ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിലെ വാഹനവിപണിക്ക് ആശ്വാസത്തിന്റെ കാലം. പ്രമുഖ കമ്പനികളുടെ വാർഷികഫലങ്ങൾ പുറത്തുവരുമ്പോൾ വളർച്ചയുടെ കണക്കുകളാണ് മിക്കവരും നിരത്തുന്നത്. പ്രമുഖ കമ്പനികൾ രണ്ടക്ക വളർച്ചയാണ് വിൽപനയിൽ കൈവരിച്ചത്.
ഇന്ത്യയിലെ മുൻനിര വാഹനനിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ സാമ്പത്തികവർഷം എക്കാലത്തെയും മികച്ച നേട്ടമാണുണ്ടാക്കിയത്. 19,66,164 വാഹനങ്ങളാണ് കഴിഞ്ഞവർഷം വിൽപന നടത്തിയത്. മുൻവർഷത്തേക്കാൾ 19 ശതമാനമാണ് വളർച്ച. ആഭ്യന്തരവിപണിയിലെ വിൽപന മുൻവർഷം 14,14,277 യൂനിറ്റായിരുന്നത് ഇത്തവണ 17,06,831 യൂനിറ്റായി ഉയർന്നു. കയറ്റുമതി മുൻവർഷത്തെ 2,38,376 യൂനിറ്റിൽനിന്ന് 259,333 യൂനിറ്റായി വർധിച്ചു.
അതേസമയം, മാർച്ചിലെ വിൽപനയിൽ നേരിയ കുറവുണ്ടായി. കഴിഞ്ഞ വർഷം മാർച്ചിൽ 1,70,395 വാഹനങ്ങൾ വിൽപന നടത്തിയപ്പോൾ ഈ വർഷം മാർച്ചിൽ വിൽപന 1,70,071 ആയി കുറഞ്ഞു. ബ്രെസ, എർട്ടിഗ, എസ്-ക്രോസ്, എക്സ്.എൽ6, ഗ്രാൻഡ് വിറ്റാര എന്നിവയാണ് മാർച്ചിൽ ഏറ്റവും കൂടുതൽ വിൽപന നടന്നത്. അതേസമയം, ആൾട്ടോ, എസ്-പ്രെസോ, ബലേനോ, സെലേറിയോ, ഡിസൈർ, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺആർ എന്നിവയുടെ വിൽപനയിൽ കുറവുണ്ടായി.
കഴിഞ്ഞ സാമ്പത്തികവർഷം ടാറ്റ മോട്ടോഴ്സ് വിൽപനയിൽ 35 ശതമാനം വളർച്ച നേടി. മുൻവർഷം 6,92,554 വാഹനങ്ങൾ ആഭ്യന്തര വിപണിയിൽ വിൽപന നടത്തിയ സ്ഥാനത്ത് ഇത്തവണ 9,31,957 വാഹനങ്ങൾ വിൽക്കാനായി. യാത്രാവാഹനങ്ങളുടെ വിൽപന 3,70,372 യൂനിറ്റിൽനിന്ന് 5,38,640 ആയി ഉയർന്നു. വാണിജ്യ വാഹനങ്ങളുടെ വിൽപന 16 ശതമാനം വർധിച്ച് 4,13,539 ആയി.
ഹ്യൂണ്ടായി മോട്ടോർ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വാർഷിക വിൽപനയാണ് ഇത്തവണയുണ്ടായത്. മുൻവർഷത്തേക്കാൾ 17.9 ശതമാനം വളർച്ചയോടെ 7,20,565 വാഹനങ്ങളാണ് ഇത്തവണ വിൽപന നടത്തിയത്. ആഭ്യന്തരവിപണിയിലും ഏറ്റവും ഉയർന്ന വിൽപനയാണ് ഇത്തവണയുണ്ടായത്. 5,67, 546 വാഹനങ്ങളാണ് ആഭ്യന്തരവിപണിയിൽ വിൽപന നടത്തിയത്. പുതിയ മോഡലുകളായ ക്രെറ്റ, ന്യൂ വെന്യൂ, അൽകാസർ, ഓറ, ഗ്രാൻഡ് ഐ10 നിയോസ് എന്നിവയാണ് വിൽപനയിൽ മുന്നിട്ടുനിന്നത്.
എം.ജി മോട്ടോർ ഇന്ത്യ കഴിഞ്ഞ മാർച്ചിലെ വിൽപനയിൽ 28 ശതമാനം വളർച്ച കൈവരിച്ചു. 6051 വാഹനങ്ങളാണ് മാർച്ചിൽ വിൽപന നടന്നത്.ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് എസ്.യു.വിയായ എം.ജി ഹെക്ടർ രണ്ടാമത്തെ ഉയർന്ന വിൽപന കൈവരിച്ചു.
ടൊയോട്ട കിർലോസ്കർ കഴിഞ്ഞ സാമ്പത്തികവർഷം വാഹനവിൽപനയിൽ 41 ശതമാനം വളർച്ച കൈവരിച്ചു. 1,74,015 വാഹനങ്ങളാണ് പോയവർഷം വിറ്റത്. ഇന്നോവ ഹൈക്രോസ്, അർബൻ ക്രൂസർ ഹൈറൈഡർ, ന്യൂ ഇന്നോവ ക്രിസ്റ്റ, ഹൈലക്സ് എന്നിവയാണ് വിൽപനയിൽ മുന്നിട്ടുനിന്നത്.
കിയ ഇന്ത്യ കഴിഞ്ഞ സാമ്പത്തികവർഷം വിറ്റത് 2,69,229 വാഹനങ്ങൾ. മുൻവർഷത്തേക്കാൾ 44 ശതമാനമാണ് വളർച്ച. നാലാം പാദത്തിൽ കമ്പനിയുടെ വിപണിവിഹിതം 7.4 ശതമാനമായി ഉയരുകയും ചെയ്തു.
അതുൽ ഓട്ടോ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തികവർഷം 25,549 വാഹനങ്ങളാണ് വിൽപന നടത്തിയത്. മുൻവർഷത്തേക്കാൾ 59.07 ശതമാനമാണ് വളർച്ച.
ടി.വി.എസ് മോട്ടോർ കമ്പനി കഴിഞ്ഞ മാർച്ചിൽ വിൽപനയിൽ മൂന്ന് ശതമാനം വളർച്ച കൈവരിച്ചു. 3,17,152 വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റത്. ഇരുചക്രവാഹനങ്ങളുടെ വിൽപന അഞ്ച് ശതമാനം ഉയർന്ന് 3,07,559 ആയി.
റോയൽ എൻഫീൽഡ് കഴിഞ്ഞ സാമ്പത്തികവർഷം വിൽപന നടത്തിയത് 8,34,895 മോട്ടോർ സൈക്കിളുകൾ. മുൻവർഷത്തേക്കാൾ 39 ശതമാനം വളർച്ചയാണ് വിൽപനയിലുണ്ടായത്. കയറ്റുമതി 23 ശതമാനം വർധിച്ച് 1,00,055 യൂനിറ്റായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.