കാത്തിരിപ്പിന് അറുതിയായി; ജിംനി അവതരിപ്പിച്ച് മാരുതി സുസുകി

ആരാധകൾ ഏറെ നാളായി കാത്തിരിക്കുന്ന മാരുതി സുസുകി ജിംനി ഓട്ടോ എക്സ്​പോയിൽ അവതരിപ്പിച്ചു. മഹീന്ദ്ര ഥാർ ഒറ്റക്ക് വിലസുന്ന എൻട്രി ലെവൽ എസ്.യു.വി സെഗ്മെന്റിലേക്കാണ് അഞ്ച് ഡോറുകളുള്ള വാഹനം എത്തിയിരിക്കുന്നത്. മാരുതിയുടെ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡിങ് എസ്‌.യു.വി 2023 മധ്യത്തോടെ നിരത്തിലെത്തുമെന്നാണ് സൂചന.

പുത്തൻ ജിംനിക്കായുള്ള ഔദ്യോഗിക ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനായോ നെക്‌സ ഡീലർഷിപ്പിലൂടെയോ പ്രീ-ബുക്ക് ചെയ്യാം.

ആഗോള വിപണിയിലുള്ള ത്രീ-ഡോർ ജിംനി സിയറയുമായി താരതമ്യപ്പെടുത്തുമ്പോൾ അഞ്ച് ഡോർ മോഡലിന് കൂടുതൽ വലിപ്പവും പ്രായോഗികതയും ഉണ്ടെന്നതാണ് പ്രത്യേകത. സുസുകിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റം ഉള്ള 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, വലിയ മൾട്ടി-സ്ലോട്ട് ഗ്രിൽ, ചെറിയ ബമ്പർ എന്നിവയാണ് മുൻവശത്ത് കാണാനാവുക. വശക്കാഴ്ച്ചയിൽ വലിയ വീൽ ആർച്ചുകൾ ആണ് ആദ്യം ശ്രദ്ധയിൽപ്പെടുക. പുതുതായി രൂപകൽപ്പന ചെയ്‌ത പിൻവാതിലുകൾ ജിംനിയുടെ ബോക്‌സി ബോഡി സ്‌റ്റൈലുമായി നന്നായി യോജിക്കുന്നുണ്ട്. 3,985 mm നീളവും 1,645 mm വീതിയും 1,720 mm ഉയരവും 2,590 mm വീൽബേസുമാണുള്ളത്. ഇന്റീരിയറിലലേക്കെത്തിയാൽ ഡാഷ്‌ബോർഡ് ലേഔട്ടിലും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

മധ്യഭാഗത്ത് വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റമാണ് ഇടംപിടിച്ചിരിക്കുന്നത്. മാരുതിയുടെ സ്മാർട്ട്പ്ലേ പ്രോ പ്ലസ് യൂനിറ്റാണിത്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആർക്കമീസ് സൗണ്ട് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് ഇന്റീരിയറിനെ സമ്പന്നമാക്കുന്ന ഫീച്ചറുകൾ. ജിംനിയുടെ ഇന്റീരിയറിനെ പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്.

ഫീച്ചറുകൾ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലായി പ്രവർത്തിപ്പിക്കാവുന്ന സൈഡ് മിററുകൾ, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, പവർ വിൻഡോകൾ തുടങ്ങിങ്‍വ ഉൾപ്പെടുത്തിയിട്ടുണ്ട്. എച്ച്.വി.എ.സി നിയന്ത്രണങ്ങളുള്ള സ്റ്റിയറിങ് വീൽ, സർക്കുലർ ഡയലുകൾ എന്നിവ പോലുള്ള ചില ബിറ്റുകൾ സ്വിഫ്റ്റിനെ ഓർമപ്പെടുത്തുന്നതാണ്. ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റുള്ള ഇ.എസ്.പി, ഹിൽ ഡിസന്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ഇബിഡി ഉള്ള എബിഎസ് എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

മഹീന്ദ്രയും ഫോഴ്‌സ് മോട്ടോർസും യഥാക്രമം ഥാറിന്റെയും ഗൂർഖയുടെയും അഞ്ച് ഡോർ വെർഷനുകൾ ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അതിനാൽത്തന്നെ വിപണിയിൽ മത്സരം കടുക്കുകതന്നെ ചെയ്യും. ജിംനി 5-ഡോർ വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ വിപണി ഇന്ത്യയായിരിക്കും. അതിനുശേഷം ആഗോള വിപണികളിലേക്കും വാഹനത്തെ കയറ്റി അയക്കാനാണ് സുസുകിയുടെ പദ്ധതി.

Tags:    
News Summary - Auto Expo 2023: Maruti Suzuki Jimny 5-door makes global debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.