മറ്റ് വാഹന നിർമാതാക്കളെല്ലാം ഇലക്ട്രിക്കിലേക്ക് അതിവേഗം മാറുമ്പോഴും ആൾട്ടർനേറ്റ് എനർജിയിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് മാരുതി സുസുകി. സി.എൻ.ജി, ഹൈബ്രിഡ്, ഫ്ലക്സ് ഫ്യൂവൽ എന്നിവയിലാണ് ഇന്ത്യൻ വാഹന ഭീമൻ പരീക്ഷണങ്ങൾ തുടരുന്നത്. നോയിഡയിൽ നടക്കുന്ന ഓട്ടോ എക്സ് പോയിൽ ഫ്ലക്സ് ഫ്യൂവൽ എഞ്ചിനുള്ള വാഗണർ കമ്പനി അവതരിപ്പിച്ചു.
കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ നടന്ന സിയാം എഥനോൾ ടെക്‌നോളജി എക്‌സിബിഷനിൽ വാഗണറിന്റെ ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പിനെ മാരുതി പരിചയപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ പൂർണമായും രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്‌ത കാറാണ് ഇത്. വാഹനത്തിന്റെ പ്രോട്ടോടൈപ്പ് ബിഎസ്-VI ഫേസ്-2 മലിനീകരണ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടും.
എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത എഞ്ചിനാണ് കാറിൽ പ്രവർത്തിക്കുന്നത്. എഞ്ചിന്റെയും കാറിന്റെയും ഈട് ഉറപ്പാക്കാൻ എഞ്ചിൻ മാനേജ്‌മെന്റ് സിസ്റ്റം, ഫ്യൂവൽ പമ്പ്, ഫ്യൂവൽ ഇൻജക്‌റ്റർ, മറ്റ് മെക്കാനിക്കൽ ഘടകങ്ങൾ എന്നിവയും കമ്പനി പുതുക്കിയിട്ടുണ്ട്.
വാഗണർ ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പിന് 20 ശതമാനത്തിനും (E20) 85 ശതമാനത്തിനും ഇടയിൽ (E85) എഥനോളിന്റെയും പെട്രോളിന്റെയും മിശ്രിതത്തിൽ പ്രവർത്തിക്കാൻ കഴിയും. സമീപഭാവിയിൽ മോഡൽ വിപണിയിലേക്ക് എത്തുമെന്നാണ് സൂചന. 2025-ഓടെ കോംപാക്‌ട് സെഗ്‌മെന്റിനായി തങ്ങളുടെ ആദ്യത്തെ ഫ്ലെക്‌സ് ഫ്യുവൽ വാഹനം അവതരിപ്പിക്കുമെന്ന് മാരുതി സുസുകി സ്ഥിരീകരിച്ചിട്ടുണ്ട്.
സ്റ്റാൻഡേർഡ് പെട്രോൾ എഞ്ചിനിലുള്ള വാഗണറിനെ അപേക്ഷിച്ച് മലിനീകരണം 79 ശതമാനം കുറവായിരിക്കും പുതിയ വാഹനത്തിൽ. കാർ വേർതിരിച്ച് അറിയുന്നതിനായി കോൺട്രാസ്റ്റ് ബോഡി ഡെക്കലുകളോട് കൂടിയ ബ്ലൂ കളർ ഓപ്ഷനാണ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാരുതി തങ്ങളുടെ സി.എൻ.ജി വാഹന നിര വിപുലീകരിക്കുകയാണ്. ഓട്ടോ എക്സ്പോയിൽ ബ്രെസ സി.എൻ.ജി കമ്പനി അവതരിപ്പിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ബലേനോ സിഎൻജിയും XL6 സിഎൻജിയും മാരുതി അവതരിപ്പിച്ചു. രാജ്യത്ത് ഇലക്ട്രിക്കിന് പകരം സിഎൻജി, മൈൽഡ്-ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾ അവതരിപ്പിക്കാനാണ് മാരുതി ഇപ്പോൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.