സുരക്ഷയുടെ പേരിൽ ഏറെ പഴി കേൾക്കുന്ന വാഹന നിർമാതാക്കളാണ് മാരുതി സുസുകി. ക്രാഷ് ടെസ്റ്റുകളിൽ മാരുതി വാഹനങ്ങളുടെ പ്രകടനം പൊതുവേ അത്ര മെച്ചമല്ല എന്നതും സത്യമാണ്. ഇതിന് ചെറിയൊരു പരിഹാരം നിർദേശിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ബെസ്റ്റ് സെല്ലറായ സ്വിഫ്റ്റിൽ പുതിയൊരു സുരക്ഷാ ഫീച്ചർ സ്റ്റാന്റേർഡ് ആക്കിയിരിക്കുകയാണ് മാരുതി സുസുകി.
ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം അഥവാ ഇ.എസ്.പി സ്റ്റാന്റേർഡ് ആയി നൽകിയാണ് മാരുതി സുസുകി സ്വിഫ്റ്റിനെ കൂടുതൽ സുരക്ഷിതമാക്കിയത്. നേരത്തെ ഉയർന്ന വകഭേദത്തിൽ മാത്രമായിരുന്നു ഈ ഫീച്ചർ ഉണ്ടായിരുന്നത്. എബിഎസിനൊപ്പം നൽകുന്ന മറ്റൊരു സുരക്ഷാ സംവിധാനമാണ് ഇഎസ്പി. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ ഇടയാക്കുന്ന അണ്ടർ സ്റ്റിയറിങ്, ഓവർ സ്റ്റിയറിങ് എന്നിവ ഇല്ലാതാക്കാനും പെട്ടെന്നുള്ള ആക്സിലറേഷൻ സമയത്ത് വീൽ സ്പിൻ ആകുന്നത് തടയാനും ഇഎസ്പിക്കു കഴിയും. ഓരോ വീലിലും പ്രത്യേകമായാണ് ഇതു ഘടിപ്പിക്കുന്നത്
സ്റ്റിയറിങ്ങിന്റെ തിരിവിന് ആനുപാതികമായി വീലുകൾ തിരിയാതെ വരുമ്പോഴും വാഹനത്തിന്റെ സ്റ്റെബിലിറ്റി നഷ്ടപ്പെടാൻ തുടങ്ങുകയോ ചെയ്യുമ്പോഴുമാണ് ഇഎസ്പി പ്രവർത്തിക്കുക. ഈ സമയം ഓട്ടമാറ്റിക് ആയി എൻജിൻ ടോർക്ക് കുറച്ചോ ആവശ്യമെങ്കിൽ ഓരോ വീലിലേക്കും പ്രത്യേകം ബ്രേക്ക് ഫോഴ്സ് നൽകിയോ ആണ് ഇഎസ്പി വാഹനത്തെ നിയന്ത്രിക്കുന്നത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമിന് വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ എന്നും (വിഎസ്‌സി) ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നും പേരുണ്ട്.
സ്വിഫ്റ്റിനെ കൂടാതെ ബലെനോയും അടിസ്ഥാന വകഭേദം മുതൽ ഇഎസ്പി നൽകുന്നുണ്ട്. നേരത്തെ ബലെനോ, എർട്ടിഗ, എക്സ് എൽ 6 എന്നീ വാഹനങ്ങളുടെ കണക്റ്റിവിറ്റി ഫീച്ചറും മാരുതി വിപുലീകരിച്ചരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.