രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന കോംപാക്ട് സെഡാനുകളിൽ ഒന്നാണ് മാരുതി സുസുക്കിയുടെ ഡിസയർ. വിണയിൽ ഇറങ്ങിയിട്ട് വർഷങ്ങൾ ഏറെയായെങ്കിലും വലിയ മാറ്റങ്ങളൊന്നും വാഹനത്തിൽ വരുത്താൻ കമ്പനി തയാറായിരുന്നില്ല. എന്നാൽ ഈ മാസം 11ന് പുറത്തിറങ്ങുന്ന നാലാം തലമുറ ഡിസയറിൽ വമ്പൻ മാറ്റങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതിസുരക്ഷാ ഫീച്ചറുകളും ഉയർന്ന മൈലേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹോണ്ട അമേസിന് ശക്തനായ എതിരാളി എന്ന നിലയിൽ മാരുതി അവതരിപ്പിക്കുന്ന ഡിസയറിന്റെ പ്രീ ബുക്കിങ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. 6.7 ലക്ഷം മുതൽ 10.49 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
മോശം ബിൽറ്റ് ക്വാളിറ്റിയുടെ പേരിൽ എക്കാലവും പഴി കേൾക്കുന്ന വാഹനങ്ങളാണ് മാരുതിയുടേത്. വിമർശകർ കളിയാക്കി ‘പപ്പട വണ്ടി’ എന്ന് പലപ്പോഴും വിളിക്കാറുമുണ്ട്. ഗ്ലോബൽ ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാം (ഗ്ലോബൽ എൻ.സി.എ.പി) ക്രാഷ് ടെസ്റ്റിൽ മോശം റേറ്റിങ് നേടുന്ന വാഹനങ്ങളാണ് മുൻകാലത്ത് മാരുതി പുറത്തിറക്കിയിരുന്നത്. എന്നാൽ അടുത്തിടെ ജപ്പാനിൽ ക്രാഷ് ടെസ്റ്റ് നടത്തിയ സുസുക്കി സ്വിഫ്റ്റ് ഫോർ സ്റ്റാർ റേറ്റിങ് നേടിയതോടെ ഇതിൽ മാറിചിന്തിക്കേണ്ട സമയമായെന്ന സൂചന വന്നിരുന്നു.
ഇതിനു പിന്നാലെ, ഡിസയറും ക്രാഷ് ടെസ്റ്റിൽ വമ്പൻ റേറ്റിങ് നേടിയതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എൻ.സി.എ.പി ക്രാഷ് ടെസ്റ്റ് പ്രകാരം മുതിർന്ന യാത്രക്കാർക്ക് ഫൈവ് സ്റ്റാർ നിലവാരത്തിലും കുട്ടികൾക്ക് ഫോർ സ്റ്റാർ നിലവാരത്തിലുമുള്ള സുരക്ഷ നൽകാൻ പുതിയ ഡിസയറിന് കഴിയുമെന്നാണ് റിപ്പോർട്ട്.
പുതിയ ഡിസയറിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 25.71 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാനുവൽ ഗിയർ ബോക്സിൽ 24.79 കി.മീ ആണ് മൈലേജ്. കോംപാക്ട് സെഡാൻ വിഭാഗത്തിൽ ലഭിക്കാവുന്ന മികച്ച മൈലേജ് തന്നെയാണ് ഇതെന്ന കാര്യത്തിൽ തർക്കമില്ല.
സ്വിഫ്റ്റിന്റേതിനു സമാനമായി എൽ.എക്സ്.ഐ, വി.എക്സ്.ഐ, ഇസഡ്.എക്സ്.ഐ, ഇസഡ്.എക്സ്.ഐ പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിൽ ഡിസയറും ലഭ്യമാണ്. എന്നാൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എൽ.എക്സ്.ഐയിൽ ലഭിക്കില്ല. വി.എക്സ്.ഐ, ഇസഡ്.എക്സ്.ഐ എന്നിവയിൽ സി.എൻ.ജി എൻജിനിലും വാഹനം ലഭ്യമാണ്. ഗാലന്റ് റെഡ്, നട്മെഗ് ബ്രൗൺ, അല്യൂറിങ് ബ്ലൂ, ബ്ല്യൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, ആർക്ടിക് വൈറ്റ്, സ്പെൻഡിഡ് സിൽവർ എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളിൽ ഡിസയർ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.