തത്കാലം പേര് മാറ്റുന്നു, കോടതിയിൽ കണ്ടോളാമെന്ന് മഹീന്ദ്ര; BE 6e യെ 'BE 6' എന്നാക്കി പുറത്തിറക്കും

ന്യൂഡൽഹി: മഹീന്ദ്രയും ഇൻഡിഗോ എയർലൈൻസും തമ്മിലുള്ള ട്രേഡ് മാർക്ക് തർക്കത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് മഹീന്ദ്ര. കഴിഞ്ഞ ആഴ്ച അവതരിച്ച മഹീന്ദ്രയുടെ BE 6e ഇലക്ട്രിക് എസ്‌.യു.വി ഇനി 'BE 6' എന്നായിരിക്കും അറിയപ്പെടുക. എന്നാൽ, പുനർനാമകരണം താത്കാലികമാണെന്നും കോടതിയിൽ പോരാടുമെന്നും മഹീന്ദ്ര അറിയിച്ചു.

മഹീന്ദ്ര BE 6e യിലെ 6e തങ്ങളുടേതാണെന്ന് വാദിച്ച് ഇൻഡിഗോ എയർലൈൻസാണ് ഡൽഹി ഹൈകോടതിയിൽ ട്രേഡ്‌മാർക്ക് ലംഘന കേസ് ഫയൽ ചെയ്തത്.

പരസ്യവും ഗതാഗതവും ഉൾപ്പെടെ വിവിധ മേഖലകളിൽ തങ്ങൾ ഉപയോഗിക്കുന്ന ട്രേഡ് മാർക്കാണ് '6E' യെന്നും അതിന്റെ അനധികൃതമായ ഉപയോഗം അവകാശ ലംഘനമാണെന്നുമാണ് ഇൻഡിഗോ പറയുന്നത്. 6E ഈറ്റ്‌സ്, 6E പ്രൈം, 6E ഫ്ലെക്‌സ് എന്നിങ്ങനെ വിവിധ യാത്രാ കേന്ദ്രീകൃത സേവനങ്ങൾക്കും ഇൻഡിഗോ '6E' ട്രേഡ് മാർക്കാണ് ഉപയോഗിക്കുന്നത്. ഈ ട്രേഡ് മാർക്കിന് ആഗോളതലത്തിൽ വലിയ അംഗീകാരമുള്ളതെന്നും ഇൻഡിഗോ ചൂണ്ടിക്കാണിച്ചിരുന്നു.    


എന്നാൽ പുതിയ ട്രേഡ്മാർക്കിനായി കോടതിയിൽ പോരാടാൻ മഹീന്ദ്രക്ക് നിരവധി ന്യായങ്ങളുണ്ട്. ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് (ഇൻഡിഗോ എയർലൈൻസ് നടത്തുന്ന) 6e പേര് രജിസ്റ്റർ ചെയ്ത വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായ ക്ലാസ് 12 വിഭാഗത്തിന് കീഴിലാണ് BE 6e വ്യാപാരമുദ്ര രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കമ്പനി പറയുന്നു. കൂടാതെ, മഹീന്ദ്രയുടെ വ്യാപാരമുദ്ര "BE 6e" എന്നതാണ്, അല്ലാതെ "6E" അല്ലെന്നും വ്യക്തമാക്കുന്നു. മാത്രമല്ല, ഇൻറർ ഗ്ലാബിന്റെ എതിർപ്പ് മുൻ കാലങ്ങളിൽ നിന്ന് ഘടകവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. 2005-ൽ, ടാറ്റയുടെ ഇൻഡിഗോ കാറിന്റെ നെയിംപ്ലേറ്റ് ഉപയോഗിച്ചെതിനെതിരെ ഇൻഡിഗോ എയർലൈൻസിനെതിരെ ടാറ്റ മോട്ടോർസ് രംഗത്തെത്തിയിരുന്നു.

മഹീന്ദ്രയും ഇൻ്റർഗ്ലോബും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടുന്നതുവരെ, പുതിയ ഇലക്ട്രിക് എസ്‌.യു.വി BE 6 നെയിംപ്ലേറ്റിന് കീഴിൽ വിൽപ്പനക്കെത്തും. ബോൺ ഇലട്രിക്കായി അവതരിപ്പിച്ച BE 6 59kWh , 79kWh ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വരുന്നത്. 556 കിലോമീറ്റർ, 682 കിലോമീറ്റർ എന്നിങ്ങനെയാണ് എം.ഐ.ഡി.സി റേഞ്ച് അവകാശപ്പെടുന്നത്.

പൂർണ വില വിവരങ്ങൾ ജനുവരിയിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഫെബ്രുവരി അവസാനമോ 2025 മാർച്ച് ആദ്യമോ ഡെലിവറികൾ ആരംഭിക്കും.

Tags:    
News Summary - Mahindra BE 6e to be renamed to BE 6 temporarily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.