാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.