ഫോര്‍മുല 4 സ്ട്രീറ്റ് കാര്‍ റേസ് ഇന്ന് മുതൽ ചെന്നൈയിൽ; മത്സരിക്കാൻ എട്ട് ടീമുകൾ

ന്ത്യയിലെ ആദ്യ രാത്രികാല ഫോര്‍മുല 4 സ്ട്രീറ്റ് കാര്‍ റേസ് മത്സരത്തിന് ശനിയാഴ്ച ചെന്നൈ നഗരത്തില്‍ തുടക്കമാകും. ഉച്ചതിരിഞ്ഞ് 2.30ന് ആരംഭിക്കുന്ന മത്സരം ഞായറാഴ്ച അവസാനിക്കും. ചെന്നൈയില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ കൊച്ചിയടക്കം വിവിധ നഗരങ്ങളെ പ്രതിനിധീകരിച്ച് 8 ടീമുകളാണ് പങ്കെടുക്കുന്നത്. ഗോഡ്സ്പീഡ് കൊച്ചിയാണ് കേരളത്തില്‍ നിന്നുള്ള ടീം.

മുമ്പ് സിംഗപ്പൂര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇത്തരമൊരു രാത്രികാല റോഡ് കാര്‍ റേസ് നടത്തിയിരുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ കാര്‍ റേസിങ്ങിനോട് താല്‍പര്യം ജനിപ്പിക്കുന്നതിനായി റേസിങ് പ്രമോഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും തമിഴ്‌നാട് സര്‍ക്കാരിന്‍റെ കായിക മന്ത്രാലയവും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ചെന്നൈ ഐലന്‍റിന് ചുറ്റുമുള്ള 3.5 കിലോമീറ്റര്‍ റോഡ് ആണ് റേസിങ്ങിന് അനുകൂലമാക്കി മാറ്റിയിരിക്കുന്നത്.

ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവലില്‍ മാറ്റുരക്കുന്ന ടീമുകളുടെ ഉടമകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാാംഗുലിയും ബോളിവുഡ് താരം അര്‍ജുന്‍ കപൂറും ഉള്‍പ്പെടുന്നു. ആകെ 16 ഡ്രൈവര്‍മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഒരു ടീമിന് രണ്ട് കാറുകളാണ് മത്സരത്തില്‍ പങ്കെടുപ്പിക്കാനാവുക. ആകെ അഞ്ച് റൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാമെന്നതിനാല്‍ ലോകത്തിലെ ആദ്യത്തെ ജെന്‍ഡര്‍ ന്യൂട്രല്‍ കാര്‍ റേസിംഗ് മത്സരമായാണ് ഇതിനെ കാണുന്നത്. ചെന്നൈ ഐലന്‍ഡ് ഏരിയയില്‍ ഒരു പിറ്റ്-ഷോപ്പ് ഏരിയയും ഡിസൈന്‍ ചെയ്തിട്ടുണ്ട്. 3 മണി മുതല്‍ തുടങ്ങുന്ന കാര്‍ റേസ് മത്സരങ്ങള്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കും.

മത്സരം നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി എടുക്കാവുന്നതാണ്. പേടിഎം ഇന്‍സൈഡര്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓരോ ദിവസവും വെവ്വേറെയായോ ഒരുമിച്ചോ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. 1999, 3999, 7999, 10,999 എന്നിങ്ങനെയാണ് ഒറ്റ ദിവസത്തെ ടിക്കറ്റ് നിരക്ക്. രണ്ട് ദിവസം ഒരുമിച്ച് മത്സരം കാണാനുള്ള ടിക്കറ്റുകള്‍ക്ക് 2125 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 2 ചാനലിലും ഫാൻ കോഡിലും മത്സരം സ്ട്രീം ചെയ്യും. 

News Summary - Indian racing festival 2024 hits Chennai today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.