ഇൻസുലിൻ ഉപയോഗിക്കുമ്പോൾ

പ്രമേഹരോഗ ചികിത്സ സംബന്ധിച്ചും ഇൻസുലിനെക്കുറിച്ചും ഇൻസുലിൻ ഉപയോഗത്തെക്കുറിച്ചും നിരവധി സംശയങ്ങളാണ് രോഗികൾക്കുള്ളത്. കൃത്യമായ ചികിത്സാരീതികൾ അവലംബിച്ചാൻ നിയന്ത്രണത്തിലാക്കാവുന്ന രോഗമാണ് പ്രമേഹം. എന്നാൽ, തെറ്റിദ്ധാരണകളും തെറ്റായ ചികിത്സകളും പ്രമേഹരോഗവും ചികിത്സയും കൂടുതൽ സങ്കീർണമാക്കുന്നു

കൃത്യമായ ചികിത്സാരീതികൾ അവലംബിച്ചാൻ നിയന്ത്രണത്തിലാക്കാവുന്ന രോഗമാണ് പ്രമേഹം. എന്നാൽ, തെറ്റിദ്ധാരണകളും തെറ്റായ ചികിത്സകളും പ്രമേഹരോഗവും ചികിത്സയും കൂടുതൽ സങ്കീർണമാക്കുന്നു. നൂറായിരം സംശയങ്ങളാണ് ഇൻസുലിനെക്കുറിച്ചും ഇൻസുലിൻ ഉപയോഗത്തെക്കുറിച്ചും രോഗികൾക്കുള്ളത്. പത്തും പതിനഞ്ചും വർഷമായി ഇൻസുലിൻ ചികിത്സ എടുക്കുന്നവർപോലും തെറ്റായ രീതികളിലും തെറ്റായ സ്ഥാനങ്ങളിലും കുത്തിവെപ്പ് എടുക്കുന്നതായി കാണാറുണ്ട്. അതുകൊണ്ടുതന്നെ ഇൻസുലിനെക്കുറിച്ചുള്ള സാധാരണ സംശയങ്ങളെന്തൊക്കെയെന്ന് നോക്കാം.

എന്തുകൊണ്ട് ഇൻസുലിൻ ചികിത്സ

ടൈപ്-1 പ്രമേഹമുള്ളവർക്കാണ് സാധാരണ ആരംഭത്തിലേ ഇൻസുലിൻ വേണ്ടിവരുന്നത്. ഇൻസുലിൻ ഉൽപാദിപ്പിക്കേണ്ട പാൻക്രിയാസ് ഗ്രന്ഥിയിലെ ‘ബീറ്റാ’കോശങ്ങൾ മുഴുവൻ നശിച്ചുപോയതിനാൽ, ടൈപ്-1 പ്രമേഹരോഗക്കാരുടെ ശരീരത്തിൽ അൽപംപോലും ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടില്ല. ഇൻസുലിൻ പുറത്തുനിന്നു നൽകുകയല്ലാതെ മറ്റു മാർഗമില്ല. അവർ ഒരിക്കലും ഇൻസുലിൻ മുടക്കരുത്.

ടൈപ്-2 പ്രമേഹരോഗികളിൽ ഇൻസുലിൻ ഉൽപാദനം നടക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ അളവിൽ ഇല്ലാത്തതാണ് പ്രശ്നം. അവരുടെ ശരീരത്തിലെ ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കാനും ഇൻസുലിന്റെ പ്രവർത്തനക്ഷമത കൂട്ടുവാനുമുള്ള ഗുളികകളാണ് തുടക്കത്തിൽ നൽകുക. ക്രമേണ രോഗിയുടെ ശരീരത്തിൽ ഇൻസുലിൻ ഉൽപാദനം കുറഞ്ഞുവരും. ഗുളികയിൽ പ്രമേഹം നിയന്ത്രിക്കാൻ കഴിയാതെ വരും. അതോടെ ടൈപ്-2 പ്രമേഹരോഗികൾക്കും ഇൻസുലിൻ വേണ്ടിവരും. രോഗം തുടങ്ങി 10 വർഷമാകുമ്പോഴേക്ക് ഏകദേശം 60 ശതമാനം രോഗികൾക്ക് ഇൻസുലിൻ ചികിത്സ ആവശ്യമായി വന്നേക്കാം.

ഇൻസുലിൻ ‘ഉത്തമ സ്നേഹിതൻ’

ഇൻസുലിൻ പേടിക്കേണ്ട മരുന്നല്ല. പ്രമേഹരോഗിയുടെ ‘ഉത്തമ സ്നേഹിതനായി’ വേണം ഇതിനെ കരുതാൻ. ഏത് ആപദ്ഘട്ടത്തിനും ആശ്രയിക്കാൻ പറ്റിയ മരുന്നാണ് ഇൻസുലിൻ. ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്നുമാത്രം.

പ്രമേഹരോഗം മൂർധന്യത്തിലെത്തുമ്പോഴാണ് ഇൻസുലിൻ തുടങ്ങുന്നത് എന്നാണ് പലരുടെയും ധാരണ. രോഗം വഷളായി ജീവിതത്തിന്റെ അന്ത്യഘട്ടത്തിലെത്തി എന്നവർ ഭയപ്പെടുന്നു. ഗുളികയിലൂടെ ഷുഗർനില നിയന്ത്രിക്കാൻ കഴിയാതെ വരിക, മരുന്നുകൾക്കു വേണ്ടവിധം പ്രവർത്തിക്കാൻ കഴിയാതെ വരിക, ചില മരുന്നുകൾ ശരീരത്തിൽ പ്രതികൂലമായ പ്രശ്നങ്ങൾ സൃഷ്ടിക്കുക തുടങ്ങി ഇൻസുലിൻചികിത്സ അത്യാവശ്യമാവുന്ന പല സാഹചര്യങ്ങളുണ്ട്.

പ്രമേഹരോഗ ചികിത്സയുടെ ഒരു ചെറിയഭാഗം മാത്രമാണ് ഇൻസുലിൻ ചികിത്സ. ആഹാരത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ, നിത്യവ്യായാമം, മറ്റു മരുന്നുകൾ, ബി.പിയും കൊളസ്ട്രോളും നിയന്ത്രിക്കൽ, പുകവലി നിറുത്തൽ തുടങ്ങി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വേറെയുമുണ്ട്. ഇൻസുലിൻ തുടങ്ങിയാൽ ഗുളികകളെല്ലാം നിർത്താം എന്നാണ് പലരുടെയും ധാരണ. പ്രമേഹത്തിന്റെ ചില ഗുളികകൾ തുടർന്നും കഴി​ക്കണം.

ഗുളികകൾ ആണോ ഇൻസുലിനാണോ ന​ല്ലതെന്നു പലരും ചോദിക്കാറുണ്ട്. രണ്ടും നല്ലതുതന്നെ. ഏതാണ് വേണ്ടത് എന്നത് ഡോക്ടർ നിശ്ചയിക്കും. യാത്രസമയങ്ങളിലും ഇൻസുലിൻ കൈയിൽ കരുതണം. വിമാനയാത്രയിൽ കൂടി ഇൻസുലിനും സിറിഞ്ചും കൈയിൽ കൊണ്ടുപോകാൻ അനുവദിക്കും. ഇൻസുലിൻ പേനയായിരിക്കും യാത്രചെയ്യുമ്പോൾ സൗകര്യം.

ഇൻസുലിൻ വേദനിപ്പിക്കുന്ന ചികിത്സ?

സാധാരണ കുത്തിവെപ്പിനെക്കാൾ വേദന കുറവാണ് ഇൻസുലിൻ കുത്തിവെപ്പിന്. സിറിഞ്ചിന് പകരം ഇൻസുലിൻ പേനയാണ് ഉപയോഗിക്കുന്നതെങ്കിൽ സൂചിയുടെ വലുപ്പം വളരെ കുറയും. ഒരു തലനാരിഴയെക്കാൾ അൽപംകൂടി വണ്ണമേയുള്ളൂ സൂചിക്ക്. ചെറിയ ഉറുമ്പു കടിക്കുന്ന വേദന മാത്രം. ശീലമായാൽ അത് അറിയുകയേയില്ല. സാധാരണ ഇൻസുലിൻ സിറിഞ്ച് ഒരു പ്രാവശ്യം ഉപയോഗിച്ച് കളയേണ്ടതാണ്. ചെലവു കുറക്കാൻ രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാം. കൂടുതൽ ഉപയോഗിച്ചാൽ വേദനയും കൂടും. കുത്തിവെക്കുന്നിടത്ത് അണുബാധക്കുള്ള സാധ്യതയും വർധിക്കും. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഇൻസുലിൻ തണുപ്പ് മാറാതെ കുത്തിവെക്കുന്നത് വേദനക്ക് കാരണമാകും. കുത്തിവെക്കുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും ഇൻസുലിൻ പുറത്തെടുത്തുവെക്കണം.

കുത്തിവെപ്പ് എവിടെയെല്ലാം?

സാധാരണ തൊലിക്കടിയിലാണ് ഇൻസുലിൻ കുത്തിവെക്കുന്നത് (Subcutaneous -Sc). ആശുപത്രികളിൽവെച്ച് ഞരമ്പിലേക്കും മസിലിനുള്ളിലേക്കും ചിലപ്പോൾ കുത്തിവെക്കാറുണ്ട്. സ്വയം ഇൻസുലിൻ കുത്തിവെക്കുന്നത് തൊലിക്കടിയിൽ മാത്രമാണ്.

ഇൻസുലിൻ കൈകളുടെയും കാലുകളുടെയും പുറംവശത്താണ് കുത്തിവെക്കേണ്ടത് (ചിത്രം കാണുക). കൂടാതെ പൊക്കിളിന്റെ അൽപം ദൂരത്തായി വയറിലും ഇൻസുലിൻ കുത്തിവെക്കാം. 10-15 വർഷമായി ഇൻസുലിൻ എടുക്കുന്നവർപോലും തുടയുടെ ഉൾവശത്തും മുൻഭാഗത്തും കുത്തിവെപ്പ് എടുക്കുന്നത് കാണാറുണ്ട്. ഒരിക്കലും തുടയുടെ ഉൾഭാഗത്ത് ഇൻസുലിൻ എടുക്കരുത്.

കുത്തിവെപ്പ് എടുക്കാവുന്ന സ്ഥലങ്ങൾ

യാത്രക്കിടയിലും മറ്റും വസ്ത്രങ്ങളിലൂടെ ഇൻസുലിൻ കുത്തിവെക്കുന്നവരുണ്ട്. ഇത് ശരിയല്ല. ശരീരഭാഗം സ്പിരിറ്റ് ഉപയോഗിച്ച് അണുമുക്തമാക്കിയ ശേഷം വേണം കുത്തിവെക്കാൻ. ഇല്ലെങ്കിൽ അണുബാധ ഉണ്ടാകാനും പിന്നീട് Injection Site Abscessനും കാരണമാകാം.

ഇൻസുലിൻ ശരീരഭാരം കൂട്ടുമോ?

ഗുളികകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണല്ലോ ഇൻസുലിൻ തുടങ്ങുന്നത്. ഇൻസുലിൻ ചികിത്സ തുടങ്ങുന്നതോടെ ഷുഗർനില സാധാരണഗതിയിലാകും. അതായത്, നമ്മൾ കഴിക്കുന്ന ആഹാര പദാർഥങ്ങളിലെ അന്നജം ദഹിച്ച് ഗ്ലൂക്കോസായി മാറി, അത് രക്തത്തിൽ തങ്ങിനിൽക്കാതെ ശരീരകോശങ്ങളിലേക്ക് സാധാരണ ഗതിയിൽ ആഗിരണം ചെയ്യപ്പെടാൻ തുടങ്ങുന്നു. കഴിക്കുന്ന ആഹാരം ശരീരത്തിന് മുഴുവനായും കിട്ടുന്നതിനാൽ സ്വാഭാവികമായും ശരീരത്തിന് അൽപം ഭാരം കൂടും.

ശരീര വളർച്ചയെ സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. അതും ശരീരഭാരം അൽപം കൂടാൻ കാരണമാകും. ദിവസേന എടുക്കുന്ന ഇൻസുലിന്റെ ‘ഡോസ്’ അധികമായാൽ ഷുഗർനില സാധാരണയിലും താഴുകയും അത് അമിത വിശപ്പിന് കാരണമാകുകയും ചെയ്യും. ഈ അവസ്ഥയിൽ ആഹാരം കൂടുതൽ കഴിച്ച് സ്ഥിതി നിയന്ത്രിക്കാൻ ശ്രമിച്ചാൽ ശരീരഭാരം കൂടുകതന്നെ ചെയ്യും. പകരം ഇൻസുലിൻ ‘ഡോസ്’ ക്രമീകരിക്കുകയാണ് വേണ്ടത്. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും നി​ത്യേനയുള്ള വ്യായാമത്തിലൂടെയും ശരീരഭാരം കൂ​ടാതെ നിയന്ത്രിക്കാൻ സാധിക്കും.

ഷുഗർ നോർമലായാൽ ഇൻസുലിൻ നിർത്താമോ?

സാധാരണ ടൈപ്-2 ​പ്രമേഹക്കാരിൽ ഗുളികകളിൽ മാത്രം ഷുഗർനില നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇൻസുലിൻ ചികിത്സകൂടി ചേർക്കുന്നത്. അതായത് നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിന്റെ അളവ് വളരെയധികം കുറഞ്ഞു. ഗുളികകൾകൊണ്ട് ഇൻസുലിൻ ഉൽപാദനം വർധിപ്പിച്ച് ഷുഗർ സാധാരണനിലയിലെത്തിക്കാൻ കഴിയുന്നില്ല. അപ്പോൾ ഇൻസുലിൻ ചികിത്സ തുടങ്ങുക മാ​ത്രമാണ് പ്രതിവിധി. ഷുഗർനില സാധാരണഗതിയിലായാൽ ഇൻസുലിൻ ചികിത്സ നിറുത്താൻ കഴിയില്ല. ശരീരം സ്വയം നിർമിക്കേണ്ട ഹോർമോൺ നിർമിക്കാൻ കഴിയാതെ വരുമ്പോൾ പുറത്തുനിന്ന് അതു നൽകുന്നതാണ് ഇൻസുലിൻ ചികിത്സ. അത് നിറുത്താൻ പാടില്ല. ശസ്ത്രക്രിയ, ഗർഭാവസ്ഥ, അണുബാധ മുതലായ ഘട്ടങ്ങളിൽ താൽക്കാലികമായി ഇൻസുലിൻ ചികിത്സ തുടങ്ങേണ്ടിവരാറുണ്ട്. അത് പിന്നീട് നിറുത്താൻ സാധിക്കും.

മറ്റു മരുന്നുകൾ കഴിക്കുമ്പോൾ

മറ്റ് അസുഖങ്ങൾക്കായി ‘ആന്റി ബയോട്ടിക്കുകളോ മറ്റ് മരുന്നുകളോ കഴിക്കുമ്പോൾ ഇൻസുലിൻ സ്വയം നിറുത്തുന്നവരുണ്ട്. ഇത് ഒരിക്കലും ചെയ്യരുത്. പല അസുഖങ്ങളും അണുബാധ ഉൾപ്പെടെ ഷുഗർനില കൂടുതൽ ഉയരുന്നതിന് കാരണമാകാം. അതുകൊണ്ടുതന്നെ ഇൻസുലിൻ ചികിത്സ തുടരുകതന്നെ വേണം. ഇടക്കിടെ ഷുഗർനില പരിശോധിച്ച് ആവശ്യമെങ്കിൽ ഡോസ് ക്രമീകരിക്കണം. ചില ആന്റിബയോട്ടിക്കുകൾ ഷുഗർനില കുറക്കാൻ കാരണമാകും. അത് ഹൈപ്പോഗ്ലൈസീമിയക്ക് വഴിതെളിക്കും. സാധാരണ, ഡോക്ടർമാർ ഇത്തരം സന്ദർഭങ്ങളിൽ മുൻകരുതലെടുക്കാൻ പറയാറുണ്ട്.

ക്ഷീണം തോന്നുക, വിശപ്പ് കൂടുക, വിറയൽ വരിക, ശരീരം വിയർക്കുക, തലവേദന, ചുണ്ടുകളുടെ ചുറ്റും തരിപ്പ് അനുഭവപ്പെടുക, നെഞ്ചിടിപ്പ് വർധിക്കുക തുടങ്ങിയവയെല്ലാം ഷുഗർനില ശരീരത്തിൽ ആവശ്യത്തിലധികം കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം സന്ദർഭങ്ങളിൽ ഷുഗർനില ഒരു ഗ്ലൂക്കോ മീറ്റർവെച്ച് തിട്ടപ്പെടുത്തിയശേഷം കുറച്ച് ഗ്ലൂക്കോസോ പഞ്ചസാരയോ പഴം ജ്യൂസോ കഴിച്ചാൽ ഷുഗർനില സാധാരണ നിലയിലെത്തും. മറ്റ് അസുഖങ്ങൾക്കായി മരുന്നുകൾ പുതുതായി കഴിക്കേണ്ടിവരുമ്പോൾ ചികിത്സിക്കുന്ന ഡോക്ടറോട് പ്രമേഹരോഗമുണ്ടെന്നും കഴിക്കുന്ന മരുന്നുകൾ ഇവയാണെന്നും പറയാൻ ശ്രദ്ധിക്കണം. 

Tags:    
News Summary - When using insulin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.