നിരത്തുകളിൽ മിന്നലാകാൻ ടെമരാരിയോ; ഹുറാകാന് പിൻഗാമിയെ അവതരിപ്പിച്ച് ലാംബോ

നിരത്തില്‍ വേഗ കൊടുങ്കാറ്റുയര്‍ത്താന്‍ ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പുത്തന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ ടെമരാരിയോ അവതരിപ്പിച്ചു. 2.7 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. മണിക്കൂര്‍ 343 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത. പൂര്‍ണമായും കൂടുതല്‍ കരുത്തും ഈടുറ്റതുമായ അലുമിനിയം കൊണ്ട് നിര്‍മിച്ചതാണ് ടെമരാരിയോയുടെ ഫ്രെയിം.

ആഡംബരവും അഴകും കരുത്തും കൊണ്ട് വാഹന ആരാധകരുടെ ഹൃദയം കീഴടക്കിയ പാരമ്പര്യമാണ് ലംബോര്‍ഗിനിക്കുള്ളത്. ലാംബോ കുടുംബത്തിലെ ഹുറാകാന്‍ എന്ന കരുത്തന്‍ വാഹനത്തിന് പകരം പുതിയ മോഡല്‍ എത്തിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് കമ്പനി പ്രഖ്യാപിച്ചിരുന്നു. മാസങ്ങള്‍ക്കിപ്പുറം വാക്ക് പാലിക്കപ്പെട്ടിരിക്കുകയാണ്. മോണ്ടെറി കാര്‍ വീക്കിലാണ് ലംബോര്‍ഗിനി ഈ വാഹനം പ്രദര്‍ശനത്തിന് എത്തിച്ചത്. പരമ്പരാഗത ലംബോര്‍ഗിനി കാറുകളുടെ മാതൃകയിലാണ് ടെമരാരിയോയുടെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ റുവോള്‍ട്ടോയുടെ ഡിസൈനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ലംബോര്‍ഗിനിയുടെ ഫൈറ്റര്‍ ജെറ്റ് തീമിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്.

നേര്‍ത്ത സെപ്റ്റ്-ബാക്ക് എല്‍.ഇ.ഡി ഹെഡ് ലാമ്പാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ബമ്പറിൽ ഹെക്സഗണല്‍ ഷേപ്പില്‍ ഡി.ആര്‍.എല്‍. ലൈറ്റും നല്‍കിയിട്ടുണ്ട്. കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ഫ്രണ്ട് സ്പ്ലിറ്റര്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഷാര്‍പ്പ് ബമ്പറാണ് ടെമരാരിയോയുടെ മുന്‍ഭാഗം അലങ്കരിച്ചിരിക്കുന്നത്. ബോണറ്റ് ഹുറാകാനില്‍ നിന്നുള്ളതാണ്. എയര്‍ ഇന്‍ടേക്, വിങ് മിറര്‍, ടെയ്ല്‍ലൈറ്റ്, റിയര്‍ എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റ്, അലോയ് വീല്‍ ഡിസൈന്‍ എന്നിവയിലെല്ലാം ഹെക്സഗണല്‍ ഡിസൈന്‍ കാണാന്‍ കഴിയും.

എന്‍ജിന്‍ ഏരിയയിലേക്ക് എയര്‍ എടുക്കുന്നതിനുള്ള വെന്റുകള്‍ നല്‍കിയാണ് വശങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 21, 21 ഇഞ്ച് വലിപ്പത്തിലുള്ള വീലുകളും ടെമരാരിയോയില്‍ നല്‍കുന്നുണ്ട്. 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള വെര്‍ട്ടിക്കിള്‍ 8.4 ഇഞ്ച് സ്‌ക്രീന്‍, പാസഞ്ചര്‍ സൈഡിലുള്ള 9.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ എന്നിവയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ഡ്രൈവ് സെലക്ടര്‍ ഉള്‍പ്പെടെയുള്ള സ്വിച്ചുകള്‍ സെന്റര്‍ കണ്‍സോളിലാണ്. ഹീറ്റഡ് വെന്റിലേറ്റഡ് സംവിധാനമുള്ള സീറ്റുകളാണ് ഇതിലുള്ളത്.

ലംബോര്‍ഗിനിയുടെ പുതിയ ഷാസിയാണ് വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് മോഡലുകളെക്കാള്‍ 34 എം.എം. അധികം ഹെഡ്റൂം ഉറപ്പാക്കുന്നുണ്ട്. 46 എം.എം. ലെഗ്റൂമും വര്‍ധിപ്പിച്ചിട്ടുണ്ട്. ലഗേജ് റൂം ഉയര്‍ത്താനും നിര്‍മാതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഡാഷ് ക്യാമറ, ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷന്‍, ഇലക്ട്രിക്കലി 18 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഡ്രൈവര്‍ സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകളും ടെമരാരിയോയുടെ അകത്തളത്തെ കൂടുതല്‍ പ്രീമിയം ആക്കുന്നു.

പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡ് സംവിധാനവും ഒരുക്കിയാണ് ടെമരാരിയോ എത്തുന്നുള്ളത്. 4.0 ലിറ്റര്‍ വി 8 ട്വിന്‍ ടര്‍ബോ എൻജിനാണ് പ്രധാനമായും കരുത്തേകുന്നത്. മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി എന്‍ജിന്‍ ജോടിയാക്കിയിരിക്കുന്നു. ഈ ശ്രേണിയിലെ രണ്ടാമത്തെ വാഹനമാണിത്, ഡ്രൈവിങ് ആസ്വാദനത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ്. 920 എച്ച്.പി.പവറും 800 എന്‍.എം. ടോര്‍ക്കുമാണ് വാഹനത്തിനുള്ളത്. ഇന്ത്യൻ രൂപ ഏകദേശം അഞ്ചു കോടിയാണ് പ്രതീക്ഷിക്കുന്ന വില.

Tags:    
News Summary - Lamborghini Temerario breaks cover as Huracan successor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.