കോവിഡ് കാലത്തിനുശേഷം നടക്കുന്ന ഓട്ടോ എക്‌സ്‌പോ, അവതരിപ്പിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണംകൊണ്ടുമാത്രമല്ല ശ്രദ്ധനേടുന്നത്. വമ്പന്മാരുടെ അഭാവവും ഓട്ടോ എക്സ്പോക്കിടെ കാര്യമായ ചർച്ചയാകുന്നുണ്ട്. മൂന്ന് വർഷത്തിന് ശേഷം ഇന്ത്യൻ ഓട്ടോ എക്‌സ്‌പോ തിരിച്ചുവരുമ്പോൾ, പല പ്രമുഖ കാർ നിർമ്മാതാക്കളും വിട്ടുനിൽക്കുകയാണ്. മാരുതി സുസുകി, ടൊയോട്ട, ഹ്യുണ്ടായ്, കിയ, ടാറ്റ മോട്ടോഴ്‌സ്, എംജി മോട്ടോഴ്‌സ് എന്നിവയാണ് പങ്കെടുക്കുന്ന പ്രമുഖ നിർമ്മാതാക്കളെങ്കിൽ, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, സ്‌കോഡ, ഫോക്‌സ്‌വാഗൺ, റെനോ, നിസ്സാൻ, ജീപ്പ് എന്നിവരെക്കൂടാതെ മഹീന്ദ്ര പോലുള്ള ഇന്ത്യൻ നിർമാതാക്കളും അവരുടെ അഭാവംകൊണ്ട് ശ്രദ്ധേയരാവുകയാണ്.
ഇതിനുമുമ്പും ഓട്ടോ എക്സ്പോകൾ നിരവധി നിർമാതാക്കൾ ഒഴിവാക്കാറുണ്ട്. എന്നാൽ ഇത്രയും പ്രമുഖർ കൂട്ടത്തോടെ വിട്ടുനിൽക്കുന്നത് ഇത് ആദ്യമായാണ്. ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോർ കോ തുടങ്ങിയ പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കൾ പോലും എഥനോൾ പവലിയനിൽ ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പ് വാഹനങ്ങളുടെ പ്രദർശനം മാത്രമായി എക്സ്പോയിലെ തങ്ങളുടെ സാന്നിധ്യം ചുരുക്കിയിട്ടുണ്ട്. പ്രമുഖരുടെ വിട്ടുനിൽക്കലുമായി ബന്ധപ്പെട്ട് നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സമയ മാറ്റം
ഇന്ത്യൻ ഓട്ടോ എക്‌സ്‌പോ രണ്ട് വർഷത്തിലൊരിക്കലാണ് സാധാരണ നടത്തുന്നത്. 2020 ഫെബ്രുവരിയിലാണ് അവസാനമായി എക്‌സ്‌പോ നടന്നത്. പിന്നീട് നടക്കേണ്ടിയിരുന്നത് 2022 ഫെബ്രുവരിയിലാണ്. എന്നാൽ കോവിഡ് എല്ലാം തകിടംമറിക്കുകയായിരുന്നു. അങ്ങിനെയാണ് 2023ൽ എക്‌സ്‌പോ നടത്താൻ സംഘാടകരായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM) തീരുമാനിക്കുന്നത്. വർഷം മാറിയതിനൊപ്പം മാസവും മാറിയിരുന്നു. സാധാരണ ഫെബ്രുവരിയിൽ നടക്കുന്ന പരിപാടി ജനുവരിയിലേക്ക് മാറി. സാധാരണ ഡൽഹി പ്രഗതി മൈതാനത്ത് നടക്കുന്ന പരിപാടി ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ നടത്തുന്നതും ആദ്യമായാണ്. ഇത്തരം മാറ്റങ്ങൾ കാരണം പല നിർമാതാക്കൾക്കും എക്സ്പോയ്ക്കായി ഒരുങ്ങാനായില്ല എന്നാണ് സൂചന.
കസ്റ്റമേഴ്സ് വരുന്നില്ല
സിയാം നൽകുന്ന വിവരം അനുസരിച്ച് 46 വാഹന നിർമാതാക്കളാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. ഇതിൽ മിക്കതും ഇ.വി സ്റ്റാർട്ടപ്പുകളാണ്. ഇ.വി, ഹൈബ്രിഡ്, ഫ്ലക്സ് ഫ്യൂവൽ, ഹൈഡ്രജൻ സെൻ തുടങ്ങിയ വിഭാഗങ്ങളാണ് ഇത്തവണ എക്സ്പോയിൽ ശ്രദ്ധനേടിയത്.
‘ഞങ്ങൾ വർഷങ്ങളായി എക്സ്പോയിൽ പങ്കെടുക്കാറുണ്ട്. ഞങ്ങളുടേത് പോലുള്ള ആഡംബര ബ്രാൻഡുകളുടെ എക്സ്പോയിലെ പ്രസക്തി കുറവാണെന്നാണ് ഞങ്ങൾ കരുതുന്നത്. അവിടെ വരുന്ന ഉപഭോക്താക്കൾ അത്തരത്തിലുള്ളവരല്ല. അതിനാലാണ് ഞങ്ങൾ എക്സ്പോയിൽ നിന്ന് വിട്ടുനിലക്കാൻ കാരണം. ഈ സമയം ഉപഭോക്താക്കളുമായി ഇടപഴകാനുള്ള മറ്റ് മാർഗങ്ങൾ പരിശോധിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് കൂടുതൽ നിക്ഷേപം നടത്താൻ ഉപകാരപ്പെടുന്നത് ഉപഭോക്തൃ അനുഭവങ്ങളിൽ നിന്നാണ്. അല്ലാതെ സാധാരണ സ്വഭാവമുള്ള മോട്ടോർ ഷോ പ്ലാറ്റ്‌ഫോമിലല്ല’-മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞു.
‘ഓട്ടോ ഷോയിൽ നിന്ന് വിട്ടുനിൽക്കുകയും ഇന്ത്യയിലെ ഉൽപ്പന്ന അവതരണങ്ങൾക്കായി സ്വന്തം ടൈംലൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഞങ്ങളുടെ തീരുമാനം’- സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ പറയുന്നു. നഗരത്തിൽ നിന്ന് എക്‌സ്‌പോ വേദിയിലേക്കുള്ള ദൂരവും ഉയർന്ന പ്രവേശന ഫീസും ചില നിർമാതാക്കൾ പ്രശ്നമായി ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.