ഏറ്റവും പുതിയ ഇലക്ട്രിക് മോഡലായ ഐ 7 ഇന്ത്യയിൽ അവതരിപ്പിച്ചു. ബി.എം.ഡബ്ല്യു സെവൻ സീരീസിന്റെ ഇ.വി വെർഷനാണ് ഐ സെവൻ. എക്സ് ഡ്രൈവ് 60 എന്ന ഒറ്റ വേരിയന്റിലാണ് വാഹനം പുറത്തിറക്കിയത്. വാഹനം പൂർണ്ണമായും നിർമ്മിച്ച ഇറക്കുമതിയായാണ് ഇന്ത്യയിൽ എത്തുന്നത്. 1.95 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
സ്റ്റാന്റേർഡ് സെവൻ സീരീസിൽ നിന്ന് വത്യസ്തമായി അകത്തും പുറത്തും വാഹനത്തിന് മാറ്റങ്ങളുണ്ട്. ബാഡ്ജിങ്ങിന് ചുറ്റുമുള്ള നീല ആക്‌സന്റുകൾ, പുതിയ അലോയ് വീലുകൾ, ഫ്രണ്ട് ഗ്രില്ലിലെ ‘ഐ’ ബാഡ്ജുകൾ എന്നിവയാണ് പുറത്തെ മാറ്റങ്ങളിൽ പ്രധാനം. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ, ബിഎംഡബ്ല്യു ഐ എക്സ്, സെവൻ സീരീസ് എന്നിവയിൽ കാണുന്നതുപോലെയുള്ള ഡോർ ഹാൻഡിലുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
ഇന്റീരിയറും സവിശേഷതകളും
സെവൻ സീരീസിന്റെ അതേ ഇന്റീരിയർ ഡിസൈനാണ് ഐ സെവനുള്ളത്. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടി കർവ്ഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ആദ്യത്തേതിന് 14.9 ഇഞ്ച് യൂനിറ്റും രണ്ടാമത്തേതിന് 12.3 ഇഞ്ച് യൂനിറ്റും ഉണ്ട്. ബിഎംഡബ്ല്യൂവിന്റെ ഏറ്റവും പുതിയ ഐ ഡ്രൈവ് 8 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചാണ് ഇൻഫോടൈൻമെന്റ് സിസ്റ്റം പ്രവർത്തിക്കുക.
ഇന്റീരിയറിലെ മുഖ്യ ആകർഷണം പിന്നിലെ യാത്രക്കാർക്കുള്ള 31.3 ഇഞ്ച്, 8 കെ 'സിനിമ' സ്‌ക്രീനാണ്. ആമസോൺ ഫയർ ടി.വി വഴി വിഡിയോ സ്ട്രീമിങ് ചെയ്യാവുന്ന സിസ്റ്റമാണിതിൽ. 5 ജി കോമ്പാറ്റിബിലിറ്റി ഉള്ള സിം കാർഡും പ്രവർത്തിക്കാനാവും. എ.സി, സീറ്റുകൾ മുതലായവ നിയന്ത്രിക്കുന്ന 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ പിൻ ഡോറുകളിലും ഘടിപ്പിച്ചിരിക്കുന്നു.
പവർട്രെയിൻ
രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിന് കരുത്തുപകരുന്നത്. ഓരോ ആക്സിലിലും ഘടിപ്പിച്ചിരിക്കുന്നു മോട്ടോറുകൾ യഥാക്രമം 544hp ഉം 745Nm ഉം ഉത്പാദിപ്പിക്കും. 591 മുതൽ 625 കിലോമീറ്റർ വരെ റേഞ്ചുള്ള 101.7kWh ലിഥിയം-അയൺ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 0-100kph വേഗമാർജിക്കാൻ വാഹനത്തിന് 4.7സെക്കൻഡ് മതിയാകും. പരമാവധി വേഗത 239kph ആണ്. ഇലക്ട്രിക് 7 സീരീസ് എസി സിസ്റ്റത്തിൽ 11 കിലോവാട്ട് വരെയും ഡി.സി സിസ്റ്റത്തിൽ 195 കിലോവാട്ട് വരെയും ചാർജ് ചെയ്യാം. ഫാസ്റ്റ് ചാർജിങ്ങിൽ 34 മിനിറ്റിൽ i7-ന്റെ ബാറ്ററികൾ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.
എതിരാളികൾ
1.55 കോടി രൂപ (എക്സ്-ഷോറൂം) വിലയുള്ള ബെൻസ് ഇ.ക്യു.എസ്, 1.53 കോടി രൂപ മുതൽ 2.34 കോടി രൂപ വരെ (എക്സ് ഷോറൂം) വിലയുള്ള പോർഷെ ടെയ്‌കാൻ 1.70 കോടി (എക്സ്-ഷോറൂം) വിലയുള്ള ഓഡി ഇ-ട്രോൺ ജി.ടി എന്നിവരാണ് ഐ സെവന്റെ പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.