ബോളിവുഡ് താരങ്ങൾ ആഡംബര കാറുകൾ വാങ്ങുന്നത് സാധാരണ പ്രതിഭാസമാണെങ്കിലും, അവർ ഒരു മാസ്-മാർക്കറ്റ് വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് അപൂർവ്വമാണ്. ഇന്ത്യയിലെ ജനപ്രിയ എസ്.യു.വിയായ മഹീന്ദ്ര ഥാർ ഒരു മാസ് മാർക്കറ്റ് വാഹനംകൂടിയാണ്. ലൈഫ്‌സ്‌റ്റൈൽ വാഹനമെന്ന നിലയിൽ ആകർഷകമായ പ്രതിഛായയാണ് ഥാറിനുള്ളത്. സാധാരണക്കാരുടെയും സെലിബ്രിറ്റികളുടെയും ഹൃദയത്തിൽ വാഹനം ഇടംനേടിയിട്ടുമുണ്ട്. നിരവധി ജനപ്രിയ വ്യക്തിത്വങ്ങൾ രണ്ടാം തലമുറ മഹീന്ദ്ര ഥാർ വാങ്ങിയിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ബോളിവുഡ് നടി രവീണ ടണ്ടനും എത്തുകയാണ്.
അടുത്തിടെ, രവീണ ക്ലബ് മഹീന്ദ്രയുടെ വാണിജ്യ പരസ്യത്തിൽ അഭിനയിച്ചിരുന്നു. ഷൂട്ടിംഗിനിടെ, ക്ലബ് മഹീന്ദ്രയെക്കുറിച്ചുള്ള ഒരു വീഡിയോ രവീൺ ട്വീറ്റ് ചെയ്തു. അത് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. തന്റെ ട്വീറ്റ് ആനന്ദ് മഹീന്ദ്ര ഷെയർ ചെയ്തതിന് പിന്നാലെ, താൻ പുതിയ മഹീന്ദ്ര ഥാർ വാങ്ങാൻ പദ്ധതിയിടുകയാണെന്ന് രവീണ ട്വീറ്റ് ചെയ്തു. 'കോളേജ് പഠനകാലത്ത് എന്റെ ആദ്യത്തെ കാറായിരുന്നു മഹീന്ദ്ര ജീപ്പ്. അതിലാണ് ഞാൻ ഡ്രൈവിങ് പഠിച്ചത്. പുതുതായി മഹീന്ദ്ര ഥാർ സ്വന്തമാക്കി ജീപ്പുമായുള്ള ബന്ധം തുടരാൻ ആഗ്രഹിക്കുന്നു'- രവീണ ട്വീറ്റിൽ പറഞ്ഞു.
ഈ ട്വീറ്റിന് ആനന്ദ് മഹീന്ദ്ര മറുപടി നൽകി. 'മഹീന്ദ്ര ഥാർ ക്ലബ് മഹീന്ദ്ര റിസോർട്ടിലേക്ക് കൊണ്ടുപോകുന്നത് പോലെ സന്തോഷകരമായ ഒന്നുമില്ല'-എന്നാണ് അദ്ദേഹം കുറിച്ചത്. തന്റെ പുതിയ ഥാർ ക്ലബ് മഹീന്ദ്രയുടെ റിസോർട്ടുകളിൽ ഒന്നിലേക്ക് കൊണ്ടുപോകണമെന്നും അദ്ദേഹം രവീണയോട് നിർദ്ദേശിച്ചു.
2020 ഓഗസ്റ്റിൽ ലോഞ്ച് ചെയ്തതു മുതൽ, രണ്ടാം തലമുറ ഥാർ ജനപ്രിയ വാഹനമായി തുടരുകയാണ്. രണ്ട് വർഷത്തോളമാണ് വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവ്. പുതിയ മഹീന്ദ്ര ഥാർ രണ്ട് പവർട്രെയിനുകളിൽ ലഭ്യമാണ്. 2.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 2.2-ലിറ്റർ ഡീസൽ എഞ്ചിനും. ഇവ രണ്ടും 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാകും.
പെട്രോൾ എൻജിൻ പരമാവധി 150 പിഎസ് പവർ ഔട്ട്പുട്ടും 320 എൻഎം ടോർക്ക് ഔട്ട്പുട്ടും പുറത്തെടുക്കുമ്പോൾ, ഡീസൽ എഞ്ചിൻ 130 പിഎസ് പരമാവധി കരുത്തും 300 എൻഎം പരമാവധി ടോർക്കും വാഗ്ദാനം ചെയ്യുന്നു. ഹാർഡ്-ടോപ്പ്, സോഫ്റ്റ്-ടോപ്പ് കൺവേർട്ടിബിൾ എന്നീ പതിപ്പുകളുമുണ്ട്. ഫോർ-വീൽ-ഡ്രൈവിനൊപ്പം ഫോർ-സീറ്റർ ഓഫ്-റോഡറായും ഥാർ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.