നിർമ്മാണ മികവുകൊണ്ട് സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്ന ഇന്ത്യയിലെ സൂപ്പർ എസ്.യു.വി വിഭാഗത്തിൽപെട്ട ലാൻഡ് റോവർ ഏറെക്കാലമായി കാത്തിരുന്ന ഡിഫൻഡർ ഒക്ട ഇന്ത്യയിൽ അവതരിപ്പിച്ചു. നിലവിൽ ഒക്ട, ഒക്ട എഡിഷൻ വൺ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. രാജകീയമെന്ന് വിശേഷിപ്പിക്കാവുന്ന ഡിഫൻഡർ ഒക്ടക്ക് 2.59 കോടി രൂപയും ഒക്ട എഡിഷൻ വണ്ണിന് 2.79 കോടി രൂപയുമാണ് എക്സ്ഷോറൂം വില. ഡിഫൻഡർ നിരയിലെ ഏറ്റവും മികച്ച വേരിയന്റാണ് ഒക്ട. ഇത് മെഴ്‌സിഡസ് എ.എം.ജി ജി63 ന് ഒറ്റ എതിരാളിയാണ്.
ഡിഫൻഡർ 110നെ അടിസ്ഥാനമാക്കിയാണ് ഒക്ട നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണ് ഒക്ടയുടെ ഏറ്റവും വലിയ പ്രത്യേകത. ഇത് കൂടുതൽ പരുക്കൻ പ്രതലങ്ങളിൽ വാഹനത്തെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ട് പോകും. കൂടാതെ ഫ്ലേർഡ് വീൽ ആർച്ചുകൾ, കൂടുതൽ വ്യക്തമായ ഗ്രിൽ, പുതിയ ഫ്രണ്ട് ബമ്പർ എന്നിവയും ഒക്ടക്കുണ്ട്. അഞ്ച് വാതിലുകളുള്ള '110' ബോഡി ശൈലിയിൽ മാത്രമേ ഇത് ലഭ്യമാകൂ. വാഹനത്തിന്റെ അകെ ഭാരം 2.5 ടൺ ആണ്. 2024 ജൂലൈയിലാണ് കമ്പനി ബുക്കിംങ് ആരംഭിച്ചത്. എന്നാൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ ആദ്യ ബാച്ചിന്റെ എല്ലാ യൂനിറ്റുകളും വിറ്റുതീർന്നു. നിലവിൽ ഇന്ത്യയിൽ അവതരിപ്പിച്ച വാഹനത്തിന് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നേക്കാം.
4.4 ലിറ്റർ ബി.എം.ഡബ്ല്യുവിൽ നിന്നുള്ള ട്വിൻ-ടർബോ V8 മൈൽഡ്-ഹൈബ്രിഡ് പവർട്രെയിൻ ആണ് പുതിയ ഒക്ടക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ യഥാക്രമം 635 ബി.എച്ച്.പി കരുത്തും 750 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. കൂടാതെ ഓഫ്-റോഡ് ലോഞ്ച് മോഡ് ഉപയോഗിച്ച്, ടോർക്ക് ഔട്ട്‌പുട്ട് 800 എൻ.എം ആയി വർധിപ്പിച്ച് 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴി നാല് ചക്രങ്ങളിലേക്കും പവർ കൈമാറുന്നു. ലാൻഡ് റോവർ ഡിഫൻഡർ ഒക്ട 250kmph പരമാവധി വേഗത കൈവരിക്കും. 0-100kmph സഞ്ചരിക്കാനായി 4 സെക്കന്റ് മാത്രമാണ് ഒക്ടയെടുക്കുന്നത്. എന്നാൽ എഡിഷൻ വണ്ണിന് ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്ന പരമാവധി വേഗത 160kmph ആണ്.
പുതിയ ലാൻഡ് റോവർ ഡിഫൻഡർ ഒക്ട കാർപാത്തിയൻ ഗ്രേ, ചാരന്റെ ഗ്രേ, പെട്ര കോപ്പർ, ഫറോ ഗ്രീൻ എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാണ്. കൂടാതെ വലിയ 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, സെന്റർ കൺസോളിനുള്ളിൽ ഒരു മിനി-ഫ്രിഡ്‍ജ് തുടങ്ങിയ പുതിയ സവിശേഷതകളും ഒക്ടക്കുണ്ട്.
ഡിഫെൻഡർ ഒക്ടയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് 6ഡി ഡൈനാമിക്സ് സസ്‌പെൻഷൻ സിസ്റ്റം. ഇത് ഓഫ്-റോഡ് ഡ്രൈവിങിൽ മികച്ച വീൽ ആർട്ടിക്യുലേഷൻ വാഗ്‌ദാനം ചെയ്യുമെന്നും ബോഡി റോൾ ഒഴിവാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഓഫ്-റോഡിന് പ്രാധാന്യം നൽകുന്നതുകൊണ്ട് മെച്ചപ്പെട്ട ഒരു അണ്ടർ ബോഡി പ്രൊട്ടക്ഷനും ഓഫ്-റോഡ് ലോഞ്ച് മോഡ് എന്നിവയും വാഹനത്തിലുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 28 എം.എം വർദ്ധിപ്പിച്ച് 319 എം.എം ആക്കിയിട്ടുണ്ട്. കൂടാതെ സ്റ്റാൻഡേർഡ് ഡിഫൻഡർ 110നെ അപേക്ഷിച്ച് വാട്ടർ വേഡിംങ് ശേഷിയും പരമാവധി ആർട്ടിക്യുലേഷനും യഥാക്രമം 100 എം.എമ്മും 139 എം.എമ്മും വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.