അംബാസഡർ എന്ന ഐകണിക് മോഡൽ എന്നും വാഹനപ്രേമികളുടെ ഹരമാണ്. ഇന്ത്യൻ റോഡുകളുടെ രാജാവ് എന്നായിരുന്നു ഒരുകാലത്ത് അംബാസിഡറിനെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്. നിരത്തിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് പിൻവാങ്ങിയെങ്കിലും, രൂപമാറ്റം വരുത്തി ചെത്ത് ലുക്കിലും പഴയകാല തനിമ നിലനിർത്തിയുമുള്ള അംബാസഡറുകൾ കേരളത്തിലടക്കമുണ്ട്.
ഇപ്പോഴിതാ രാജസ്ഥാനിൽ നിന്നുള്ള ഒരു അംബാസഡറാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 2009 മോഡലിൽ ഉള്ള കാറിന് സൺറൂഫ് ഉണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഗ്ലോസി ബ്ലൂ നിറമാണ്. സ്റ്റെലിഷായ ഈ വാഹനം 2.75 ലക്ഷം രൂപക്കാണ് ഉടമ വിൽപനക്ക് വെച്ചിരിക്കുന്നത്.
അംബാസഡർ മോഡലിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സവിശേഷതയായ സൺറൂഫാണ് കൂടുതൽ പേരെ ആകർഷിക്കുന്നത്. ഇത് ഉടമ ആഫ്റ്റർ മാർക്കറ്റായി ഘടിപ്പിച്ചതാണ്. ഒരുപക്ഷേ സൺറൂഫിൽ പ്രത്യക്ഷപ്പെടുന്ന ഒരേയൊരു അംബാസഡർ കാറും ഇതായിരിക്കാം.
റെട്രോ റൗണ്ട് ആകൃതിയിലുള്ള ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ, കറുത്ത ഫ്രണ്ട് ഗ്രിൽ, ബോഡി നിറത്തിള്ള ബമ്പറുകൾ, അലോയ് വീലുകൾ, പിന്നിൽ എൽ.ഇ.ഡി ലൈറ്റ് ബാർ എന്നിവയുണ്ട്. പിൻവശത്ത് ബെഞ്ച് സീറ്റുകൾ, മുൻവശത്ത് ഹാന്‍റ് റസ്റ്റ്, സിൽവർ നിറത്തിലുള്ള ഡാഷ് ബോർഡും ക്യാബിനും എന്നിവ മനോഹരമാണ്. ഫെയ്സ് ബുക്കിൽ വാഹനത്തിന്‍റെ നിരവധി ചിത്രങ്ങൾ ഉടമ പങ്കുവെച്ചിട്ടുണ്ട്.
ബിർള ഗ്രൂപ്പിന്‍റെ ഭാഗമായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഓഫ് ഇന്ത്യ 1957 മുതലാണ് അംബാസഡർ നിർമിച്ചിരുന്നത്. യു.കെയിലെ മോറിസ് മോട്ടോഴ്‌സ് ലിമിറ്റഡ് ആദ്യമായി നിർമിച്ച മോറിസ് ഓക്‌സ്‌ഫോർഡ് സീരീസ് III മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അംബാസഡർ. പശ്ചിമ ബംഗാളിലെ ഉത്തർപരയിലെ കമ്പനി സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് 2014ൽ അംബാസഡറിന്‍റെ നിർമാണം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, 2022ൽ അംബാസഡർ വീണ്ടും അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. അംബാസിഡറിന്‍റെ ഇലക്ട്രിക് പതിപ്പാവും എത്തുക എന്നായിരുന്നു അന്നത്തെ സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.