വാഹനലോകത്തെ അതികായരും ജർമൻ ആഢംബര കാർ നിർമാതാക്കളുമായ ബി.എം.ഡബ്യുവിന്‍റെ പുതിയ തീരുമാനം ഉറ്റുനോക്കുകയാണ് ലോകം. 2023ഓടെ തങ്ങളുടെ 20 ശതമാനം വാഹനങ്ങൾ വൈദ്യുതീകരിക്കാനാണ് ബീമർ ലക്ഷ്യമിടുന്നത്. 2023ൽ തങ്ങൾ വിൽക്കുന്ന അഞ്ചിൽ ഒരു കാർ ഇലക്ട്രിക് ആകുമെന്ന് ബി.എം.ഡബ്ല്യു അധികൃതർ പറയുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വേഗത്തിലാക്കാൻ ബീമർ ഒരുങ്ങുന്നുവെന്ന വിവരം കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഒലിവർ സിപ്‌സെ തന്നെയാണ് വെളിപ്പെടുത്തിയത്.
'ഞങ്ങൾ വൈദ്യുത വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുകയാണ്. 2021നും 2023നും ഇടയിൽ ആദ്യം ആസൂത്രണം ചെയ്തതിനേക്കാൾ കാൽലക്ഷം ഇലക്ട്രിക് കാറുകൾ ഞങ്ങൾ നിർമിക്കും' -സിപ്സെ പറഞ്ഞു. '2023 ഓടെ ഞങ്ങളുടെ അഞ്ചിലൊരു കാറും ഇലക്ട്രിക് ആവണണമെന്ന് ബിഎംഡബ്ല്യു ആഗ്രഹിക്കുന്നു. നിലവിലെ എട്ട് ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെക്കൂടുതലാണ്' -സിപ്സെ കൂട്ടിച്ചേർത്തു. ചാർജർ സംവിധാനങ്ങളുടെ വ്യാപനം വേഗത്തിലാക്കണമെന്നും ബീമർ നിർദേശിച്ചിട്ടുണ്ട്.
'ഇന്നത്തെ കണക്കനുസരിച്ച് ഓരോ ആഴ്ചയും 15,000 സ്വകാര്യ ചാർജിങ് പോയിന്‍റുകൾ ക്രമീകരിക്കേണ്ടതുണ്ട്. ഇതോടൊപ്പം 1,300 പബ്ലിക് ചാർജിങ് പോയിൻറുകളും പ്രവർത്തനക്ഷമമാക്കണം. നിർഭാഗ്യവശാൽ ഞങ്ങൾ അതിൽ നിന്ന് വളരെ ദൂരെയാണ്. പക്ഷെ ആ ലക്ഷ്യം ഞങ്ങൾ കൈവരിക്കുകതന്നെ ചെയ്യും' -അദ്ദേഹം ഒരു ജർമൻ പത്രത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.