ഒരു വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും മനസ്സിലൂടെ കടന്നുപോകുന്ന ചോദ്യങ്ങളിൽ ഏറ്റവും ആദ്യത്തേത് പുതിയത് വേണോ, പഴയതുവേണോ എന്നായിരിക്കും. വാങ്ങുന്നയാളുടെ സാമ്പത്തികാവസ്ഥയും കൈയിലുള്ള തുകയും വാഹനത്തിന്റെ വിലയുമെല്ലാം ഇതിനെ സ്വാധീനിക്കും. അനാവശ്യ തലവേദന ഒഴിവാക്കുക എന്നതാണ് പഴയ വാഹനം തിരഞ്ഞെടുക്കാതെ പുതിയതു വാങ്ങാൻ പലരെയും പ്രേരിപ്പിക്കുന്നത്. എൻജിന് എന്തെങ്കിലും പ്രശ്നമുണ്ടായിരിക്കുമോ, മറ്റെന്തെങ്കിലും തകരാറോ കേസുകളോ ഉള്ള വാഹനമാണോ എന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുകയെന്നതും പുതിയ വാഹനം വാങ്ങാൻ മുഖ്യ ഘടകമാകാറുണ്ട്. എന്നാൽ പുതിയ വാഹനം വാങ്ങാൻ തീരുമാനിച്ച ശേഷവും ‘തലവേദന’ മാറുന്നില്ലെങ്കിൽ നമുക്ക് വാഹനസംബന്ധിയായ അജ്ഞത ലേശമുള്ളയാളാണെന്ന് ഉറപ്പിക്കാം. അത്തരക്കാരാണ് നിങ്ങളെങ്കിൽ ഇനി പറയുന്നത് വായിച്ചുപോകാം.
വസ്ത്രവും ചെരിപ്പും വാങ്ങുംപോലെ കടയിലെത്തിയ ശേഷമല്ല വാഹനമേത് വേണമെന്ന് തീരുമാനിക്കാൻ. കാറായാലും ഇരുചക്രവാഹനമായാലും നമുക്കിഷ്ടപ്പെട്ട വാഹനത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കിയ ശേഷമേ ഷോറൂമിലേക്ക് പുറപ്പെടാവൂ. വാങ്ങാനുദ്ദേശിക്കുന്ന വാഹനം ഉപയോഗിച്ചുവരുന്നവരോടും അഭിപ്രായം തേടാവുന്നതാണ്. വാഹനത്തിന് ഏത് നിറം വേണം, ഏത് വേരിയന്റ് വേണം എന്നതടക്കമുള്ള കാര്യങ്ങൾ ഷോറൂമിലെ സെയിൽസ് എക്സിക്യൂട്ടിവല്ല തീരുമാനിക്കേണ്ടത്, ഇക്കാര്യത്തിൽ കൃത്യമായ ധാരണ വെച്ചുപുലർത്തിയ ശേഷമേ ഷോറൂമിലേക്ക് പോകാവൂ. ചില പ്രത്യേക നിറം വളരെ നല്ലതാണെന്ന് ഒക്കെ പറഞ്ഞ് നമ്മെ തെറ്റിദ്ധരിപ്പിച്ച് അത് വാങ്ങാൻ വരെ പ്രേരിപ്പിക്കുന്ന ഷോറൂമുകളുമുണ്ട്. യഥാർഥത്തിൽ അധികം വിറ്റുപോകാത്ത കളർ വേരിയന്റ് നമ്മുടെ തലയിൽ കെട്ടിവെക്കാനായിരിക്കും പലപ്പോഴും ശ്രമം.
വാഹനങ്ങളിലെ ചില വേരിയന്റുകൾക്ക് അടിസ്ഥാന മോഡലിനെ അപേക്ഷിച്ചുള്ള വിലവ്യത്യാസം അറിഞ്ഞിരിക്കണം. എന്തൊക്കെ ഫീച്ചറുകളാണ് കൂടുതലുള്ളതെന്നും ഈ ഫീച്ചറുകളെല്ലാം നമുക്കാവശ്യമുള്ളതാണോ എന്നും മനസ്സിലാക്കണം. വാഹനം ബുക്ക് ചെയ്ത് പണമടച്ച ശേഷമല്ല ഇതൊക്കെ തീരുമാനിക്കേണ്ടത്. ഉദാഹരണത്തിന് ക്രൂസ് കൺട്രോൾ പോലെയുള്ള ഫീച്ചറുകൾ മലയോര മേഖലയിൽ താമസിക്കുന്ന ഒരാൾക്ക് ആവശ്യമേയില്ല. സൺ റൂഫുള്ള മോഡലും അല്ലാത്തതും മാത്രമാണ് വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസമെങ്കിൽ വില താരതമ്യം ചെയ്യുക. ചെറിയ വില വ്യത്യാസമേ ഉള്ളൂവെങ്കിൽ മാത്രം സൺറൂഫൊക്കെയുള്ളത് തെരഞ്ഞെടുത്താൽ മതിയാകും. ആദ്യത്തെ കൗതുകമൊഴിച്ചാൽ ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് ഒട്ടും ഇണങ്ങിയതല്ല മുകളിൽ ചൂണ്ടിക്കാണിച്ച രണ്ട് ഫീച്ചറും.
ഒരു വാഹനം ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ അതെക്കുറിച്ച് വീട്ടിലുള്ളവരോട് അഭിപ്രായം ചോദിക്കുന്നത് നല്ലതാണ്. പ്രായമുള്ളവർക്കും കാലിനും നടുവിനുമൊക്കെ പ്രശ്നങ്ങളുള്ളവരുമൊക്കെയാണ് വീട്ടിലുള്ളതെങ്കിൽ അത്തരക്കാർക്ക് കംഫർട്ടുള്ള വാഹനങ്ങൾ വേണം തെരഞ്ഞെടുക്കാൻ. കയറാനും ഇറങ്ങാനുമുള്ള സൗകര്യം മുതിർന്നവർക്ക് വലിയ കാര്യമാണ്. സാധാരണ ഗതിയിൽ നല്ല റോഡുകളിലൂടെയാവും ടെസ്റ്റ് ഡ്രൈവ് എടുക്കുക. എന്നാൽ വണ്ടിയുടെ യാത്രാസുഖവും മറ്റുകാര്യങ്ങളും പരിശോധിക്കണമെങ്കിൽ എല്ലാ റോഡുകളിലും ഓടിക്കണം. പ്രത്യേകിച്ച് ഗട്ടർ നിറഞ്ഞ പാതകളിലും സ്ഥിരമായി സഞ്ചരിക്കേണ്ട വീടിനടുത്തുള്ള റോഡുകളും ടെസ്റ്റ് ഡ്രൈവിന് കിട്ടിയാൽ വളരെ നന്നായിരിക്കും. ആവശ്യമറിഞ്ഞുമാത്രം വാഹനം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് നാലുപേർ വരെയുള്ള കുടുംബം, ചെറിയ വഴിയാണ് വീട്ടിലേക്കുള്ളത്, വളക്കാനും തിരിക്കാനും ബുദ്ധിമുട്ടാണെങ്കിൽ ഒരു സെഡാൻ വാങ്ങുന്നത് അബദ്ധമായിരിക്കും. ജാട കാണിക്കുക എന്നതിലുപരിയായി സൗകര്യപ്രദമായി വാഹനം കൈകാര്യം ചെയ്യാൻ പറ്റുക എന്നതിനായിരിക്കണം മുൻതൂക്കം. ധാരാളം കുടുംബാംഗങ്ങളുണ്ടെങ്കിൽ ഒതുക്കമുള്ള എം.പി.വിയോ എസ്.യു.വിയോ വാങ്ങാം. വഴിയേ പോകുന്ന എല്ലാവരോടും നാം വാങ്ങുന്ന വാഹനത്തെക്കുറിച്ച് ചോദിക്കാതിരിക്കുകയാണ് നല്ലത്. നിലവിൽ ഈ വാഹനം ഉപയോഗിക്കുന്ന ആളുകളോട് ചോദിക്കുന്നതിൽ തെറ്റില്ല താനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.