അത്യാഡംബര ഫീച്ചറുകളുമായി ഇലക്ട്രിക് മെയ്ബാക്ക് എസ്.യു.വി; വ്യാഴാഴ്ച ഇന്ത്യൻ വിപണിയിലേക്ക്

പുതുതലമുറ സവിശേഷതകളാലും അത്യാഡംബര ഫീച്ചറുകളാലും സമ്പന്നമായ ഇലക്ട്രിക് മെയ്ബാക്ക് എസ്.യു.വി വ്യാഴാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് മെഴ്സിഡീസ് ബെന്‍സ്. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് മോഡലായ മെയ്ബാക്ക് ഇ.ക്യു.എസ് 680 എസ്.യു.വിയാണ് ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഒട്ടേറെ പുതിയ സാങ്കേതിക സംവിധാനങ്ങളുമായാണ് ഇ.വി. എസ്.യു.വിയുമായി ബെന്‍സിന്‍റെ ലക്ഷ്വറി വിഭാഗമായ മെയ്ബാക്ക് എത്തുന്നത്. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കൂടിയ ഇലക്ട്രിക് എസ്.യു.വിയായിരിക്കും ഈ മോഡല്‍.

ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള രൂപഭംഗിയും അഴകളവുകളുമായാണ് എസ്.യു.വി എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഇ.ക്യു.എസ് എസ.്യു.വിക്ക് സമാനമായ വലിപ്പമായിരിക്കും ഇ.വിക്കും ഉണ്ടാവുക. ഉപഭോക്താവിന്‍റെ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കാന്‍ അഞ്ച് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. ബോണറ്റില്‍ ത്രീ-പോയിന്‍റ് സ്റ്റാര്‍ ബാഡ്ജ്, ക്രോം സ്ട്രിപ്പുകള്‍, ഡി പില്ലറില്‍ മെയ്ബാക്ക് എംബ്ലം, 22 ഇഞ്ച് നീളമുള്ള അലോയ് വീലുകള്‍ എന്നിവ വാഹനത്തിന്‍റെ ബാഹ്യസൗന്ദര്യം വര്‍ധിപ്പിക്കും.

വൈദ്യുത കരുത്തില്‍ എത്തുന്ന ആഡംബര വാഹനത്തിന് ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണവും 4 മാറ്റിക് ഓള്‍ വീല്‍ ഡ്രൈവും ലഭ്യമാക്കിയിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ ഏകദേശം 611 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനായി 122 കിലോവാട്ട് ബാറ്ററി പാക്കാണ് എസ്.യു.വിയുടെ ഹൃദയമായി പ്രവര്‍ത്തിക്കുന്നത്. പെര്‍ഫോമന്‍സിലേക്കു നോക്കിയാല്‍ 4.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ഈ ഇലക്ട്രിക് എസ്.യു.വിക്ക് കഴിയും. ഹൈസ്പീഡ് ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമുള്ളതില്‍ ചാര്‍ജിങ് ആശങ്കകൾ ആവശ്യമില്ല. ഇന്ത്യയില്‍ പരമാവധി വേഗം 210 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്.

എം.ബി.യു.എക്‌സ് ഹൈപ്പര്‍സ്‌ക്രീന്‍, പിന്നിലെ യാത്രക്കാര്‍ക്കായി ഇരട്ട 11.6 ഇഞ്ച് സ്‌ക്രീനുകള്‍, 15 സ്പീക്കര്‍ ബര്‍മെസ്റ്റര്‍ സോഴ്സ് സൗണ്ട് സിസ്റ്റം, 64 കളര്‍ ആംബിയന്‍റ് ലൈറ്റിംങ്, എയര്‍ സസ്പെന്‍ഷനുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, അഡാസ് സംവിധാനം, 360 ഡിഗ്രി സറൗണ്ട് ക്യാമറ, പ്രീമിയം സീറ്റ് അപ്‌ഹോള്‍സ്റ്ററി പോലുള്ള ഗംഭീര ഫീച്ചറുകളും വാഹനത്തിലുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. വില പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്‍റെ ലോഞ്ചിങ് ദിവസമായ വ്യാഴാഴ്ച കൂടുതല്‍ വിവരം ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Tags:    
News Summary - Mercedes-Maybach EQS India launch on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.