പുതിയ സൂപ്പർ കാർ ഇന്ത്യയിൽ അവതരിപ്പിച്ച് ആസ്റ്റണ്‍ മാര്‍ട്ടിന്‍; നിരത്തുകളിൽ വേഗരാജാവാകാൻ വാന്‍റേജ് വി 8

ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്തമായ ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കൾ ആസ്റ്റണ്‍ മാര്‍ട്ടിന്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ വാന്‍റേജ് വി 8 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആസ്റ്റണ്‍ മാര്‍ട്ടിന്‍റെ ഐക്കണിക് വണ്‍ 77 സൂപ്പര്‍കാറില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാന്റേജ് നിര്‍മിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ച് വാഹനം കസ്റ്റമൈസ് ചെയ്യാനുള്ള സൈകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. കാറിന്‍റെ ഡെലിവറി ഈ വര്‍ഷം അവസാനം ആരംഭിക്കും. 3.99 കോടി രൂപ മുതലാണ് എക്‌സ്ഷോറും വില ആരംഭിക്കുന്നത്.

കരുത്തും വന്യതയും ഒത്തുചേരുന്ന ഹൈ പെര്‍ഫോമന്‍സ് സ്‌പോര്‍ട്‌സ് കാര്‍ ആകര്‍ഷകമായ മസ്‌കുലര്‍ ഷാര്‍പ്പ് ഡിസൈനിലാണ് എത്തുന്നത്. അതേസമയം സൂക്ഷ്മമായ അപ്‌ഡേറ്റുകളോടെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ തങ്ങളുടെ ക്ലാസിക് ലുക്ക് നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും വീതിയേറിയ വീല്‍ ആര്‍ച്ചുകളും നല്‍കിയിട്ടുള്ള കാര്‍ മുന്‍ മോഡലിനേക്കാള്‍ പുതുമയുള്ളതായി കാഴ്ചയില്‍ അനുഭവപ്പെടും.

ഡ്രൈവിങ് സുഖമമാക്കുന്നതിനായി വെറ്റ്, സ്‌പോര്‍ട്ട്, സ്‌പോര്‍ട്‌സ് പ്ലസ്, ട്രാക്ക്, ഇന്‍ഡിവിജുവല്‍ തുടങ്ങിയ ഡ്രൈവിംഗ് മോഡുകളും വാന്‍റേജ് വി 8ൽ ഒരുക്കിയിട്ടുണ്ട്. ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ച് ൈഡ്രവ്‌ട്രെയിന്‍, സ്റ്റിയറിങ്, ഷാസി എന്നിവ ക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്. ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്‍റി-ലോക്ക് ബ്രേക്കിംങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെ വിപുലമായ സേഫ്റ്റി പെര്‍ഫോമന്‍സ് ഫീച്ചറുകളും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഡൈനാമിക് ടോര്‍ക്ക് വെക്ടറിംഗ് തുടങ്ങിയ അധിക സംവിധാനങ്ങൾ കാറിനെ കൈകാര്യം ചെയ്യാൻ എളുപ്പമാക്കുന്നു. മിഷലിന്‍ പൈലറ്റ് സ്‌പോര്‍ട് ടയറുകളില്‍ പൊതിഞ്ഞ 21 ഇഞ്ച് അലോയ്‌വീലും ഇലക്ട്രോണിക് റിയര്‍ ഡിഫറന്‍ഷ്യലോട് കൂടിയ ബില്‍സ്റ്റീന്‍ ഡി.ടി.എക്‌സ് അഡാപ്റ്റീവ് ഡാംപറുകളും നിരത്തില്‍ വാഹനത്തിന്‍റെ സ്റ്റബിലിറ്റി ഉറപ്പുവരുത്തുന്നു. കാര്‍ബണ്‍ സെറാമിക് ബ്രേക്കുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

പുതിയ വലിയ ത്രീ പീസ് ഡി.ആര്‍.എല്ലുകളോട് കൂടിയ ഹെഡ് ലൈറ്റുകളാണ് വി 8ൽ നല്‍കിയിരിക്കുന്നത്. പുതിയ ഇന്‍റീരിയര്‍ ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ വാഹനത്തില്‍ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകളും അത്യാധുനിക സാങ്കേതിക വിദ്യയുമുള്ള അള്‍ട്രാ ലക്ഷ്വറി ഇന്‍റീരിയറാണ് കാറിന്‍റെ പ്രത്യേകത. സ്‌പോര്‍ട്ടി ഡിസൈനും ആഡംബരവും ഇടകലര്‍ത്തിയ ഡ്രൈവര്‍ കാബിൻ ലെതറിലാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

സ്പോര്‍ട്സ് സ്റ്റിയറിങ് വീലും 8 വേ പവര്‍ അഡ്ജസ്റ്റബിള്‍ സ്പോര്‍ട്സ് സീറ്റുകളും ഇന്‍റീറിയർ കൂടുതൽ മനോഹരമാക്കുന്നു. ഡ്യുവല്‍ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, 15 സ്പീക്കര്‍ ബോവേഴ്‌സ് ആന്‍ഡ് വില്‍കിന്‍സ് ഓഡിയോ സിസ്റ്റം തുടങ്ങിയ നൂതന സൗകര്യങ്ങളും കാറില്‍ വരുന്നുണ്ട്.

4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 എഞ്ചിനാണ് വി 8ന്‍റെ ഹൃദയം. 665 ബി.എച്ച്.പിയും 800 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തിലുള്ളത്. 3.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഉയര്‍ന്ന വേഗത 325 കിലോമീറ്ററായി ഇലക്ട്രോണിക്കലി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും വേഗതയേറിയ വാന്‍റേജാണിത്.

Tags:    
News Summary - Aston Martin Vantage V8 launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.