രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന നിയമങ്ങളിൽ കാതലായ ചില മാറ്റങ്ങളുമായാണ് 2020 ഒക്ടോബർ വരാൻപോകുന്നത്. ഡ്രൈവിങ് ലൈസൻസ് ബാങ്കിങ് മേഖലകളിൽ നിർണായക നിയമ മാറ്റങ്ങൾക്ക് ഒക്ടോബർ സാക്ഷ്യംവഹിക്കും. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന കാര്യമായതിനാൽ ഇവയേക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
രാജ്യത്തെ വാഹന രജിസ്ട്രേഷൻ കാർഡുകളും ഡ്രൈവിങ് ലൈസൻസുകളിലും വരുത്തുന്ന പരിഷ്കാരങ്ങളാണ് മാറ്റങ്ങളിൽ പ്രധാനം. പെട്രോൾ പമ്പുകളിൽ ഇന്ധനം വാങ്ങുന്നതിന് ക്രെഡിറ്റ് കാർഡ് പേയ്‌മെൻറുകൾക്ക് ഒക്ടോബർ ഒന്നുമുതൽ കിഴിവ് ലഭിക്കില്ല എന്നതും മാറ്റമാണ്. വൻകിട ബിസിനസുകാർക്ക് കേന്ദ്ര ധനമന്ത്രി നിരമല സീതാരാമൻ നേരത്തെ പ്രഖ്യാപിച്ച കോർപ്പറേറ്റ് നികുതി ഇളവുകൾ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരികയുംചെയ്യും.
വാഹനമേഖല
ഒക്ടോബർ ഒന്നുമുതൽ ഇന്ത്യയിലുടനീളം യൂനിഫോം വെഹിക്ൾ രജിസ്ട്രേഷൻ കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും നൽകും. പുതിയ ഡ്രൈവിങ് ലൈസൻസിന് ക്വിക് റെസ്‌പോൺസ് (ക്യു.ആർ) കോഡ്, നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (തൊട്ടടുത്ത ഇലക്ട്രോണിക് ഉപകരണവുമായി കമ്യൂണിക്കേറ്റ് ചെയ്യാനുള്ള സൗകര്യം) തുടങ്ങിയ സവിശേഷതകൾ ഉണ്ടായിരിക്കും. കാർഡിൽ പിടിപ്പിച്ചിട്ടുള്ള മൈക്രോചിപ്പ് വഴിയാണിത് സാധ്യമാവുക. കേന്ദ്രീകൃത ഓൺലൈൻ ഡാറ്റാബേസിൽ 10 വർഷം വരെ വാഹന ഉടമയുടെ രേഖകളും പിഴകളും നിലനിർത്താൻ ഈ മാറ്റങ്ങൾ സർക്കാരിനെ സഹായിക്കും.
ഭിന്നശേഷിയുള്ള ഡ്രൈവർമാരുടെ രേഖകൾ സൂക്ഷിക്കുന്നതിനും വാഹനങ്ങളിൽ വരുത്തിയ മാറ്റങ്ങൾ രേഖപ്പെടുത്തിവയ്ക്കാനും സൗകര്യമുണ്ടാകും. അവയവം ദാനം ചെയ്യുന്നതിന് വ്യക്തി സമ്മതപത്രം നൽകിയിട്ടുണ്ടൊ തുടങ്ങിയ സൂക്ഷ്മ വിവരങ്ങളും ഡേറ്റബേസിൽ ചേർക്കും. പുതിയ ആർ.സി കാർഡിൽ ഉടമയുടെ പേര് മുൻഭാഗത്ത് അച്ചടിക്കും. മൈക്രോചിപ്പും ക്യുആർ കോഡും കാർഡിെൻറ പുറകിലാകും ഉൾപ്പെടുത്തുക. ആർ.സി ഒഫീസുകളെ ഒരളവ്വരെ പേപ്പർലെസ്സ് ആക്കാൻ പുതിയ പരിഷ്കാരങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പെട്രോൾ പമ്പുകളിൽ ഇനി കിഴിവില്ല
പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കുള്ള കിഴിവുകൾ അവസാനിപ്പിക്കുകയാണ്. ഒക്ടോബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽവരും. ഡിജിറ്റൽ പേയ്‌മെൻറുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എണ്ണ കമ്പനികൾ ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾക്കും ഇ-വാലറ്റുകൾ ഉപയോഗിക്കുന്നവർക്കും കിഴിവുകൾ നൽകിയിരുന്നു. ഡെബിറ്റ് കാർഡുകളിലെയും മറ്റ് ഡിജിറ്റൽ പേയ്‌മെൻറുകളിലെയും കിഴിവുകൾ തുടരാനും ക്രെഡിറ്റ് കാർഡുകളിലേത് അവസാനിപ്പിക്കാനുമാണ് പുതിയ തീരുമാനം.
എസ്.ബി.ഐ കൂടുതൽ ഇളവ് നൽകും
ഒക്ടോബർ ഒന്നുമുതൽ പ്രതിമാസ ശരാശരി ബാലൻസ് കുറയ്ക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. മെട്രോ, നഗര കേന്ദ്രങ്ങളിൽ അകൗണ്ടുള്ളവർക്ക് ശരാശരി ബാലൻസ് 3,000 രൂപയും ഗ്രാമീണ ശാഖകൾക്ക് 1000 രൂപയും ആയിരിക്കും. ഈ തുക നിലനിർത്തുന്നതിൽ പരാജയപ്പെടുന്നവർക്കുള്ള പിഴയും കുറച്ചിട്ടുണ്ട്. ഒരു ഉപഭോക്താവ് മെട്രോ, അർബൻ സെൻറർ ബ്രാഞ്ചുകളിൽ എഎംബിയായി 3,000 രൂപ നിലനിർത്തുന്നതിൽ പരാജയപ്പെടുകയും തുക 50 ശതമാനം കുറയുകയും ചെയ്താൽ 10 രൂപയും ജിഎസ്ടിയും പിഴയായി ഈടാക്കും. തുക 50-75 ശതമാനത്തിൽ കുറയുകയാണെങ്കിൽ 12 രൂപയും ജിഎസ്ടിയും ആയിരിക്കും പിഴ. തുക 75 ശതമാനത്തിലധികം കുറയുകയാണെങ്കിൽ 15 രൂപയും ജിഎസ്ടിയും നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.