വമ്പന്മാർ മാത്രമല്ല; കുഞ്ഞൻ എസ്.യു.വികളും ഇന്ത്യയിൽ എത്തിക്കാൻ തയാറെടുത്ത് ജീപ്പ്

ന്ത്യന്‍ വിപണിയിൽ ചെറു എസ്.യു.വികൾക്ക് ഡിമാൻഡ് കൂടുന്നുവെന്ന കണക്കുകളുടെ പശ്ചാത്തലത്തിൽ, 20 ലക്ഷത്തില്‍ താഴെ വിലയില്‍ ജീപ്പ് എസ്.യു.വി വിപണിയിലിറക്കാന്‍ നിര്‍മാണ കമ്പനി സ്റ്റെല്ലാന്റിസ് ഇന്ത്യ തയാറെടുക്കുന്നു. പ്രീമിയം എസ്.യു.വികള്‍ മാത്രം വിപണിയിലെത്തിച്ചിരുന്ന കമ്പനി തന്ത്രം മാറ്റുന്നതോടെ വാഹന വിപണിയിലെ മത്സരം കടുക്കും. കുറഞ്ഞ വിലയില്‍ ആധുനിക ഓഫ് റോഡ് ഫീച്ചറുകളുമായി വാഹനം വിപണിയിലെത്തിയാല്‍ ഹിറ്റാകാനുള്ള സാധ്യത വലുതാണെന്ന് കമ്പനി വിലയിരുത്തുന്നു.

ജീപ്പിന്റെ തനതു ഫീച്ചറുകളും ആധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ മോഡല്‍. വരുന്ന കുറച്ചധികം വര്‍ഷത്തേക്കെങ്കിലും വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്ന മോഡലായിരിക്കും ഇത്. ജീപ്പിന്റെ ട്രേഡ് മാര്‍ക്കായ പരുക്കന്‍ ലുക്കും ഓഫ് റോഡ് ഫീച്ചറും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മോഡലിന് മിഡ് സൈസ് എസ്.യു.വി വിഭാഗത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ജീപ്പിന്റെ കണക്കുകൂട്ടല്‍. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷം ആദ്യപകുതിയില്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

സിട്രണില്‍ ഉപയോഗിച്ചിട്ടുള്ള കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോം( സി.എം.പി) ആണ് വരാനിരിക്കുന്ന എസ്.യു.വിയിലും ഉപയോഗിക്കുക. ജീപ്പിന്റെ ട്രേഡ് മാര്‍ക്ക് ഫീച്ചറായ ഓള്‍വീല്‍ ഡ്രൈവ് അടക്കം പുതിയ എസ്.യു.വിയില്‍ പ്രതീക്ഷിക്കാം. ഇന്ത്യന്‍ കാര്‍ വിപണി അസാധാരണ മത്സരം നടക്കുന്ന മേഖലയാണെും യൂറോപ്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന മോഡലുകളില്‍ 18-24 മാസങ്ങളുടെ ഇടവേളയിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താറുള്ളതെന്നും എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഈ ഇടവേള ആറു മാസം മാത്രമാണെന്നും മാറ്റം അനിവാര്യമാണെന്നും സ്റ്റെല്ലാന്റിസ് എം.ഡിയും സി.ഇ.ഒയുമായ ശൈലേഷ് ഹസേല പറഞ്ഞു. ഭാവിയിലെ മോഡലുകളിലും ചെറിയ ഇടവേളകളില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനാണ് സ്റ്റെല്ലാന്റിസിന്റെ ശ്രമം.

സ്റ്റെല്ലാന്റിസിനെ അറിയാം

ഇറ്റാലിയന്‍ - അമേരിക്കന്‍ കൂട്ടായ്മയായ ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സിന്റെയും ഫ്രഞ്ച് ഗ്രൂപ്പിന്റെയും ലയനത്തില്‍ രൂപീകൃകമായ ബഹുരാഷ്ട്ര ഓട്ടോമോട്ടീവ് നിര്‍മാണ കോര്‍പറേഷനാണ് സ്റ്റെല്ലാന്റിസ്. പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി വാഹനങ്ങള്‍ രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന ആഗോള വാഹന നിര്‍മാണ കമ്പനിയാണിത്. നെതര്‍ലാന്‍ഡിലെ ഹൂഫ്ഡോര്‍പ് ആണ് ആസ്ഥാനം.

ലോകത്താകമാനം വേരുകളുള്ള പ്രമുഖ ബ്രാന്‍ഡുകളായ അബാര്‍ത്ത്, ആല്‍ഫറോമിയോ, ക്രിസ്ലര്‍, സിട്രണ്‍, ഡോഡ്ജ്, ഡിഎസ്, ഫിയറ്റ്, ജീപ്പ്, ലാന്‍സിയ, മസെരാറ്റി, ഒപെല്‍, പ്യൂഷോ, റാം ട്രക്കുകള്‍, വോക്സ്ഹാള്‍ എന്നീ 14ളം ബ്രാന്‍ഡുകൾ സ്റ്റെല്ലാന്റിസിന്‍റേതാണ്. ഇന്ത്യയില്‍ ജീപ്പ്, സിട്രണ്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതും വിപണിയിലെത്തിക്കുന്നതും സ്റ്റെല്ലാന്റിസ് ഇന്ത്യയാണ്.

Tags:    
News Summary - Jeep Targets India’s Budget SUV Market with New Citroen-Based Model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.