വാഹന വിപണിയിൽ കരുത്തിന്റെയും അഴകിന്റെയും സാങ്കേതികതയുടെയും അവതാരമായി പിറവിയെടുത്ത മഹീന്ദ്ര സ്കോർപിയോ പുതുതലമുറയെ വരുതിയിലാക്കാൻ പുത്തൻ ലുക്കിൽ എത്തുന്നു. സ്കോർപിയോ -എൻ എന്ന് പേരിട്ട ന്യൂജെൻ എസ്.യു.വി ജൂൺ 27ന് പുറത്തിറങ്ങും. നിലവിലെ മോഡൽ മഹീന്ദ്ര ക്ലാസിക് എന്ന പേരിൽ നിരത്തിൽ തുടരും.
ഡീസൽ, പെട്രോൾ എൻജിനുകളിൽ മാന്വൽ, ഓട്ടോമാറ്റിക്, ഫോർവീൽ ഡ്രൈവിങ് സംവിധാനങ്ങളിൽ അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായാണ് സ്കോർപിയോ -എൻ അവതരിക്കുക. പുതിയ ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് ആധുനിക സവിശേഷതകളും ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി സ്‌കോർപിയോ -എൻ ഒരുക്കിയിരിക്കുന്നത്. പുതിയ ഗ്രില്ലിൽ തുടങ്ങുന്ന മാറ്റം ഹെഡ് ലൈറ്റിലും ഫോഗ്‍ലാമ്പിലുമെല്ലാം കാണാം.
പുതിയ ഗ്രില്ലിന് ആറ് അഴികളും മധ്യഭാഗത്ത് പുതിയ മഹീന്ദ്ര ലോഗോയും ഉണ്ട്. എൽ.ഇ.ഡി ട്വിൻ-പോഡ് പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും സി ആകൃതിയിലുള്ള എൽ.ഇ.ഡി ഫോഗ് ലൈറ്റുകളും ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്നതാണ്. മുൻവശത്തും ഡോർ ഹാൻഡിലുകളുടെ വശത്തും ക്രോമിന്റെ ഡാഷ് ഉണ്ട്. ബ്ലാക്ക് ക്ലാഡിങ്ങും സിൽവർ ഹൈലൈറ്റുകളും ആകർഷണം വർധിപ്പിക്കുന്നു.
ബെൽറ്റ്‌ലൈനിലെ ക്രോം ആക്‌സന്റുകൾ പ്രീമിയം സ്പർശം നൽകുന്നു. 18 ഇഞ്ച് അലോയ് വീലുകൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിങ്, ആപ്പിൾ കാർപ്ലേ, ഡ്യുവൽ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി കാമറ വ്യൂ, വലിയ പനോരമിക് സൺറൂഫ് എന്നിവയും സ്കോർപിയോ -എന്നിന്റെ സവിശേഷതയാകും. മഹീന്ദ്ര XUV700ൽ നിന്നുള്ള അതേ പവർട്രെയിൻ ഓപ്ഷനുകളിലായിരിക്കും പുതിയ മഹീന്ദ്ര സ്കോർപിയോ-എൻ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.