ഥാറിന് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ; മഹീന്ദ്രക്ക് ജിംനി പേടിയോ?

ലൈഫ് സ്റ്റൈൽ എസ്.യു.വി വിഭാഗത്തിൽ മുടിചൂടാമന്നനായിരുന്നു ഒരു കാലത്ത് മഹീന്ദ്ര ഥാർ. എതിരാളികൾ ഇല്ലാതെ ഏ​െറക്കാലം ഈ സെഗ്മെന്റ് ഥാർ ഭരിച്ചു. അടുത്തിടെയാണ് ഇതിനൊരു മാറ്റമുണ്ടായത്. മാരുതി സുസുകി ജിംനി 5 ഡോര്‍ അവതരിപ്പിച്ചതോടെ പുത്തന്‍ അങ്കത്തിന് കൊടിയേറിയിരിക്കുകയാണ്. ജിംനിയുടെ വില പ്രഖ്യാപനം കൂടി നടന്നാലാകും പോരാട്ടത്തിന് ചൂടുപിടിക്കുക.

ജിംനി അവതരിപ്പിച്ചെങ്കിലും ഥാറിന്റെ ജനപ്രീതിക്കും വില്‍പ്പനക്കും യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. മഹീന്ദ്ര ഥാറിന്റെ റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ ഡ്രൈവ് പതിപ്പുകള്‍ വില്‍പ്പന ചാര്‍ട്ടുകള്‍ക്ക് തീപിടിപ്പിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. കുറഞ്ഞ വിലയില്‍ അവതരിപ്പിച്ച മഹീന്ദ്ര ഥാര്‍ ആർ.ഡബ്ല്യു.ഡി പതിപ്പും വന്‍ ഹിറ്റാണ്. എങ്കിലും ഥാറിന്റെ വിൽപ്പന കുറവുള്ള മോഡലുകളിൽ ഒന്നായ പെട്രോള്‍ AT 4WD 2022 മോഡലിന് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.ഓഫർ പ്രഖ്യാപനത്തിന് ജിംനിയുമായി ബന്ധമൊന്നുമില്ല എന്നാണ് മഹീന്ദ്ര വിശദീകരിക്കുന്നത്. വിൽപ്പന കുറവുള്ള മോഡൽ ആകർഷകമാക്കുകയാണ് ഓഫറിന്റെ ലക്ഷ്യം.

15.82 ലക്ഷം രൂപയാണ് മഹീന്ദ്ര ഥാര്‍ പെട്രോള്‍ AT 4WD വേരിയന്റിന്റെ വില. ഈ പതിപ്പ് ഇപ്പോള്‍ 45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. 45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിൽ താല്‍പ്പര്യമില്ലാത്തവര്‍ക്ക് 60,000 രൂപയുടെ ആക്സസറി പാക്കേജ് തെരഞ്ഞെടുക്കാം. ഈ ആനുകൂല്യങ്ങള്‍ക്ക് പുറമെ, 10,000 രൂപ കോര്‍പ്പറേറ്റ് ബോണസും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. ഇതോടൊപ്പം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും 3 വര്‍ഷത്തെ മെയിന്റനന്‍സ് പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ആനുകൂല്യങ്ങളെല്ലാം ചേരുമ്പോള്‍ ഏകദേശം 1 ലക്ഷം രൂപയാണ് ഉപഭോക്താവിന് നേട്ടമുണ്ടാകുക. ഥാര്‍ പെട്രോള്‍ AT 4WD-യുടെ 2022 മോഡല്‍ വാഹനങ്ങള്‍ക്ക് മാത്രമാകും ആനുകൂല്യം ലഭിക്കുക. ഥാറിന്റെ മറ്റ് പതിപ്പുകള്‍ക്കൊന്നും ഓഫര്‍ വാഗ്ദാനം ചെയ്യുന്നില്ല.

Tags:    
News Summary - Mahindra Thar attracts discounts of up to Rs 1 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.