ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ ബ്രാൻഡായി ജാപ്പനീസ്​ കമ്പനി; 2023ൽ വിറ്റത്​ 1.12 കോടി വാഹനങ്ങൾ

ജാപ്പനീസ്​ ബ്രാൻഡുകൾ ഏതുമാകട്ടെ അതിനോട്​ ലോകം പുലർത്തുന്ന വിശ്വാസം ഇതിനകം തെളിയിക്കപ്പെട്ട്​ കഴിഞ്ഞിട്ടുള്ളതാണ്​. ഇലക്​ട്രോണിക്സ്​ ഉത്പന്നങ്ങൾ മുതൽ വാഹനങ്ങൾവരെ ഇതിൽ​പ്പെടും. ലോകത്ത്​ ഏറ്റവും വിൽക്കപ്പെടുന്ന കാറുകളും മോട്ടോർസൈക്കിളുകളും നിർമിക്കുന്നത്​ ജപ്പാനിലാണ്​. 2023ലെ വിൽപന കണക്കുകൾ പുറത്തുവരുമ്പോഴും പാസഞ്ചർ കാർ വിൽപനയിൽ ഒന്നാമത്​ ഒരു ജാപ്പനീസ്​ കമ്പനി തന്നെയാണ്​.

ടൊയോട്ട എന്ന ഒന്നാമൻ

ഉപഭോക്​തൃ വിശ്വാസ്യതയുടെ കാര്യത്തില്‍ ഒന്നാമതുള്ള ടൊയോട്ട തന്നെയാണ് ആഗോള പാസഞ്ചര്‍ വാഹന വില്‍പനയിലും ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ടൊയോട്ട ലോക ഒന്നാം നമ്പരുകാരനാകുന്നത്​. ഇന്ത്യയിലെ വില്‍പനയില്‍ ഒന്നാം സ്ഥാനമില്ലെങ്കിലും നാട്ടുകാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡാണ് ടൊയോട്ട. 2023ൽ ലോകത്താകമാനം ടൊയോട്ട വിറ്റത്​ 1.12 കോടി വാഹനങ്ങളാണ്​. ആഗോള വില്‍പനയില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞ വര്‍ഷം 7.2 ശതമാനം വളര്‍ച്ചയാണ് നേടിയത്.

ചെറുകാര്‍ വില്‍ക്കുന്ന ഡൈഹാറ്റ്സു, ട്രക്ക് യൂനിറ്റായ ഹിനോ എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളും ടൊയോട്ടയുടെ വില്‍പനക്ക് ഗണ്യമായ സംഭാവനകൾ നല്‍കി. ഈ ബ്രാന്‍ഡുകളുടെ മികവില്‍ ടൊയോട്ട വിദേശ വിപണികളിലുള്ള വില്‍പന 8.9 ദശലക്ഷം യൂനിറ്റാക്കി ഉയര്‍ത്തി. ടൊയോട്ടയുടെ ഉത്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.6 ശതമാനം വര്‍ധിച്ച് 2023-ല്‍ 11.5 ദശലക്ഷം യൂനിറ്റിലെത്തി. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളുമായി മല്ലിടുന്ന സാഹചര്യത്തില്‍ നിന്ന് മാറി, നിര്‍മിക്കുന്ന ഉത്പന്നങ്ങളെല്ലാം ചൂടപ്പം പോലെ വിറ്റുപോകുന്ന സ്ഥിതിയിലേക്ക് ടൊയോട്ട മാറിയതായാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.


വിതരണ ശൃംഖല മെച്ചപ്പെട്ടതും വടക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ ചില പ്രധാന വിപണികളില്‍ തങ്ങളുടെ കാറുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നതുമാണ് ഉത്പാദനം വര്‍ധിപ്പിക്കാനും ലാഭം കൂട്ടാനും ടൊയോട്ടയെ സഹായിച്ചത്. ആഗോള ഓട്ടോമൊബൈല്‍ വ്യവസായം സീറോ-എമിഷന്‍ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ടൊയോട്ടയുടെ ഈ മിന്നും പ്രകടനം.

ഇലക്ട്രിക് കാറുകള്‍ക്ക് പകരം ഹൈബ്രിഡ് വാഹനങ്ങളിലാണ് ടൊയോട്ട ഇപ്പോൾ ശ്രദ്ധ പുലർത്തുന്നത്​. പ്യുവര്‍ ഇവി സെഗ്മെന്റില്‍ പിന്നിലാണെങ്കിലും ടൊയോട്ടയുടെ ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്ത്യയിടക്കം വമ്പന്‍ ഡിമാന്‍ഡാണ്. ടൊയോട്ടയുടെ കാര്‍ വില്‍പനയുടെ മൂന്നില്‍ ഒന്നും ഹൈബ്രിഡുകളാണ്. ഇവികളോട് അത്ര അടുപ്പം കാണിക്കാതിരിക്കുമ്പോഴും മറ്റ് ഗ്രീന്‍, ക്ലീനര്‍ പവര്‍ട്രെയിന്‍ സാങ്കേതികവിദ്യക്ക് ഊന്നല്‍ നല്‍കുന്നുണ്ട് ടൊയോട്ട. കഴിഞ്ഞ വര്‍ഷം ടൊയോട്ട 104,018 യൂനിറ്റ് ബാറ്ററി ഇവികളാണ് വിറ്റത്.

ബ്രാന്‍ഡിന്റെ വില്‍പനയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്​ട്രിക് വാഹനങ്ങളുടെ വില്‍പന. 2024 സാമ്പത്തിക വര്‍ഷത്തില്‍ 202,000 യൂനിറ്റ് ഇവികള്‍ വില്‍ക്കാനായിരുന്നു ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ലക്ഷ്യം. എന്നാല്‍, വിതരണ ശൃംഖലയും ഡിമാന്‍ഡ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം നവംബറില്‍ ലക്ഷ്യം 123,000 ആയി കുറച്ചു. 2026-ഓടെ പ്രതിവര്‍ഷം 15 ലക്ഷം യൂനിറ്റും 2030-ഓടെ 35 ലക്ഷം യൂനിറ്റും ബാറ്ററി ഇവി വില്‍ക്കാനാണ് ടൊയോട്ടയുടെ പദ്ധതി.

ഫോക്സ്​വാഗൻ രണ്ടാമത്​

ഫോക്‌സ്വാഗണ്‍ എ.ജി ആണ് 2023 കലണ്ടര്‍ വര്‍ഷം ആഗോള പാസഞ്ചര്‍ വാഹന വില്‍പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് 92.4 ലക്ഷം യൂനിറ്റ് വില്‍പന നടത്തി. 12 ശതമാനമായിരുന്നു ജര്‍മനിക്കാരുടെ വില്‍പനയിലെ വളര്‍ച്ച.


ആഗോള ഇലക്ട്രിക് കാര്‍ വിപണിയിൽ അമേരിക്കന്‍ വാഹന ഭീമന്മാരായ ടെസ്‌ലയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഒന്നാം സ്ഥാനം കൈയടക്കിയതും പ്രത്യേകതയാണ്​. ഇന്ത്യയിലടക്കം കഴിഞ്ഞ വര്‍ഷം ഒരുപാട് വാര്‍ത്തകള്‍ സൃഷ്ടിച്ച കമ്പനിയാണ് ബി.വൈ.ഡി. ഇലക്ട്രിക് വാഹനങ്ങളും പ്ലഗ്-ഇന്‍ ഹൈബ്രിഡുകളും മാത്രം വില്‍ക്കുന്ന ചൈനീസ് ബ്രാന്‍ഡാണ്​ ബി.വൈ.ഡി. പോയവര്‍ഷം ബി.വൈ.ഡി ഏകദേശം 30.2 ലക്ഷം ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളാണ് ഡെലിവറി ചെയ്തത്. അതേസമയം ടെസ്​ലയുടെ 2023-ലെ ഇലക്ട്രിക് കാര്‍ വില്‍പന 18.1 ലക്ഷം യൂനിറ്റായിരുന്നു.

Tags:    
News Summary - For the fourth year in a row, this is the world's best-selling automaker!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.