സിറാജ് പങ്കുവെച്ച ചിത്രം

‘സ്വപ്നങ്ങള്‍ക്ക് അതിരുകള്‍ നിശ്ചയിക്കാതിരിക്കുക’; കോടികള്‍ വിലയുള്ള സ്വപ്നവാഹനം സ്വന്തമാക്കി സിറാജ്

ഠിനപ്രയത്‌നം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തി നെടുംതൂണായി മാറിയ ക്രിക്കറ്റര്‍ ആണ് മുഹമ്മദ് സിറാജ്. ശ്രീലങ്കന്‍ വൈറ്റ് ബാള്‍ പര്യടനത്തിന് ശേഷം മടങ്ങി എത്തിയ താരം സ്വന്തമാക്കിയ ആഡംബര വാഹനമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. മൂന്ന് കോടി രൂപക്കു മുകളില്‍ വിലവരുന്ന റേഞ്ച് റോവര്‍ എസ്.യു.വി ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഒരു ഹൈ എന്‍ഡ് റേഞ്ച് റോവറിന്റെ വില അഞ്ച് കോടി രൂപയോളം വരും.

സിറാജ് തന്നെയാണ് വാഹനം സ്വന്തമാക്കിയ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. റേഞ്ച് റോവര്‍ എസ്.‌യു.വിയുടെ ഏതു വേരിയന്റ് ആണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. കുടുംബത്തോടൊപ്പം കറുത്ത നിറത്തിലുള്ള വാഹനത്തിൽ മുന്നില്‍ കറുത്ത വസ്ത്രം ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ‘സ്വപ്നങ്ങള്‍ക്ക് അതിരുകള്‍ നിശ്ചയിക്കാതിരിക്കുക, അത് നിങ്ങളെ കൂടുതല്‍ കഠിനാധ്വാനികളും പരിശ്രമശാലികളുമാക്കും’ -തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയതിന് ശേഷം മുഹമ്മദ് സിറാജ് സമൂഹമാധ്യമത്തില്‍ കുറിച്ചിട്ട വാക്കുകളാണിത്.

മൂന്നു ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കുറഞ്ഞ വേരിയന്റിന്റെ കരുത്ത്. 2000 ആര്‍.പി.എമ്മില്‍ പരമാവധി 394 ബി.എച്ച്.പി പവറും 560 എന്‍.എം ടോര്‍ക്കും ഉൽപാദിപ്പിക്കുന്നതാണ് ഈ എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍ വീല്‍ ഡ്രൈവുമാണ്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.8 സെക്കന്‍ഡ് മതിയാകും. പരമാവധി വേഗം 242 കിലോമീറ്ററാണ്. 2.98 കോടി രൂപ മുതലാണ് വാഹനത്തിന്റെ ബേസ് വേരിയന്റിന് വില ആരംഭിക്കുന്നത്.

5.2 കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന വേരിയന്റ് ആയ ഓട്ടോബയോഗ്രഫിക്ക് വില. 4.4 ലീറ്റര്‍ വി8 ട്വിന്‍ ടര്‍ബോ എന്‍ജിനാണ് വാഹനത്തില്‍. 1800 ആര്‍.പി.എമ്മില്‍ പരമാവധി കരുത്ത് 523 ബി.എച്ച്.പിയും ടോര്‍ക്ക് 750 എന്‍.എമ്മുമാണ്. 4.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സും ഓള്‍ വീല്‍ ഡ്രൈവുമാണ്. പരമാവധി വേഗം 250 കിലോമീറ്ററാണ്. 13.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‌ഫോടെയ്‌ന്മെന്റ് സിസ്റ്റം, രണ്ട് 13.1 ഇഞ്ച് റിയര്‍ ഇന്‌ഫോടെയ്‌ന്മെന്റ് സ്‌ക്രീനുകള്‍, മെറിഡിയന്‍ 3 ഡി സറൗണ്ട് സൗണ്ട് സിസ്റ്റം, പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററി, മള്‍ട്ടി ഫങ്ക്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിങ്ങനെ ഫീച്ചറുകളുടെ ഒരു നീണ്ടനിരയും വാഹനത്തിലുണ്ട്.

ഏഴ് കോടി രൂപയാണ് മുഹമ്മദ് സിറാജ് ആര്‍സിബിയില്‍ നിന്ന് ഓരോ സീസണിലും പ്രതിഫലമായി വാങ്ങുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലും ഇത് തുടര്‍ന്ന് വരുന്നു. കൂടാതെ ബി.സി.സി.ഐയുടെ സെന്‍ട്രല്‍ കരാര്‍ പട്ടികയിലെ ആറ് എ ഗ്രേഡ് കളിക്കാരില്‍ ഒരാള്‍ കൂടിയാണ് സിറാജ്. എ വിഭാഗത്തിലെ കളിക്കാര്‍ക്ക് ബി.സി.സി.ഐയില്‍ നിന്ന് പ്രതിവര്‍ഷം 5 കോടി രൂപ വീതം മാച്ച് ഫീസിന് പുറമെ ലഭിക്കും.

Tags:    
News Summary - Indian Cricketer Mohammed Siraj Buys Brand New Range Rover Luxury SUV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.