ഗുരുഗ്രാം: ചാർജിങ്ങിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 60കാരന് ദാരുണാന്ത്യം. പൊട്ടിത്തെറിയെ തുടർന്ന് വീടിന് തീപിടിച്ചാണ് സുരേഷ് സാഹു എന്നയാൾ മരിച്ചത്. വീട്ടിലുണ്ടായിരുന്ന നാല് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഗുരുഗ്രാമിലെ കാൻഹായ് ഗ്രാമത്തിലാണ് സംഭവം നടന്നത്. തീപിടുത്തമുണ്ടായപ്പോൾ തന്‍റെ ഒറ്റമുറി വീട്ടിൽ ഭാര്യ റീന (50), മക്കളായ മനോജ് (25), സരോജ് (18), അനൂജ് (14) എന്നിവരുടെ അരികിൽ ഉറങ്ങുകയായിരുന്നു സുരേഷ് സാഹു.
റൂമിനകത്ത് വെച്ച് ബാറ്ററി പൊട്ടിത്തെറിക്കുകയും പിന്നാലെ പുതപ്പുകൾക്ക് തീപിടിക്കുകയുമായിരുന്നു. വൈകാതെ അത് റൂം മുഴുവനും വ്യാപിക്കുകയും ചെയ്തു. പുക കാരണം അഞ്ചംഗ കുടുംബം മുറിക്കകത്ത് കുടുങ്ങിയതിനെ തുടർന്ന് രക്ഷിക്കാനായി അയൽവാസികൾക്ക് ജനലുകൾ തകർക്കേണ്ടതായി വന്നിരുന്നു.
"ഞങ്ങൾ വാതിൽ തുറക്കാൻ ശ്രമിച്ചു, പക്ഷേ അത് ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. മുറിയിൽ പുക നിറഞ്ഞതിനാൽ സാഹുവും കുടുംബവും അകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു''. - അയൽവാസിയായ രമേഷ് കുമാർ പറഞ്ഞു. പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിച്ചതും അയൽവാസികളായിരുന്നു. ഒരു മണിക്കൂർ നേരമെടുത്താണ് തീ നിയന്ത്രിച്ചത്.
പെട്രോൾ പമ്പിൽ ടീ സ്റ്റാൾ നടത്തിവരികയായിരുന്നു മരിച്ച സുരേഷ് സാഹു. മക്കളായ മനോജും സരോജും ഷോപ്പിലെ ജീവനക്കാരാണ്. ഇളയ മകൻ അനൂജ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.