ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് സവിശേഷമായൊരു നേട്ടം കൈവരിച്ചു. ലോകത്താകമാനം 100 ദശലക്ഷം (10 കോടി) ഇരുചക്രവാഹനങ്ങളെ നിരത്തിലെത്തിക്കുകയെന്ന നാഴികക്കല്ലാണ് കമ്പനി പിന്നിട്ടത്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ പ്ലാന്‍റിൽ നിന്നാണ് 10 കോടി തികക്കുന്ന ബൈക്ക് പുറത്തിറക്കിയത്. ഹീറോ എക്‌സ്ട്രീം 160 ആർ ആണ് സുവർണബൈക്കായി മാറിയത്. ബോളിവുഡ് നടൻ ഷാരൂഖ് ഖാനും ബൈക്ക് പുറത്തിറക്കൽ ചടങ്ങിൽ എത്തിയിരുന്നു.
1984 ലാണ് ഹീറോ കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് ഹീറോയും ഹോണ്ടയും ചേർന്ന് ഒറ്റ കമ്പനിയായിരുന്നു. 2013ൽ 50 ദശലക്ഷം ബൈക്കുകൾ വിപണിയിൽ എത്തിച്ചു. 2017 ആയപ്പോഴേക്കും കമ്പനി 75 ദശലക്ഷം ഇരുചക്രവാഹനങ്ങൾ നിർമ്മിച്ചിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി 100 മില്ല്യൺ മാർക്കിലെത്തി. 2013ലെ 50 ദശലക്ഷത്തിൽ നിന്ന് 2021 ന്‍റെ തുടക്കത്തിൽ 100 ദശലക്ഷമായി കമ്പനിയുടെ നിർമാണ കണക്ക് കുതിക്കുകയായിരുന്നു. ഈ നാഴികക്കല്ലിലെത്തിയ അതിവേഗ വാഹന നിർമാതാക്കളിൽ ഒരാളാണ് ഹീറോ.
'ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അഭിലാഷങ്ങൾക്ക് ചലനാത്മകത നൽകുന്നതിൽ ഹീറോ മോട്ടോകോർപ്പ് മുൻപന്തിയിലാണ്. ഹീറോയോടുള്ള സ്നേഹവും വിശ്വാസവും തുടരുന്ന ഉപഭോക്താക്കളുടെ ആഘോഷമാണിത്. ലോകത്തിനായി ഞങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നു എന്ന ആപ്തവാക്യത്തിനുള്ള അംഗീകാരമാണിത്' -ഹീറോ മോട്ടോകോർപ്പ് ചെയർമാനും സിഇഒയുമായ ഡോ. പവൻ മുഞ്ജാൽ പറഞ്ഞു.
ഇക്കാലയളവിൽ തുടർച്ചയായി 20 വർഷമാണ് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായി ഹീറോ മോട്ടോകോർപ്പ് നിലനിന്നത്. അടുത്ത അഞ്ച് വർഷക്കാലയളവിൽ പത്തിലധികം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് ഹീറോ പറഞ്ഞു. ഇന്ത്യക്ക് പുറത്തുള്ള വിപണികളും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 100 ദശലക്ഷം ഉൽപാദന അവസരം ആഘോഷിക്കാൻ കമ്പനി ആറ് സെലിബ്രേഷൻ പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. സ്പ്ലെൻഡർ +, എക്‌സ്ട്രീം 160 ആർ, പാഷൻ പ്രോ, ഗ്ലാമർ 125, ഡെസ്റ്റിനി 125, മാസ്ട്രോ എഡ്ജ് 110 എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മോഡലുകൾ 2021 ഫെബ്രുവരി മുതൽ വിൽപ്പനയ്‌ക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.