സ്വന്തം വിൽപ്പന കണ്ട്​ സ്വന്തം കണ്ണുതന്നെ തള്ളി ലംബോർഗിനി; 2020ൽ നിരത്തിലെത്തിയത്​ റെക്കോർഡ്​ എണ്ണം ലാംബോകൾ

ലോകത്തെ എല്ലാത്തരം കച്ചവടങ്ങൾക്കും ദുരിത കാലമായിരുന്നു 2020. ഉപ്പുമുതൽ കർപ്പൂരംവരേയും കാറ്​ മുതൽ വിമാനംവരേയുമുള്ള ബിസിനസുകളെല്ലാം മാന്ദ്യത്തിലായ കാലം​. എന്നാൽ ലോകത്തെ ഏറ്റവും വിലകൂടിയ സൂപ്പർ കാറുകൾ നിർമിക്കുന്ന കമ്പനിയായ ലംബോർഗിനിയെ സംബന്ധിച്ച്​ 2020 ഒരു ബ്ലോക്​ബസ്റ്റർ വർഷമായിരുന്നു. 2020ൽ ലോകമെമ്പാടുമായി 7,430 സൂപ്പർകാറുകളാണ്​ ലംബോർഗിനി വിറ്റഴിച്ചത്​. കമ്പനി നിലവിൽവന്നശേഷമുള്ള ഒരുവർഷത്തെ ഏറ്റവുംമികച്ച രണ്ടാമത്തെ വിറ്റുവരവാണിതെന്നാണ്​ ലാംബോ അധികൃതർ പറയുന്നത്​.


2020 ൽ കമ്പനി എക്കാലത്തെയും ഉയർന്ന ലാഭം നേടിയതായും അവർ വെളിപ്പെടുത്തുന്നു. ഇറ്റാലിയൻ സർക്കാറിന്‍റെ കോവിഡ്​ നിയന്ത്രങ്ങളുടെ ഫലമായി 70 ദിവസം ഉത്​പാദനം നിർത്തിവച്ചതുംകൂടി കണക്കിലെടുക്കുമ്പോൾ മികച്ച നേട്ടമാണ്​ കമ്പനിക്കുണ്ടായിരിക്കുന്നത്​. 1.61 ബില്യൺ യൂറോയുടെ വിറ്റുവരവാണ്​ 2020ൽ ഉണ്ടായത്​. 'ഉറൂസ്​ എസ്​.യു.വിയുടെ വരവ്​, കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യം, ഉപഭോക്​താക്കളോടുള്ള മികച്ച ഇടപെടൽ എന്നിവ വിൽപ്പനയിൽ ഞങ്ങളെ വലിയതോതിൽ സഹായിച്ചിട്ടുണ്ട്​'- ലംബോർഗിനി പ്രസിഡന്‍റും സി‌ഇ‌ഒയുമായ സ്റ്റീഫൻ വിൻ‌കെൽ‌മാൻ പറഞ്ഞു.


2019 ആണ്​ ലംബോർഗിനി ചരിത്രത്തിലെ ഏറ്റവുംകൂടുതൽ വാഹനവിൽപ്പന നടത്തിയ വർഷം. 8,205 യൂനിറ്റുകൾ ആ വർഷം ലോകത്താകമാനം വിറ്റഴിച്ചു. 2020 ൽ ഇത്​ 7,430 ആയി കുറഞ്ഞു. ഇതിൽ 2,224 കാറുകൾ യുഎസിലാണ്​ വിറ്റത്​. 607 എണ്ണം ജർമ്മനിയിൽ എത്തിച്ചു. ചൈന, ഹോങ്കോംഗ്, മക്കാവോ എന്നിവ 604 യൂനിറ്റുകൾ സംഭാവന ചെയ്തപ്പോൾ ജപ്പാൻ (600), യുനൈറ്റഡ് കിംഗ്ഡം (517), ഇറ്റലി (347) എന്നിവയാണ് മറ്റ് പ്രധാന വിപണികൾ. ഭാവിയിൽ ചൈന വിലപ്പനയിൽ രണ്ടാം സ്ഥാനത്തെത്തുമെന്നും മുന്നോട്ടുള്ള പാതയെ ശക്തിപ്പെടുത്തുമെന്നും ലംബോർഗിനി പ്രതീക്ഷിക്കുന്നു. ഇതിനകം ലഭ്യമായ ഹുറാക്കൻ എസ്ടിഒ കൂടാതെ, വി 12 എഞ്ചിനുമായി രണ്ട് പുതിയ മോഡലുകൾകൂടി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്​ ലാംബോ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.