തങ്ങളുടെ എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാൻ ഹീറോ മോേട്ടാർ കമ്പനി തീരുമാനിച്ചു. നിർമാണ സാമഗ്രികളുടെ വിലയിലുണ്ടായ വർധനയുടെയും മറ്റ് ചെലവുകളുടെയും ഫലമായാണ് വിലവർധനവെന്ന് ഹീറോ കമ്പനി അധികൃതർ അറിയിച്ചു. 2021 ജനുവരി ഒന്നുമുതൽ വിലവർധനവ് ബാധകമാകും. 1,500 രൂപവരെ വില ഉയരുമെന്നും വിവിധ ബ്രാൻഡുകളിൽ വർധനവ് വ്യത്യാസപ്പെട്ടിരിക്കുമെന്നും കമ്പനി പറയുന്നു.
'സ്റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക്, വിലയേറിയ ലോഹങ്ങൾ എന്നിവയുൾപ്പെടെ ചരക്ക് വിലയിൽ ക്രമാനുഗതമായ വർധനയുണ്ടായി. ഇതിെൻറ ആഘാതം ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും. ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കുകയും ഞങ്ങളുടെ മാർജിനുകൾ സംരക്ഷിക്കുകയുമാണ് ലക്ഷ്യം'-ഹീറോ മോട്ടോകോർപ്പ് ബുധനാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ലോക്ഡൗണിന് ശേഷം വിപണി സജീവമാകാൻ തുടങ്ങുേമ്പാഴാണ് പുതിയ പ്രഖ്യാപനം.
'ചരക്ക് ചെലവുകളുടെ ആഘാതം ഭാഗികമായി പരിഹരിക്കുന്നതിന് 2021 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന വിലവർധനവ് സംബന്ധിച്ച് ഉപഭോക്താക്കളുമായി ഞങ്ങൾ ആശയവിനിമയം നടത്തും. യഥാസമയം ഞങ്ങളുടെ ഡീലർമാർക്ക് വിവരങ്ങൾ കൈമാറുകയും ചെയ്യും'-ഹീറോ അധികൃതർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ അടുത്തിടെ ഗ്ലോബൽ മൊബിലിറ്റി വിദഗ്ധൻ മൈക്കൽ ക്ലാർക്കിനെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിയമിച്ചിരുന്നു. ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറുടെ അധിക റോളും ഇദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.