ജനീവ: ശരീരഭാരം നിയന്ത്രിക്കുന്നതിന് പഞ്ചസാര ഇതര മധുരപലഹാരങ്ങൾ (എൻഎസ്എസ്) ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. എൻ.എസ്.എസ് (non-sugar sweeteners) സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ പുതിയ മാർഗനിർദേശത്തിന്‍റെ ഭാഗമായിട്ടാണ് നിര്‍ദേശം.
മുതിർന്നവരിലോ കുട്ടികളിലോ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പഞ്ചസാര ഇതര മധുരങ്ങളുടെ ഉപയോഗം ദീർഘകാലാടിസ്ഥാനത്തിലുള്ള ഗുണം നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.അസ്പാർട്ടേം, നിയോടേം, സാക്കറിൻ, സ്റ്റീവിയ, സുക്രലോസ്, സൈക്ലേറ്റ് എന്നിവ പോലുള്ള വിവിധ പഞ്ചസാര ഇതര മധുരങ്ങൾ പായ്ക്ക് ചെയ്ത ഭക്ഷണത്തിലും പാനീയങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഈ മധുരങ്ങൾ സാധാരണയായി വെവ്വേറെ വിൽക്കുകയും പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുകയും ചെയ്യുന്നു.അവയിൽ കലോറി കുറവാണെന്നും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്നുമാണ് വിശ്വാസം.
ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മുതിർന്നവരിലെ മരണനിരക്ക് എന്നിവ എൻ.എസ്.എസിന്‍റെ ദീർഘകാല ഉപയോഗം കാരണം ഉണ്ടാകുമെന്നും ലോകാരോഗ്യ വ്യക്തമാക്കുന്നു. ശരീരഭാരം കുറയ്ക്കുമ്പോൾ പഞ്ചസാരയ്ക്ക് ബദൽസംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യില്ല. പകരം പഴങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ഫോർ ന്യൂട്രീഷൻ ആൻഡ് ഫുഡ് സേഫ്റ്റി ഫ്രാൻസെസ്കോ ബ്രാങ്ക പറഞ്ഞു പറഞ്ഞു. ഷുഗർ സബ്‌സ്റ്റിറ്റ്യൂട്ടുകൾക്ക് പോഷകമൂല്യമില്ല. രോഗാവസ്ഥയിലെത്തിയിട്ടല്ല, കുട്ടിക്കാലം മുതൽതന്നെ മധുര ഉപയോഗത്തിൽ നിയന്ത്രണം വേണമെന്നാണ് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നത്.
''പഞ്ചസാരക്ക് പകരം എന്‍.എസ്.എസ് ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കില്ല.ഫ്രീ ഷുഗർ കഴിക്കുന്നത് കുറയ്ക്കുന്നതിനായി മറ്റ് മാർഗങ്ങൾ ആളുകൾ പരിഗണിക്കേണ്ടതുണ്ട്. പഴങ്ങൾ, അല്ലെങ്കിൽ മധുരമില്ലാത്ത ഭക്ഷണ പാനീയങ്ങൾ എന്നിവ പോലുള്ള സ്വാഭാവികമായി ഉണ്ടാകുന്ന പഞ്ചസാര അടങ്ങിയ ഭക്ഷണം പോലുള്ളവ'' -ബ്രാങ്ക പറഞ്ഞു. എൻഎസ്എസ് അത്യാവശ്യ ഭക്ഷണ ഘടകങ്ങൾ അല്ലെന്നും പോഷകമൂല്യമൊന്നും ഇല്ലെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു. തുടക്കത്തില്‍ തന്നെ മധുരം കുറയ്ക്കുന്നതു നല്ലതാണെന്നും ബ്രാങ്ക നിര്‍ദേശിക്കുന്നു. നേരത്തെ തന്നെ പ്രമേഹമുള്ളവർ ഒഴികെ എല്ലാവർക്കും ഈ നിർദ്ദേശം ബാധകമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
നേരത്തേയും പല ഗവേഷണ സ്ഥാപനങ്ങളും മധുരത്തിനെതിരേ മുന്നറിയിപ്പ് നൽകിയിരുന്നു. നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ പുതിയ ഗവേഷണത്തിൽ ജനപ്രിയ കൃത്രിമ മധുരമായ എറിത്രിറ്റോൾ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാക്കാുമെന്ന് കെണ്ടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.