അദ്ഭുതം ഒളിപ്പിച്ച് അടുത്ത തലമുറ സ്വിഫ്റ്റും ഡിസയറും; ഒരു ലിറ്റർ പെട്രോളിൽ 35 മുതൽ 40 കിലോമീറ്റർവരെ മൈലേജ്

പൂർണമായും ഇലക്ട്രിക് ആവാതെ ഹൈബ്രിഡ് പരീക്ഷണങ്ങൾ തുടരുമെന്ന് വ്യക്തമാക്കി മാരുതി സുസുകി. പുതിയ ഗ്രാൻഡ് വിറ്റാര എസ്.യു.വിയുടെ വിജയമാണ് ഹൈബ്രിഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്. വരാനിരിക്കുന്നത് സ്വിഫ്റ്റ്, ഡിസയർ വാഹനങ്ങളുടെ സങ്കരയിനം മോഡലുകളാണ്. വമ്പൻ ഇന്ധനക്ഷമതയായിരിക്കും ഈ വാഹനങ്ങളുടെ പ്രത്യേകത.

ഹൈബ്രിഡ് സ്വിഫ്റ്റ്, ഡിസയർ മോഡലുകൾ 2024ന്റെ ആദ്യ പാദത്തിൽ അവതരിപ്പിക്കാൻ മാരുതി ലക്ഷ്യമിടുന്നതായി ഓട്ടോക്കാർ ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജനപ്രിയ ഹാച്ച്‌ബാക്കിന്റെയും കോംപാക്റ്റ് സെഡാന്റെയും അടുത്ത തലമുറ പതിപ്പുകൾ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളായിരിക്കുമെന്നാണ് വിവരം.

സ്ട്രോങ് ഹൈബ്രിഡ്

പരമ്പരാഗതമായ മൈൽഡ് ഹൈബ്രിഡുകൾക്കുപകരം സ്ട്രോങ് ഹൈബ്രിഡായിരിക്കും ഇനിമുതൽ കമ്പനി അവതരിപ്പിക്കുക. രണ്ട് മോഡലുകളും ലക്ഷ്യമിടുന്നത് 35-40kpl ഇന്ധനക്ഷമതയാണ്. ഇതോടൊപ്പം സ്റ്റാൻഡേർഡ് പെട്രോൾ, സിഎൻജി പതിപ്പുകൾ തുടരും.

വൈ.ഇ.ഡി എന്ന കോഡ്‌നാമത്തിൽ അറിയപ്പെടുന്ന, കോം‌പാക്റ്റ് കാറുകൾക്ക് പുതിയ സുസുകി 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ (Z12E എന്ന കോഡ് നാമം) ലഭിക്കും. ഇത് നിലവിലെ K12C എഞ്ചിനിൽ നിന്ന് വ്യത്യസ്തമായി മൂന്ന് സിലിണ്ടർ യൂനിറ്റായിരിക്കും. ഗ്രാൻഡ് വിറ്റാരയിലും അർബൻ ക്രൂസർ ഹൈറൈഡറിലും ഇതിനകം വന്നിട്ടുള്ള ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയായിരിക്കും ഇവിടേയും ഉപയോഗിക്കുക. ഗ്രാൻഡ് വിറ്റാരയേക്കാൾ ചെറു വാഹനങ്ങളായതിനാൽ സ്വിഫ്റ്റ്, ഡിസയർ മോഡലുകൾക്ക് ഇന്ധനക്ഷമത വർധിക്കും.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകൾ

അടുത്ത തലമുറ സ്വിഫ്റ്റ്, ഡിസയർ ഹൈബ്രിഡുകൾ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സ്വിഫ്റ്റിനും ഡിസയറിനും പെട്രോൾ പവർട്രെയിനുകളിൽ പരമാവധി ഇന്ധന ക്ഷമത യഥാക്രമം 22.56kpl ഉം 24.1kpl ഉം ആണ്. മാരുതി ഗ്രാൻഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡിന് 27.97kpl റേറ്റിംഗ് ഉണ്ട്. ഇതിലെല്ലാം മികച്ച മൈലേജ് ആണ് പുതിയ വാഹനങ്ങളിൽ മാരുതി വാഗ്ദാനം ചെയ്യുന്നത്. 

Tags:    
News Summary - Next gen Maruti Swift, Dzire to get 35kpl+ strong hybrid option

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.