ദോഹ: ആഡംബരത്തിന്റെ അവസാന വാക്കുകളെന്ന് വിശേഷിപ്പിക്കാവുന്ന വാഹനങ്ങളുടെ അതുല്യശേഖരത്തിന് സാക്ഷിയാകണോ... എങ്കിൽ, ഇനിയുള്ള ദിവസങ്ങൾ ഖത്തറിലെ സ്വദേശികൾക്കും പ്രവാസികൾക്കും അതിനുള്ളതാണ്. ലോകപ്രശസ്തമായ ജനീവ മോട്ടോർഷോയുടെ ഖത്തർ പതിപ്പിന് വ്യാഴാഴ്ച ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കം കുറിക്കുന്നു. ഒക്ടോബർ അഞ്ചു മുതൽ 14 വരെ പത്തു ദിവസമാണ് ലോകോത്തര വാഹനനിർമാതാക്കളെല്ലാം പത്തരമാറ്റ് പകിട്ടോടെ അണിനിരക്കുന്നത്.
സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന അന്താരാഷ്ട്ര മോട്ടോർ ഷോ (ജിംസ്) ആദ്യമായാണ് മാതൃരാജ്യം വിട്ട് പുറത്തെത്തുന്നത്. അതാവട്ടെ, വാഹനപ്രിയരുടെ സ്വന്തം നാടായ ഖത്തറിലേക്കും. 10,000 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള ഡി.ഇ.സി.സിയിലെ പ്രദർശനനഗരിയിൽ ടൊയോട്ട, ലക്സസ്, പോർഷെ, ഫോക്സ് വാഗൺ, കിയ, ഓഡി, ലംബോർഗിനി, ബി.എം.ഡബ്ല്യു, മക്ലാരൻ, മേഴ്സിഡസ് ബെൻസ്, വിൻഫാസ്റ്റ്, ചെറി തുടങ്ങി 31 ലോകോത്തര ബ്രാൻഡുകളാണ് പങ്കെടുക്കുന്നത്. ഷോയുടെ ഭാഗമായി പത്തിലധികം വേൾഡ് പ്രീമിയർ മോഡലുകളും 20ലധികം റീജനൽ മോഡലുകളും പുതുതായി അവതരിപ്പിക്കും.
ഇതിനുപുറമെ, ഖത്തർ ദേശീയ മ്യൂസിയത്തിൽ ഫ്യൂച്ചർ ഡിസൈൻ ഫോറവും സീലൈനിൽ ഓഫ്റോഡ് സവാരി, ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ റൈഡ് ആൻഡ് ഡ്രൈവ്, ക്ലാസിക് ഓട്ടോമൊബീലുകളുടെ ഗാലറി, ലുസൈൽ ബൗളെവാഡിൽ ആഡംബര കാറുകളുടെ പരേഡ് എന്നിവയും അരങ്ങേറുന്നുണ്ട്.
ഒക്ടോബർ 12ന് രാത്രി ഏഴിന് ബൗളെവാഡിൽ നടക്കുന്ന പരേഡിൽ 100 ഡ്രീം കാറുകളും അപൂർവ മോഡൽ കാറുകളും പങ്കെടുക്കും. വ്യാഴാഴ്ച തുടക്കംകുറിക്കുമെങ്കിലും ശനിയാഴ്ച മുതലാണ് പൊതുജനങ്ങൾക്ക് വിവിധ പ്രദർശനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങളിൽ 50 റിയാൽ നിരക്കിലാണ് ഡി.ഇ.സി.സിയിലേക്ക് പ്രവേശനം നിയന്ത്രിക്കുന്നത്. പ്രവൃത്തിദിനങ്ങളിൽ സൗജന്യമായിരിക്കും.
ഡി.ഇ.സി.സിയിൽ പ്രവേശനം ഇങ്ങനെ
വാരാന്ത്യ അവധി ദിനങ്ങളിൽ 50 റിയാൽ (ഒക്ടോബർ 7, 12, 13, 14)
പ്രവൃത്തിദിനങ്ങളിൽ സൗജന്യം (ഒക്ടോബർ 8, 9, 10, 11)
സമയം: ഞായർ മുതൽ വെള്ളി വരെ ഉച്ച രണ്ടു മുതൽ രാത്രി 10 വരെ, ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.