2021ൽ മൂന്നാമതും വിലവർധിപ്പിക്കാനൊരുങ്ങി മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. സെപ്റ്റംബറിൽ വർധനവ് പ്രാബല്യത്തിൽവരും. ആൾട്ടോ മുതൽ വിറ്റാര ബ്രെസ്സ വരെ, മാരുതി നിർമിക്കുന്ന എല്ലാ മോഡലുകൾക്കും വില വർധനവ് ബാധകമാകുമെന്നാണ് സൂചന. ഈ വർഷം ജനുവരിയിലും ഏപ്രിലിലും മാരുതി വിലക്കയറ്റത്തിന് വിധേയമായിരുന്നു.
വർധനവിന് കാരണം
'കഴിഞ്ഞ ഒരു വർഷമായി നിർമാണച്ചിലവിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് വാഹന നിർമാണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. അതിനാൽ, വില വർധനയിലൂടെ നഷ്ടം കുറക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്'-മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു. വർധനവ് എത്രയായിരിക്കുമെന്ന് മാരുതി വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയിൽ നിർമാണച്ചിലവിലെ വർധനവ് ചൂണ്ടിക്കാട്ടി കാറുകളുടെ വില കമ്പനി 34,000 രൂപ വരെ വർധിപ്പിച്ചിരുന്നു. ഏപ്രിലിൽ, രണ്ടാമത്തെ വർധനവ് നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ കാറുകളുടെ വില ഏകദേശം 1.6 ശതമാനം വീണ്ടും ഉയർന്നു.
നിർമാണച്ചിലവ് വർധിക്കുന്നതിനാൽ വില വർധിപ്പിക്കുന്ന ഒരേയൊരു ഇന്ത്യൻ കാർ നിർമ്മാതാവല്ല മാരുതി. കഴിഞ്ഞ വർഷം മാർച്ചിൽ കൊറോണ വ്യാപിച്ചതിനുശേഷം ഇന്ത്യൻ വാഹന വ്യവസായം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ദുർബലമായ ആവശ്യകതയും ഉയർന്ന വിലയും വിപണിയെ ഏറെ പ്രതികൂലമായാണ് ബാധിച്ചത്.
ജൂലൈയിൽ, മഹീന്ദ്രയും വാഹന വില വർധിപ്പിച്ചിരുന്നു. ഈ വർഷം മൂന്നാം തവണയായിരുന്നു മഹീന്ദ്രയുടെ വിലവർധിപ്പിക്കൽ. അവസാനത്തെ വർധനവിൽ, മഹീന്ദ്ര ഥാറിെൻറ വിലയാണ് ഏറ്റവും ഉയർന്നത്. ഥാറിെൻറ ചില വകഭേദങ്ങൾക്ക് ഏകദേശം ഒരു ലക്ഷം രൂപവരെ കൂടിയിട്ടുണ്ട്.
ഈ മാസം ആദ്യം ടാറ്റ മോട്ടോഴ്സും വില വർധനക്ക് വിധേയമായി. എല്ലാ മോഡലുകളിലും ശരാശരി 0.8%വർധനവാണ് കമ്പനി നടപ്പാക്കിയത്. മേയിലും ടാറ്റ തങ്ങളുടെ കാറുകളുടെ വില വർധിപ്പിച്ചു. ചില മോഡലുകൾക്ക് 36,000 രൂപവരെ അന്ന് വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.